Tuesday, April 1, 2014

ഉമ്മന്‍ചാണ്ടിഭരണത്തില്‍ ആര്‍ക്കും കിടപ്പാടം നഷ്ടപ്പെടാം: എ കെ നൗഷാദ്

ഭൂമാഫിയകളുടെ ഒത്താശക്കാരായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ സംസ്ഥാനത്തെ ആരും ഏതു നിമിഷവും കിടപ്പാടം നഷ്ടപ്പെടുന്നവരായി മാറാമെന്നും വില്ലേജ് ഓഫീസുകളില്‍ ചെന്ന് എല്ലാവരും സ്വത്തിന് രേഖയുണ്ടെന്ന് ഉറപ്പാക്കണമെന്നും എ കെ നൗഷാദ്. മുഖ്യമന്ത്രിയുടെ ഒത്താശയോടെ മുന്‍ ഗണ്‍മാന്‍ സലിംരാജും ബന്ധുക്കളും നടത്തിയ ഭൂമിതട്ടിപ്പിന് ഇരയായി നിയമപോരാട്ടം തുടരുന്ന കളമശേരി ഭൂമിതട്ടിപ്പുകേസിലെ ഇര എ കെ നൗഷാദ് പറഞ്ഞു. ഭൂമിതട്ടിപ്പിന് ഒത്താശചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളിയില്‍ തട്ടിപ്പിന് ഇരയായവര്‍ നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യം അറിയിക്കാനെത്തിയതായിരുന്നു നൗഷാദ്.

1912 മുതല്‍ തങ്ങളുടെ കുടുംബത്തിന്റെ കൈവശമുള്ളതായിരുന്നു കളമശേരിയിലെ കിടപ്പാടമായ 1.16 ഏക്കര്‍. അവിടെനിന്നാണ് ഒരു സുപ്രഭാതത്തില്‍ നാല് കോടി രൂപ വാങ്ങി ഇറങ്ങിപ്പോകണമെന്നും ഭൂമിയുടെ യഥാര്‍ഥ അവകാശി നിങ്ങളല്ലെന്നും പറഞ്ഞ് സലിംരാജും ബന്ധുവും കൂട്ടാളികളും ചേര്‍ന്ന് വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. വഴങ്ങില്ലെന്നു കണ്ടപ്പോള്‍ കണ്ടെയ്നര്‍ കയറ്റി കൊല്ലുമെന്നായി. ലോക്കല്‍ പൊലീസ് മുതല്‍ ഡിജിപിവരെയുള്ളവര്‍ക്ക് പരാതി കൊടുത്തിട്ടും സഹായിച്ചില്ല. ഒടുവില്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടു. അപ്പോള്‍ ഭൂമി പിടിച്ചെടുക്കുമെന്ന ഭീഷണിയായി. സ്വത്തും ജീവനും നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് ഉമ്മയെയും കൂട്ടി ഞങ്ങള്‍ ഹൈക്കോടതിയില്‍ നീതി തേടി ചെന്നത്. കേസ് അന്വേഷിച്ച എല്ലാ ഉദ്യോഗസ്ഥരും ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ ഞങ്ങളാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ പിന്നെയും പിന്നെയും സലിംരാജിനെ സഹായിക്കാനാണ് പുറപ്പെട്ടത്- നൗഷാദ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിനു മൂന്നു കിലോമീറ്റര്‍ അകലെപ്പോലും വന്‍ ഭൂമിതട്ടിപ്പ് നടന്നിട്ടുണ്ടെങ്കില്‍ കേരളത്തിലെല്ലായിടത്തും ഈ ഭരണത്തണലില്‍ വ്യാപക തട്ടിപ്പ് നടന്നിട്ടുള്ളതായി ഭയക്കുന്നുണ്ടെന്നും നൗഷാദ് പറഞ്ഞു. ജനങ്ങള്‍ വില്ലേജ് ഓഫീസില്‍ ചെന്ന് രേഖ പരിശോധിക്കണമെന്നത് അഭ്യര്‍ഥനയാണെന്നും നൗഷാദ് പറഞ്ഞു. തട്ടിപ്പിന് ഇരയായവരും സ്വന്തം ഭൂമിക്ക് നികുതി ഒടുക്കാനാകാത്തവരും ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി.

ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം വിജയകുമാര്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി, വി ശിവന്‍കുട്ടി എംഎല്‍എ, വി ഗംഗാധരന്‍ നാടാര്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment