Wednesday, April 2, 2014

സ്റ്റേയില്‍ നീങ്ങാത്ത യാഥാര്‍ഥ്യങ്ങള്‍

സോളാര്‍തട്ടിപ്പ് കേസിലും സലിംരാജിന്റെ ഭൂമിതട്ടിപ്പ് കേസിലും മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെ ഹൈക്കോടതിയില്‍നിന്ന് പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ല. അന്നൊന്നും പരാമര്‍ശങ്ങള്‍ നീക്കാന്‍ ഉമ്മന്‍ചാണ്ടി കോടതിയെ സമീപിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ വന്ന കോടതിനിരീക്ഷണം യുഡിഎഫ് രാഷ്ട്രീയത്തെ പിടിച്ചുലച്ചതോടെയാണ് പരാമര്‍ശങ്ങള്‍ നീക്കാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഗുരുതര പരാമര്‍ശങ്ങളില്‍ കേവലം രണ്ടെണ്ണം മാത്രം സ്റ്റേ ചെയ്തതില്‍ യുഡിഎഫ് നേതൃത്വം ആശ്വാസം കൊള്ളുമ്പോള്‍ സ്റ്റേയില്‍ നീങ്ങാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളുമായി മുഖ്യമന്ത്രിയും ഓഫീസും പ്രതിക്കൂട്ടില്‍ത്തന്നെ.

തട്ടിപ്പുകാരുടെയും സദാചാരവിരുദ്ധരുടെയും താവളമായി ഓഫീസ് മാറിയെന്നത് കേരളത്തിലെ പിഞ്ചുകുട്ടികള്‍പോലും ചര്‍ച്ചചെയ്യുന്ന കാര്യം. സോളാര്‍കേസിലെ വിവാദനായിക സരിത എസ് നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെയും വീട്ടിലെയും നിത്യസന്ദര്‍ശകയാകുന്നതിനും മുമ്പുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദക്കുരുക്കിലായിരുന്നു. പാര്‍ടിക്കും ഭരണത്തിനും അതീതമായി എന്നും ഉപജാപക സംഘത്തിന്റെ വലയത്തിലായിരുന്നു ഉമ്മന്‍ചാണ്ടി. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത മുഖ്യമന്ത്രി, അല്ലെങ്കില്‍ പ്രതിപക്ഷ നേതാവ് എന്ന് മേനിനടിച്ച് നടക്കുമ്പോഴും ഉപജാപക വൃന്ദങ്ങളെ ഉപയോഗിച്ച് ഇത്തരം കഥകള്‍ പ്രചരിപ്പിക്കുമ്പോഴും നീഗൂഢതയുടെ കേന്ദ്രമായി ഉമ്മന്‍ചാണ്ടി തുടര്‍ന്നു. ഈ സംഘത്തില്‍നിന്ന് പുറത്തുപോയവര്‍ ഏറെ. സോളാര്‍തട്ടിപ്പ് കഥകള്‍ പുറത്തുവരുന്നതിനുമുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടുപേരെ പറഞ്ഞുവിട്ടത്. സെക്രട്ടറിയറ്റിലെ ഫയല്‍ നീക്കത്തെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ചോര്‍ത്തിനല്‍കിയതിന് കൈക്കൂലി വാങ്ങിയതിനാണ് പുറത്താക്കിയത്. ഈ സംഭവം അറിഞ്ഞിട്ടും ഒതുക്കാനായിരുന്നു ആദ്യശ്രമം. അധികാരമേറ്റ് ആറ് മാസം തികയുംമുമ്പാണ് ഈ സംഭവം. എന്നിട്ടും മുഖ്യമന്ത്രി പാഠം പഠിക്കാന്‍ തയ്യാറായില്ല. അനുചര വൃന്ദത്തെ കയറൂരിവിട്ടു. തട്ടിപ്പുകേസില്‍ ജയിലില്‍ കിടന്ന കുറ്റവാളിയെന്നറിഞ്ഞിട്ടും സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സൈ്വര്യമായി വിഹരിക്കാന്‍ അനുവദിച്ചു. സരിതയ്ക്ക് ജയിലില്‍ നിന്നും ആശുപത്രിയിലേക്ക് എസ്കോര്‍ട്ട് പോയ പൊലീസുകാരി ഷീജാദാസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നു. സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങാന്‍ തുടങ്ങിയ ആദ്യനാളുകളില്‍ ഷീജ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. എന്നിട്ടും ഫലമുണ്ടായില്ല. സെക്രട്ടറിയറ്റിലേക്കുള്ള നാല് ഗേറ്റുകളും സരിതയ്ക്കായി എപ്പോഴും തുറന്നുകിടന്നു. തുടര്‍ന്നുള്ള ഒരുദിവസമാണ് പത്തനംതിട്ടയിലെ മല്ലേലില്‍ ക്രഷറര്‍ ഉടമ ശ്രീധരന്‍നായരോടൊപ്പം സരിത എത്തിയത്. അന്നും സരിതയെ മുഖ്യമന്ത്രി തന്റെ വിശ്വസ്തയായി അവതരിപ്പിച്ചുവെന്നു പറഞ്ഞത് കോണ്‍ഗ്രസുകാരനായിരുന്ന ശ്രീധരന്‍നായരാണ്. സോളാര്‍തട്ടിപ്പ് കേസില്‍ ടെന്നിജോപ്പനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ ഉമ്മന്‍ചാണ്ടി വിശ്വസ്തനായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി തെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസും ആഭ്യന്തര മന്ത്രിയുടെ ഓഫീസും മത്സരിച്ച് ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെ ടെന്നിജോപ്പനെയും ജിക്കുമോന്‍ ജേക്കബ്ബിനെയും സലിംരാജിനെയും പുറത്താക്കിയതും ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണമനസ്സോടെയല്ല. ഇപ്പോഴും ഉമ്മന്‍ചാണ്ടി പറയുന്നത് അവര്‍ സ്വമേധയാ പോയതെന്നാണ്. സരിത ഫോണ്‍വിളിച്ചവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍കെ എന്നറിയപ്പെടുന്ന ആര്‍ കെ ബാലകൃഷ്ണനുണ്ട്. ആര്‍കെ ഇപ്പോഴും പ്രൈവറ്റ് സെക്രട്ടറിയായി തുടരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ പ്രതിപുരുഷനായ തോമസ് കുരുവിള മറ്റൊരു കഥാപാത്രം.

