Friday, January 20, 2012

ശിലാസ്ഥാപന മേളക്കൊഴുപ്പില്‍ പിറവം

ഉപതെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന പിറവത്ത് ശിലാസ്ഥാപന മേളക്കൊഴുപ്പ്. ആരവമുയര്‍ത്താന്‍ മുഖ്യമന്ത്രിമുതല്‍ ഭരണാധികാരികളുടെ ആഘോഷപൂര്‍വമുള്ള വരവ്. ഇക്കണക്കിനു പോയാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിറവംമണ്ഡലം തറക്കല്ലുകളുടെ പ്രദര്‍ശനശാലയാകാന്‍ ഏറെ സാധ്യത. കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍തന്നെ അരഡസനോളമായി. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച മറ്റൊന്ന് മറ്റത്താന്‍കടവിലും. ശിലാസ്ഥാപനം അസാധാരണ വിപുലതയില്‍ സംഘടിപ്പിക്കാനാണ് ശ്രമം. അവയിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥി പ്രാസംഗികന്‍ . 19നു നടക്കുന്ന മറ്റത്താന്‍കടവ് ശിലാസ്ഥാപനമേളയിലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പ്രസംഗപീഠം ഒരുക്കിയിട്ടുണ്ട്. അതേ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിനെ ഇവയില്‍ ഒന്നില്‍പോലും പങ്കെടുപ്പിച്ചിട്ടില്ല; അദ്ദേഹം മുന്‍ എംഎല്‍എയായിട്ടുപോലും. അതായത് ഈ പരിപാടിയുടെ യഥാര്‍ഥ അജന്‍ഡ സര്‍ക്കാര്‍ചെലവില്‍ യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണമെന്നു വ്യക്തം.

പദ്ധതിക്കു വേണ്ട മുന്നൊരുക്കമൊന്നുമില്ലാതെയാണ് ഇതുവരെ ശിലാസ്ഥാപനങ്ങള്‍ നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍തന്നെ സമ്മതിക്കുന്നു. പദ്ധതിരേഖയാണ് ഏറ്റവും പ്രധാനം. തറക്കല്ലിലായവയില്‍ ഒന്നിനും അതുപോലും ഭാവനയില്‍നിന്നിറങ്ങിയിട്ടില്ല. പദ്ധതിക്കുവേണ്ട പണം, അതെത്ര, അതിന്റെ മാര്‍ഗം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണനാതലത്തില്‍പോലും ഉണ്ടാകില്ലെന്നു വ്യക്തം. കരാര്‍ കൊടുക്കാനുള്ള നടപടികള്‍ , അതിനുള്ള ടെന്‍ഡര്‍ പരസ്യം എന്നിവയ്ക്കൊന്നും തീരുമാനം ആയിട്ടില്ല. ഇവയെക്കുറിച്ചുള്ള ചോദ്യത്തോട് "മുകളില്‍നിന്നു പറയുന്നതൊക്കെ ചെയ്യുന്നു" എന്നായിരുന്നു പൊതുമരാമത്തു വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം. ഇപ്പേള്‍ ചെയ്യുന്നത് ഇത്രമാത്രം: എവിടെയെല്ലാം ഇതുപോലുള്ള മേള സംഘടിപ്പിക്കാന്‍ സാധിക്കുമെന്നതു സംബന്ധിച്ച് ഈ ജില്ലയില്‍നിന്നുള്ള മന്ത്രി പട്ടികതന്നെ അവശ്യപ്പട്ടിരുന്നു. ഉദ്യോഗസ്ഥര്‍ തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ചുള്ള പരിപാടികളാണ് നടക്കുന്നത്. ഈവിധം നടക്കുന്ന മേളകളിലെ പദ്ധതികള്‍ നടപ്പാക്കുന്ന കാര്യമൊന്നും ഇപ്പോള്‍ ആലോചനയിലില്ല. "അക്കാര്യങ്ങള്‍ വരുമ്പോഴാകട്ടെ, ഇപ്പോള്‍ ഇലക്ഷന്‍ , അത്രയും കണ്ടാല്‍ മതി " എന്നായിരുന്നു തങ്ങള്‍ക്കു ലഭിച്ച മറുപടി എന്നാണ് ബന്ധപ്പെട്ട ഉദ്യോസ്ഥന്റെ പ്രതികരണം.

