Tuesday, April 8, 2014

കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടും: പിണറായി വിജയന്‍

കോണ്‍ഗ്രസിനെ അമ്പരപ്പിക്കുന്ന ജനവിധിയാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപിയിതര-കോണ്‍ഗ്രസിതര ഭരണം വരും. കേരളം അതിലേക്ക് നിര്‍ണായക സംഭാവന നല്‍കും. മറ്റെല്ലാ പരിഗണനകളും മാറ്റിവച്ചുള്ള സര്‍ക്കാര്‍വിരുദ്ധ വികാരം കേരളത്തിലങ്ങോളമിങ്ങോളം പ്രകടമാണ്. കേരളത്തിന്റെ ഇടതുപക്ഷ മനസ്സാണ് തെരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുക-സംസ്ഥാനത്തുടനീളം തെരഞ്ഞെടുപ്പു സ്ഥിതിഗതികള്‍ വിലയിരുത്തി പര്യടനം പൂര്‍ത്തിയാക്കിയ പിണറായി "ദേശാഭിമാനി"യോട് പറഞ്ഞു.

രാജ്യത്ത് അലയടിക്കുന്നത് യുപിഎ വിരുദ്ധ തരംഗമാണ്. അഞ്ചുവര്‍ഷത്തെ യുപിഎ ഭരണം ജനങ്ങള്‍ക്ക് ജീവിക്കാനാകാത്ത അവസ്ഥയാണുണ്ടാക്കിയത്. വിലക്കയറ്റം കുടുംബ ബജറ്റുകളെ താറുമാറാക്കി. പാവപ്പെട്ടവന്റെ അവകാശമായ സബ്സിഡികള്‍ വെട്ടിച്ചുരുക്കി സമ്പന്നരെ ഊട്ടുകയാണ്. അഞ്ചുവര്‍ഷത്തിനിടെ 78,000 കോടി രൂപയുടെ സബ്സിഡി വെട്ടിക്കുറച്ചു; കോര്‍പറേറ്റുകള്‍ക്ക് 23 ലക്ഷം കോടി രൂപയുടെ സൗജന്യം നല്‍കി. 5.5 ലക്ഷം കോടിയുടെ അഴിമതിയാണ് പുറത്തുവന്നത്. കാര്‍ഷികത്തകര്‍ച്ചയും വ്യവസായ മുരടിപ്പും തൊഴിലില്ലായ്മയും-ഇങ്ങനെ നവ ലിബറല്‍ നയങ്ങളുടെ കൂടപ്പിറപ്പുകളായ എല്ലാ ദുരിതവും ഇന്ത്യയിലുണ്ട്. ഇതിനുത്തരവാദി ഭരണത്തെ നയിക്കുന്ന കോണ്‍ഗ്രസാണെന്ന് തിരിച്ചറിഞ്ഞ ജനം പ്രതികാരംചെയ്യാനുള്ള സന്ദര്‍ഭമായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്.

കേരളത്തിലാകട്ടെ, ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ എല്ലാ കൊള്ളരുതായ്മകളുടെയും കൂടാരമാണ്. യുഡിഎഫ് ഭരണത്തെക്കുറിച്ച് ഓര്‍ക്കുന്നതുതന്നെ അശ്ലീലമായാണ് ജനങ്ങള്‍ കാണുന്നത്. കേന്ദ്ര ഭരണത്തിന്റെ ജനദ്രോഹം വര്‍ധിച്ച ക്രൗര്യത്തോടെ കേരളത്തിനുമേല്‍ പ്രയോഗിക്കുകയാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍. അസഹ്യമായ ഈ അവസ്ഥയില്‍നിന്ന് കുതറി മാറാനുള്ള സന്ദര്‍ഭമാണ് കേരളീയര്‍ക്ക് തെരഞ്ഞെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അന്ത്യവിധികൂടിയാകുമെന്നര്‍ഥം.

? രാഷ്ട്രീയ പാര്‍ടികളുടെ ശാക്തിക ബലാബലത്തില്‍ കാര്യമായ മാറ്റം കേരളത്തില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഇത് തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമല്ലേ? കേരളത്തിലെ ജനങ്ങളില്‍ പത്ത് ശതമാനത്തില്‍ താഴെ ഒഴിച്ചുനിര്‍ത്തിയാല്‍ എപ്പോഴും വ്യക്തമായ രാഷ്ട്രീയപക്ഷം പുലര്‍ത്തുന്നവരല്ലേ.