സലിംരാജിന്റെ ഭൂമിതട്ടിപ്പുകേസിലെ പരാതികളെല്ലാം മുക്കിയെന്ന് മാത്രമല്ല, പരാതിക്കാരെ വിരട്ടുകയുംചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ഉന്നത റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ച് ഭീഷണിപ്പെടുത്തി സലിംരാജിനുവേണ്ടി കാര്യങ്ങള്‍ സാധിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജയിലായിട്ടുകൂടി ക്രിമിനല്‍ കേസില്‍പ്പെട്ട പൊലീസുകാരുടെ ലിസ്റ്റില്‍നിന്ന് സലിംരാജിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ കോള്‍ സെന്ററിലേക്ക് പരാതി പറയാന്‍ വിളിച്ച അധ്യാപികയുടെ മൊബൈല്‍ ഫോണിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് വഴങ്ങാന്‍ പ്രേരിപ്പിച്ചതിനാണ് മറ്റൊരു ജീവനക്കാരനെ പറഞ്ഞുവിടേണ്ടിവന്നത്. വിവാദങ്ങളില്‍ നിറഞ്ഞുനിന്ന റിയല്‍എസ്റ്റേറ്റ് ഉടമയായ ഷാഫിമേത്തറെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ച് നടത്തിയ കളികള്‍ വേറെ. കൂടുതല്‍ വിവാദങ്ങള്‍ ഭയന്ന് ഇയാള്‍ രാജിവച്ച് തടിയൂരി. ഇങ്ങിനെയെല്ലാം നടക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിനെ വിലയിരുത്താന്‍ ജനത്തിന് നീതിന്യായ കോടതിയിലെ പരാമര്‍ശങ്ങള്‍ ആവശ്യമില്ല. ഉമ്മന്‍ചാണ്ടിതന്നെ അവകാശപ്പെടുന്ന പോലെ ജനകീയകോടതിയില്‍ ഇത് വിചാരണചെയ്യപ്പെടും.

എം രഘുനാഥ് deshabhimani

No comments:

Post a Comment