Friday, January 20, 2012

ഡ്രോണ്‍ അഴിമതി: സിഎജി റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി

ഇസ്രയേല്‍ ആയുധ കമ്പനിയില്‍നിന്ന് പൈലറ്റില്ലാ വിമാനവും(ഡ്രോണ്‍) മറ്റ് ഉപകരണങ്ങളും വാങ്ങിയതില്‍ 450 കോടി രൂപയുടെ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി കാര്യാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സാങ്കേതിക ഗവേഷണ സംഘടന(എന്‍ടിആര്‍ഒ) യാണ് വിവാദ ഇടപാട് നടത്തിയത്. ഇസ്രയേല്‍ എയ്റോസ്പേയ്സ് ഇന്‍ഡസ്ട്രീസില്‍നിന്നാണ് ഡ്രോണുകളും ഉപഗ്രഹ ബന്ധം സ്ഥാപിക്കുന്നതിനുള്ള സംവിധാനവും ഇലക്ട്രോണിക്സ് ഇന്റലിജന്‍സ് ഉപകരണങ്ങളും വാങ്ങിയത്. ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. റിപ്പോര്‍ട്ട് മാര്‍ച്ച് 19നകം മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, സി കെ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ആവശ്യം ഉന്നയിച്ചത്. 2 ജി സ്പെക്ട്രത്തിനു ശേഷം സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന രണ്ടാമത്തെ സിഎജി റിപ്പോര്‍ട്ടാണിത്.

കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി ഡ്രോണ്‍ വാങ്ങുന്നതിന് 300 കോടി രൂപയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ , എന്‍ടിആര്‍ഒ സ്വന്തം നിലയില്‍ 150 കോടി രൂപകൂടി ചെലവിട്ട് മറ്റ് ഉപകരണങ്ങള്‍ വാങ്ങുകയായിരുന്നു. ഉപഗ്രഹബന്ധ സംവിധാനവും ഇന്റലിജന്‍സ് ഉപകരണങ്ങളും ശരിക്ക് പ്രവര്‍ത്തിക്കാത്തതും ഡ്രോണുകള്‍ തീര്‍ത്തും ഉപയോഗ ശൂന്യവുമായിരുന്നു. മൊത്തം 12 വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാറെങ്കിലും എട്ടെണ്ണം മാത്രമാണ് ലഭിച്ചത്. ഒരിക്കല്‍പോലും പരീക്ഷിക്കാതെയാണ് ഉപകരണങ്ങളും വിമാനങ്ങളും വാങ്ങിയതെന്ന് സിഎജി ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയില്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന ഇസ്രയേല്‍ കമ്പനിയുടെ വാദം അപ്പടി വിഴുങ്ങിയാണ് ഇവ വാങ്ങിയതെന്നും സിഎജി പറഞ്ഞു. ഇതേ കമ്പനിയുമായി നേരത്തേ നടത്തിയ ബരാക് മിസ്സെല്‍ ഇടപാടിലും മധ്യദൂര ഭൂതല മിസ്സെല്‍ ഇടപാടിലും അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരുന്നു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാലാണ് സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാത്തതെന്ന് സോളിസിറ്റര്‍ ജനറല്‍ ആര്‍ എഫ് നരിമാന്‍ കോടതിയില്‍ പറഞ്ഞു. കുറ്റക്കാരായ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടി ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പൊതുസമക്ഷം സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ വി കെ മിത്തലാണ് സുപ്രീംകോടതിയെ സമീപിച്ചത്. ദേശീയ സുരക്ഷയുടെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് മിത്തലിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ജയന്ത് ഭൂഷണ്‍ വാദിച്ചു. എന്‍ടിആര്‍ഒ നടത്തിയ ഇടപാട് സിഎജി അന്വേഷിക്കുന്നത് തടയാന്‍ അന്നത്തെ ദേശീയസുരക്ഷാ ഉപദേശകനും ഇപ്പോള്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ എം കെ നാരായണന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ , സിഎജി നേരിട്ട് പ്രധാനമന്ത്രിയെ സമീപിച്ചാണ് ഓഡിറ്റ് നടത്താന്‍ അനുമതി തേടിയത്. എന്‍ടിആര്‍ഒ ചെയര്‍മാന്‍ കെ വി എസ് എസ് പ്രസാദറാവുവും ഉപദേശകന്‍ എം എസ് വിജയരാഘവനുമാണ് ഇടപാടിന് പിന്നിലെന്ന് സിഎജി ആരോപിച്ചിരുന്നു. മന്ത്രിസഭയുടെ സുരക്ഷാ സമിതി അനുവദിച്ചതിലധികം തുക ചെലവാക്കണമെങ്കില്‍വീണ്ടും പ്രധാനമന്ത്രി കാര്യാലയംവഴി സമിതിയെ സമീപിക്കണമെന്നാണ് ചട്ടം. എന്നാല്‍ , മേലാധികാരികളുടെ അനുമതിയില്ലാതെ എന്‍ടിആര്‍ഒ ചെയര്‍മാന് 20 കോടി രൂപവരെ ചെലവാക്കാന്‍ അധികാരമുണ്ട്. ഈ വകുപ്പ് അനുസരിച്ചാണ് 20 കോടിയോളം വരുന്ന അര ഡസനിലധികം ചെറിയ കരാറുകളുണ്ടാക്കി ഇസ്രയേല്‍ കമ്പനിയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങിയത്.

deshabhimani 200112

1 comment:

  1. ഇസ്രയേല്‍ ആയുധ കമ്പനിയില്‍നിന്ന് പൈലറ്റില്ലാ വിമാനവും(ഡ്രോണ്‍) മറ്റ് ഉപകരണങ്ങളും വാങ്ങിയതില്‍ 450 കോടി രൂപയുടെ അഴിമതിയുണ്ടെന്ന സിഎജി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    ReplyDelete