പിണറായി: ശാക്തിക ബലാബലത്തിലെ മാറ്റം ഏതെങ്കിലും കക്ഷികളുടെ ചേരിമാറ്റംകൊണ്ടുമാത്രം സംഭവിക്കുന്നതല്ല. കേരളത്തില്‍ വ്യക്തമായ രണ്ട് ചേരികളുണ്ട്. ഇടതുപക്ഷവും ഇടതുവിരോധത്തിന്റെ പക്ഷവും. അത് സുവ്യക്തമായ വിഭജനമാണ്. ഇടതുപക്ഷത്തെ കഠിനമായി എതിര്‍ക്കുന്ന ജനവിഭാഗങ്ങള്‍ ആ നിലപാട് ഉപേക്ഷിക്കുന്നു എന്നതാണ് സമീപ നാളുകളിലെ പ്രവണത. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഞങ്ങളുടെ ശരിയായ രാഷ്ട്രീയ നിലപാടുകളാണ് ഇതിന്റെ പ്രധാന ഹേതു. വലതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയം മറ്റൊന്ന്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ചു പുറത്തുവന്ന കെ ആര്‍ ഗൗരിയമ്മയും സിഎംപിയും പറയുന്നത് ശ്രദ്ധിച്ചില്ലേ? അവര്‍ക്ക് അവിടെ ഒരു നിമിഷം തുടരാനാവാത്ത സ്ഥിതിയാണുണ്ടായത്. ചില തെറ്റിദ്ധാരണകളുടെ പേരില്‍ ഞങ്ങളില്‍ നിന്നകന്നുപോയവര്‍ തിരികെ വരികയാണ്. ഞങ്ങള്‍ക്കെതിരെ സംഘടിതമായ വലതുപക്ഷ-മാധ്യമ ആക്രമണം നടക്കുന്ന ഘട്ടത്തിലാണ് ഈ തിരിച്ചുവരവെന്നോര്‍ക്കണം. രാഷ്ട്രീയ ശാക്തിക ബലാബലത്തില്‍ ഇടതുപക്ഷം ഗണ്യമായ മുന്‍തൂക്കം നേടി എന്നാണിത് തെളിയിക്കുന്നത്്. ഒരു കക്ഷിയിലുംപെടാത്ത പത്തുശതമാനമെന്ന് പറഞ്ഞല്ലോ- അവരും ഇടതുപക്ഷത്തോടൊപ്പം നില്‍ക്കാനാണ് കൂടുതലായി ആഗ്രഹിക്കുന്നത്. അത് ദുര്‍ഭരണത്തിലുള്ള മടുപ്പുകൊണ്ടാണ്. അതില്‍നിന്ന് രക്ഷപ്പെടണം; ജനപക്ഷഭരണം വരണം എന്ന ഉല്‍ക്കടമായ ആഗ്രഹംകൊണ്ടാണ്.

? ആര്‍എസ്പി വിട്ടുപോയില്ലേ? അത് ക്ഷീണമല്ലേ.

അതൊരു കച്ചവടമായിരുന്നു. ഗൂഢമായി നടക്കുന്ന കച്ചവടത്തിലൂടെ മാറാന്‍ കഴിയുന്നതല്ല ആളുകളുടെ രാഷ്ട്രീയ ബോധ്യം. ഏതാനും നേതാക്കളുടെ വഞ്ചന ആര്‍എസ്പിയുടെ അണികളുടെ മനംമാറ്റമായി കരുതേണ്ടതില്ല. ആ പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കിയതും അതുതന്നെയാണ്. എല്‍ഡിഎഫിന് ക്ഷീണമില്ല. രാഷ്ട്രീയ കുതിരക്കച്ചവടം പുറത്തുവന്നതുകൊണ്ട് യുഡിഎഫിനകത്താണ് കുഴപ്പം. പ്രേമചന്ദ്രന്റെയും സംഘത്തിന്റെയും ചതിക്ക് കൊല്ലത്തെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ മറുപടി പറയുന്നത് നമുക്ക് കാണാം.

? കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ മറയാക്കി എല്‍ഡിഎഫ് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നാണല്ലോ യുഡിഎഫ് നേതാക്കള്‍ ആക്ഷേപിക്കുന്നത്.

കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമ്പോഴുണ്ടാകുന്ന വേവലാതിയാണത്. ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണ്. പരിസ്ഥിതി സംരക്ഷണകാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അപ്രായോഗികമാണ്. അതും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും റദ്ദാക്കി മനുഷ്യനും മണ്ണിനും മുറിവേല്‍ക്കാത്ത പദ്ധതിയാണ് സിപിഐ എം വിഭാവനം ചെയ്യുന്നത്. അക്കാര്യം പ്രകടന പത്രികയില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം മറ്റൊന്നാണ്. ഇതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി എത്ര കള്ളങ്ങള്‍ സമീപ നാളുകളില്‍ പറഞ്ഞു എന്ന് നോക്കുക. ഇത് തിരിച്ചറിയുന്നതുകൊണ്ടാണ് മലയോര ജനത ഞങ്ങളോടൊപ്പം നില്‍ക്കുന്നത്. കര്‍ഷകരെ ബാധിക്കുന്ന പ്രധാന പ്രശ്നത്തില്‍ ആര്‍ജവമുള്ള നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയ ദുരുപയോഗമല്ല, ശരിയായ രാഷ്ട്രീയമാണ്.