മുഖ്യമന്ത്രിയുടെയൊ മന്ത്രിമാരുടെയൊ സമയസൗകര്യം നോക്കി സമ്മേളനം നിശ്ചയിക്കുക, തറക്കല്ലും തിരശ്ശീലയും തയ്യാറാക്കുക, യുഡിഎഫ് സ്ഥാനാര്‍ഥി അനൂപിനെ ഉള്‍പ്പെടുത്തി പ്രാസംഗികരുടെ പട്ടിക തയ്യാറാക്കുക, സമ്മേളനത്തിന്റെ മറ്റ് അനുസാരികള്‍ സജ്ജമാക്കുക; ഇത്രയുമേ പദ്ധതിക്കുവേണ്ടി ചെയ്യേണ്ടതുള്ളു. അതായത് പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നതേയില്ല. കണമ്പൂര്‍ , രാമമംഗലം തൂക്കുപാലങ്ങള്‍ , തിരുമാറാടി ഭവനനവീകരണ പദ്ധതി തുടങ്ങിയവയെല്ലാം ഈ ഗണത്തിലാണ്. വോട്ടുപിടിക്കാന്‍ ശരിക്കും ജനങ്ങളെ പറ്റിക്കുന്ന പരിപാടി. അതേസമയം നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതില്‍ സര്‍ക്കാരിന് തീരെ താല്‍പ്പര്യമില്ലെന്നത് വളരെ പ്രകടമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ് അവയില്‍ മിക്കതും. അവ പൂര്‍ത്തിയായാല്‍ അതിന്റെ ജനപ്രീതി തങ്ങള്‍ക്കാകില്ല, അതുകൊണ്ട് അവ മന്ദഗതിയിലാകട്ടെ, തങ്ങള്‍ ആരംഭിക്കുന്നതിന്റെ പുകപടലം ഉയര്‍ത്തി ജനങ്ങളില്‍ ആശയക്കുഴപ്പവും അവ്യക്തതയും സൃഷ്ടിക്കുക എന്ന പൊടിക്കൈ പ്രയോഗത്തിലാണ് സര്‍ക്കാര്‍ എന്നു കരുതണം.

ഈ അടവിന്റെ പ്രധാന ഇരയാണ് കക്കാട് കുടിവെള്ളപദ്ധതി. എടക്കാട്ടുവയല്‍ , ഉദയംപേരൂര്‍ , ആമ്പല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ പ്രയോജനപ്പെടുന്ന ഈ കുടിവെള്ളപദ്ധതി മുടക്കിയിട്ടിരിക്കുകയാണ്. ഇതുമൂലം ഈ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. നാട്ടുകാര്‍ പ്രക്ഷോഭത്തിലുമാണ്. എം ജെ ജേക്കബിന്റെ വലിയ പ്രയത്നം ഈ പദ്ധതിയുടെ ആസൂത്രണത്തിലും നിര്‍മാണത്തിലും ഉണ്ട്. പിറവം മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടില്‍ ആരംഭിച്ച വികസനസംരംഭങ്ങളില്‍ എം ജെ ജേക്കബിന്റെ ചോരയും നീരും ഉണ്ട്. അഞ്ചുവര്‍ഷത്തെ എംഎല്‍എ എന്ന നിലയിലെ പ്രവര്‍ത്തനം പിറവം മണ്ഡലത്തിലെ വികസനരംഗത്തെ സര്‍വകാല റെക്കോഡാണ്. അതിനുമുമ്പ്, ഈ മണ്ഡലത്തിലെ പ്രധാന പഞ്ചായത്തായ തിരുമാറാടിയുടെ പ്രസിഡന്റ് എന്ന നിലയില്‍ 10 വര്‍ഷത്തിലേറെ നടത്തിയ പ്രവര്‍ത്തനം. ഇവ രണ്ടും ചേര്‍ന്ന കാലം പിറവത്തിന്റെ വികസനവസന്തമായിരുന്നു എന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാകാനുള്ള സാധ്യത വിരളം.

deshabhimani 200112

1 comment:

  1. ഉപതെരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന പിറവത്ത് ശിലാസ്ഥാപന മേളക്കൊഴുപ്പ്. ആരവമുയര്‍ത്താന്‍ മുഖ്യമന്ത്രിമുതല്‍ ഭരണാധികാരികളുടെ ആഘോഷപൂര്‍വമുള്ള വരവ്. ഇക്കണക്കിനു പോയാല്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പിറവംമണ്ഡലം തറക്കല്ലുകളുടെ പ്രദര്‍ശനശാലയാകാന്‍ ഏറെ സാധ്യത. കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍തന്നെ അരഡസനോളമായി. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച മറ്റൊന്ന് മറ്റത്താന്‍കടവിലും. ശിലാസ്ഥാപനം അസാധാരണ വിപുലതയില്‍ സംഘടിപ്പിക്കാനാണ് ശ്രമം. അവയിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥി പ്രാസംഗികന്‍ . 19നു നടക്കുന്ന മറ്റത്താന്‍കടവ് ശിലാസ്ഥാപനമേളയിലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പ്രസംഗപീഠം ഒരുക്കിയിട്ടുണ്ട്. അതേ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിനെ ഇവയില്‍ ഒന്നില്‍പോലും പങ്കെടുപ്പിച്ചിട്ടില്ല; അദ്ദേഹം മുന്‍ എംഎല്‍എയായിട്ടുപോലും. അതായത് ഈ പരിപാടിയുടെ യഥാര്‍ഥ അജന്‍ഡ സര്‍ക്കാര്‍ചെലവില്‍ യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണമെന്നു വ്യക്തം.

    ReplyDelete