Tuesday, April 1, 2014

പാവങ്ങള്‍ക്കുള്ള സര്‍ക്കാര്‍ വരണം: ബിഷപ് യൗസേബിയോസ്

തൃശൂര്‍: പാവങ്ങളോട് പക്ഷം ചേരുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നതാണ് മുഖ്യ രാഷ്ട്രീയ വിഷയമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ ബിഷപ് കുര്യാക്കോസ് മോര്‍ യൗസേബിയോസ്. "കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും വേണ്ടിയുള്ള ഭരണമാണ് ഇന്ത്യയില്‍ കാലങ്ങളായി നടക്കുന്നത്. ഇത് കര്‍ഷകരേയും തൊഴിലാളികളേയും പിന്നോക്കക്കാരേയും ആദിവാസികളേയുമെല്ലാം കൂടുതല്‍ ദരിദ്രരാക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ കാഴ്ചപ്പാടുകള്‍ "ദേശാഭിമാനി"യുമായി പങ്കുവയ്ക്കുകയായിരുന്നു ബിഷപ്. നമ്മുടെ പൈതൃകത്തെയും പ്രകൃതിയേയും വരെ ചൂഷണം ചെയ്യുന്നു. രാജ്യം പുരോഗമിക്കുന്നു എന്നു പറയുമ്പോഴും പട്ടിണി വളരുന്നുവെന്നത് ഭരണത്തിന്റെ വീഴ്ചയാണ്. തെറ്റായ നയങ്ങള്‍ക്കും അഴിമതിക്കും കോര്‍പേറേറ്റ്വല്‍ക്കരണത്തിനും എതിരായ ജനവിധിയാകണം ഈ തെരഞ്ഞെടുപ്പ്"- ബിഷപ് പറഞ്ഞു.

പാവങ്ങളെ ഉദ്ധരിക്കാത്ത ഒരു ഭരണസംവിധാനത്തെയും ക്രിസ്തുവും സഭയും അംഗീകരിക്കുന്നില്ല. ദുഃഖിതരേ, പീഡിതരേ നിങ്ങള്‍ എന്നോടൊപ്പം വരൂ എന്നു പറഞ്ഞ ക്രിസ്തുവിന്റെ പക്ഷം ഏതെന്ന് പറയേണ്ടതില്ല. ഞങ്ങള്‍ സഭാമേധാവികള്‍ ഒരു രാഷ്ട്രീയ കക്ഷിയേയും പിന്തുണയ്ക്കണമെന്ന് പറയാറില്ല. എന്നാല്‍ സഭാവിശ്വാസികള്‍ നല്ല രാഷ്ട്രീയബോധമുള്ളവരും നാടിന്റെ അവസ്ഥ മനസ്സിലാക്കി പ്രതികരിക്കുന്നവരുമാണ്. ഇന്ന് നമ്മുടെ രാജ്യത്തെ ഭരണവര്‍ഗ നയങ്ങള്‍ വിശ്വാസികളുടെ താല്‍പ്പര്യങ്ങളെക്കൂടി ഹനിക്കുന്നതാണ്. വര്‍ഗീയതയും അതിന്റെ പേരിലുള്ള രാഷ്ട്രീയവും ഒരുകാലത്തും നാടിന് ഗുണം ചെയ്യില്ല. വര്‍ഗീയ ഫാസിസത്തെ ഏതുകാലത്തും ക്രിസ്ത്യാനികള്‍ എതിര്‍ത്തിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യംകൂടി സംരക്ഷിക്കാന്‍ മനഃസ്ഥിതിയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരേണ്ടത്- ബിഷപ് തുടര്‍ന്നു.

ഇന്ത്യ ഇന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ അഴിമതിയുടെ പേരിലാണ് കുപ്രസിദ്ധം. ടുജി, കല്‍ക്കരി, ആദര്‍ശ്...തുടങ്ങി കോടാനുകോടികളുടെ അഴിമതികള്‍. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാകേണ്ട സമ്പത്താണ് കോര്‍പറേറ്റുകളുടെ സംരക്ഷണയില്‍ ഭരണനേതാക്കളും ബ്യൂറോക്രാറ്റുകളും തട്ടിയെടുക്കുന്നത്. നാട് ഭരിച്ച പല ഭരണാധികാരികളും ശിഷ്ടജീവിതം ജയിലില്‍ കിടന്നാലും ചെയ്ത പാപം തീരില്ല. വടക്കേ ഇന്ത്യയില്‍ കര്‍ഷകന് ഭൂമി തന്നെ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. സബ്സിഡികള്‍ നിര്‍ത്തലാക്കി കടം വന്നു മുടിഞ്ഞ കര്‍ഷകന്‍ ഭൂമി വില്‍ക്കുന്നു. പിന്നെയും പിടിച്ചു നില്‍ക്കാനാവാതെ ആത്മഹത്യ ചെയ്യുന്നു. കര്‍ഷക ആത്മഹത്യകളുടെ നാടായി ഭാരതം മാറിയതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുരോഗതി.

കേരളത്തിന്റെ അവസ്ഥയും ഒട്ടും ആശാവഹമല്ല. സലീംരാജുമാരെ വളര്‍ത്തുന്നതും അവര്‍ ഭരണം നിയന്ത്രിക്കുന്നതുമായ അവസ്ഥ എത്ര ലജ്ജാകരമാണ്. ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ കേരള ഭരണത്തെക്കുറിച്ചാണല്ലോ എന്നോര്‍ത്ത് സങ്കടംതോന്നുന്നു. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തുകയല്ല. എന്നാല്‍ ഇവരില്‍നിന്നൊന്നും ഇങ്ങനെയല്ല ജനം പ്രതീക്ഷിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വരെ സുരക്ഷയില്ലാത്ത നാടായി കേരളം മാറി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കര്‍ഷകര്‍ വലിയ ഉല്‍ക്കണ്ഠയിലാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കണം. മനുഷ്യനെ സംരക്ഷിച്ചുളള പ്രകൃതി സംരക്ഷണമാണ് അഭികാമ്യം. പശ്ചിമഘട്ട സംരക്ഷണത്തിന് എല്ലാ തലങ്ങളിലുമുള്ള സുദീര്‍ഘമായ പഠനം നടത്തിവേണം മാര്‍ഗരേഖ തയ്യാറാക്കാന്‍. അല്ലാതെ ധൃതിപിടിച്ച് പരിസ്ഥിതി മന്ത്രാലയം നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചാല്‍ കര്‍ഷകരും കുടിയേറ്റക്കാരും പ്രതിഷേധിക്കുമെന്നതില്‍ സംശയമില്ല. സാമൂഹ്യനീതി ഉറപ്പാക്കാനാണ് കേരള സര്‍ക്കാരും ശ്രമിക്കേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രബുദ്ധ കേരളം യഥാര്‍ഥ്യങ്ങളെ വിലയിരുത്തി തിന്മകള്‍ക്കും തെറ്റുകള്‍ക്കുമെതിരായി സമ്മതിദാനാവകാശം വിനിയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഷപ് യൗസേബിയോസ് പറഞ്ഞു.

വി എം രാധാകൃഷ്ണന്‍ deshabhimani

No comments:

Post a Comment