? എ കെ ആന്റണി കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പോകുന്നുമില്ല. യുഡിഎഫിന്റെ പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നതും ആന്റണിയാണ്. ഇത് എല്‍ഡിഎഫിന് ക്ഷീണം ചെയ്യില്ലേ.

കോണ്‍ഗ്രസിനെതിരായ അതിശക്തമായ ജനവികാരം തണുപ്പിക്കാനുള്ള എന്ത് മാന്ത്രിക വിദ്യയാണ് ആന്റണിയുടെ കൈയിലുള്ളത്. കേരളത്തിലേക്ക് നിക്ഷേപം കൊണ്ടുവരാന്‍ ഭയപ്പെടുന്നുവെന്ന് ഇതേ ആന്റണിയാണ് പറഞ്ഞത്. ഈ യുഡിഎഫ് സര്‍ക്കാരിനെ അദ്ദേഹം അങ്ങനെയാണ് കാണുന്നത്്. യുപിഎ സര്‍ക്കാരിന്റെ പ്രധാന നായകന്‍കൂടിയായ ആന്റണി സ്വന്തം ഭരണത്തെക്കുറിച്ച് മിണ്ടുന്നില്ല. ഇവിടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പറഞ്ഞു പഴകി കാലഹരണപ്പെട്ട വിഷയങ്ങള്‍ ആവര്‍ത്തിച്ച് പ്രചാരണത്തിനിറങ്ങിയ ആന്റണിക്ക് യുഡിഎഫിന്റെ ക്ഷീണം തീര്‍ക്കാന്‍ കഴിഞ്ഞാലല്ലേ എല്‍ഡിഎഫിന് ക്ഷീണമുണ്ടാക്കാന്‍ കഴിയുക.

? വി എം സുധീരന്‍ വന്നതോടെ ഒറ്റക്കെട്ടായി നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയെ തോല്‍പ്പിക്കുമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.

ആദര്‍ശം അവസരാധിഷ്ഠിതമാണെന്ന് പ്രസിഡന്റായതോടെ സുധീരന് തുറന്നു പറയേണ്ടിവന്നു. നേരത്തെ പറഞ്ഞുവന്ന "നിലപാടുകള്‍" പ്രസിദ്ധിക്കുവേണ്ടിമാത്രമാണ് എന്ന് സമ്മതിക്കുന്നതിന് തുല്യമാണത്. സുധീരനാണ് മാറിയത്-കോണ്‍ഗ്രസിന്റെ ജനവിരുദ്ധമുഖമല്ല. ആ പാര്‍ടി ഒറ്റക്കെട്ടാണോ അല്ലയോ എന്നത് ഞാന്‍ പറയേണ്ട വിഷയമല്ല. പക്ഷേ, അതിന് ഇന്ന് കേരളത്തില്‍ ഒരു സീറ്റില്‍പോലും ജയിക്കാനുള്ള ശേഷിയില്ല; സാധ്യതയുമില്ല. ഏതെങ്കിലും വ്യക്തിയുമായി ബന്ധപ്പെടുത്തി അതിനെ വിലയിരുത്തുന്നില്ല. അതൊക്കെ കോണ്‍ഗ്രസുകാര്‍തന്നെ ചെയ്തുകൊള്ളും.

? സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. എന്നാല്‍,പ്രതിസന്ധിയില്ലെന്നും സാമ്പത്തികഞെരുക്കംമാത്രമേ ഉള്ളൂവെന്നുമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്.

കടംവാങ്ങിയിട്ടും സഹകരണ ബാങ്കുകളില്‍ കൈയിട്ടു വാരിയിട്ടും ശമ്പളംപോലും കൃത്യമായി കൊടുക്കാന്‍ കഴിയാത്ത അവസ്ഥയെ; പഞ്ചായത്തുകളുടെ തൊഴിലുറപ്പു പദ്ധതി ഫണ്ട് പോലും പിടിച്ചുപറിക്കുന്ന അവസ്ഥയെ മലയാളത്തില്‍ ഞെരുക്കം എന്ന് വിളിക്കുമെന്നത് പുതിയ അറിവാണ്. അഗതികളുടെ പെന്‍ഷന്‍ തടയുന്നതും പാവങ്ങള്‍ക്ക് എടുത്ത ജോലിക്ക് കൂലികൊടുക്കാന്‍ കഴിയാത്തതുമായ ഈ സവിശേഷമായ "ഞെരുക്കം" യുഡിഎഫിനെയും ഞെരുക്കുന്നത് നമുക്ക് തെരഞ്ഞെടുപ്പില്‍ കാണാം.

? മുഖ്യമന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ ജസ്റ്റിസ് ഹാറൂണ്‍ റഷീദിനെ കോണ്‍ഗ്രസ് നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചു. അനുകൂലിക്കുന്നുണ്ടോ.

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത വിധിയുണ്ടാകുമ്പോള്‍ ജഡ്ജിമാരെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും വരിഞ്ഞുമുറുക്കുന്നതും കോണ്‍ഗ്രസിന്റെ രീതിയാണ്്. 2ജി സ്പെക്ട്രമടക്കം അഴിമതിക്കേസുകളില്‍ കോടതി ശക്തമായ നിലപാടെടുത്തപ്പോള്‍ അഖിലേന്ത്യാ തലത്തില്‍തന്നെ കോണ്‍ഗ്രസ് ജഡ്ജിമാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുന്നു. വിധിയെ നിയമപരമായി ചോദ്യംചെയ്യുന്നതിന് പകരം ജഡ്ജിയെ അധിക്ഷേപിക്കുന്ന രീതി ജുഡീഷ്യറിയിലും സമൂഹത്തിലാകെയും വെറുപ്പാണുളവാക്കിയത് എന്ന് ജസ്റ്റിസിെന്‍റ വാക്കുകളില്‍നിന്ന് വ്യക്തമാകുന്നുണ്ട്്. ഇതേ ജഡ്ജിയുടെ ഒരു വിധിന്യായംവച്ചാണ് ഉമ്മന്‍ചാണ്ടിക്ക് കോടതിയുടെ ക്ലീന്‍ചിറ്റ് ലഭിച്ചു എന്ന് യുഡിഎഫ് ആഘോഷിച്ചത്. അനുകൂല വിധിയുണ്ടാകുമ്പോള്‍ ജഡ്ജി മഹാനും വിധി പ്രതികൂലമാകുമ്പോള്‍ കൊള്ളരുതാത്തവനുമാകുന്ന കോണ്‍ഗ്രസിന്റെ രീതി അവസരവാദത്തേക്കാള്‍ എത്രയോ തരംതാഴ്ന്നതാണ്.

? ഈ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പ്രകടനം.

എതിരാളികളുടെ കണ്ണഞ്ചിപ്പിക്കുന്നതായിരിക്കും.

? മാധ്യമ സഹായമുണ്ടോ.

യുഡിഎഫിനുണ്ട്.

? ആര്‍എംപി എല്‍ഡിഎഫിന് ക്ഷീണംചെയ്യുമോ?

അവര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍. യുഡിഎഫിന് അങ്ങനെ ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. പക്ഷേ, ചീറ്റിപ്പോയി. യുഡിഎഫിന്റെ ഓരംപറ്റി നില്‍ക്കുന്നവര്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിവില്ല. യുഡിഎഫ് പറയുന്നത് അവര്‍ ആവര്‍ത്തിക്കുന്നു എന്നേയുള്ളൂ.

? കൊലപാതക രാഷ്ട്രീയത്തെക്കുറിച്ചാണ് യുഡിഎഫ് പ്രചാരണം.

അവര്‍ സ്വന്തം കൊലപാതക രാഷ്ട്രീയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. തൃശൂരില്‍ ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മിണ്ടുന്നില്ല. നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസ് ഇപ്പോള്‍ യുഡിഎഫ് തെരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസാണെന്നറിഞ്ഞു. കൊലപാതക രാഷ്ട്രീയത്തെക്കുറച്ചുള്ള പ്രചാരണം യുഡിഎഫിനെതന്നെ ക്ഷീണിപ്പിക്കും.

? ലോക്സഭാ തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ഭാവി ഭാവിയില്ല.

ഞങ്ങള്‍ കാലുമാറ്റത്തിനും കൂറുമാറ്റത്തിനുമൊന്നുമില്ല. കോടതിവിധിയും ശകാരങ്ങളും കേസും ആരോപണവും ജനരോഷത്തിന്റെ വേലിയേറ്റവും സ്വന്തം ചേരിയില്‍നിന്നുള്ള കടുത്ത എതിര്‍പ്പുമെല്ലാമുണ്ടായിട്ടും അധികാരത്തില്‍ കടിച്ചു തൂങ്ങിയ ഉമ്മന്‍ചാണ്ടിക്ക് അതേ അനുഭവമാകില്ല തെരഞ്ഞെടുപ്പു ഫലത്തിനുശേഷം.

പി എം മനോജ്

No comments:

Post a Comment