Friday, January 20, 2012

ഇ-മെയില്‍ വിവാദത്തില്‍ പൂഴ്ത്തിവയ്ക്കുന്നതെന്ത്

ഇ-മെയില്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ട ചോദ്യങ്ങള്‍ പിന്നെയും ശേഷിക്കുകയാണ്. ചില മുസ്ലിംലീഗ് നേതാക്കള്‍ അടക്കമുള്ളവരുടെ മെയില്‍ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന നിഗമനം എന്തിന്റെ അടിസ്ഥാനത്തിലുണ്ടായതാണ്? ഇവര്‍ക്ക് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളതായി സൂചിപ്പിക്കുന്ന എന്തെങ്കിലും ഇന്റലിജന്‍സ് വിവരം സ്റ്റേറ്റ് പൊലീസ് ഇന്റലിജന്‍സ് വൃത്തങ്ങളില്‍നിന്നോ, കേന്ദ്ര ആഭ്യന്തരവകുപ്പില്‍നിന്നോ കിട്ടിയിരുന്നോ? ഇക്കാര്യം മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് തുറന്നുപറയണം. അങ്ങനെ ഒരു റിപ്പോര്‍ട്ടും ഇല്ലെങ്കില്‍ ഇ-മെയില്‍ ചോര്‍ത്തലിന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോര്‍ത്തേണ്ട 268 ഇ-മെയില്‍ വിലാസക്കാരില്‍ 258 പേരും ഒരേ സമുദായത്തില്‍പ്പെട്ടവരായത് എങ്ങനെയാണെന്നും മുഖ്യമന്ത്രി വിശദീകരിക്കേണ്ടതുണ്ട്. വര്‍ഗീയസ്വഭാവമേ ഇല്ലാത്ത ഏതെങ്കിലും കുറ്റകൃത്യം മുന്‍നിര്‍ത്തിയാണ് അന്വേഷണമെങ്കില്‍ സംശയത്തിന്റെ സൂചിമുന ഒരേ സമുദായത്തില്‍പ്പെട്ടവരിലേക്ക് ഇത്ര ശക്തമായി തിരിച്ചതെന്തിന് എന്നത് വ്യക്തമാകേണ്ടതുണ്ട്.

മുഖ്യമന്ത്രി മുസ്ലിംലീഗിന്റെ ദയാദാക്ഷിണ്യത്തില്‍ അധികാരത്തില്‍ തുടരുന്നയാളാണ്. അധികാരത്തില്‍ തുടരണമെങ്കില്‍ ലീഗ് അനുവദിക്കുന്ന പരിധിവരെയുള്ള അന്വേഷണമേ സാധ്യമാകൂ. ആ പരിധിയില്‍ മുഖ്യമന്ത്രി എത്തിനില്‍ക്കുകയാണിപ്പോള്‍ ; ഇനി ആകെയുള്ളത് പിന്‍വാങ്ങല്‍മാത്രമാണ്. അതിനുള്ള അരങ്ങാണ് വിശദീകരണങ്ങളിലൂടെ ഇപ്പോള്‍ ഒരുക്കിക്കൊണ്ടിരിക്കുന്നത്. വര്‍ഗീയശക്തികളുടെ തടവില്‍കിടക്കുന്ന ഭരണാധികാരിയുടെ നിസ്സഹായത ഒരിക്കല്‍ക്കൂടി കേരളത്തിന് ബോധ്യമാവുകയാണ്. മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ തോന്നുക, ഇ-മെയില്‍ ചോര്‍ത്തലിന് കാര്യമായ അടിസ്ഥാനമൊന്നുമില്ലായിരുന്നുവെന്നാണ്. എങ്കില്‍പ്പിന്നെ ഇത്രയേറെ പൗരജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയത് എന്തിനായിരുന്നു? മുസ്ലിങ്ങളെല്ലാം സംശയിക്കപ്പെടേണ്ടവരാണെന്ന വിപല്‍ക്കരമായ സന്ദേശം നല്‍കുന്ന വിധത്തിലായിരുന്നില്ലേ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഇടപെടല്‍ . അപ്പോള്‍പ്പിന്നെ ഗുജറാത്തില്‍ നരേന്ദ്രമോഡി ചെയ്തുപോരുന്ന കാര്യങ്ങളും ഉമ്മന്‍ചാണ്ടി ചെയ്യുന്ന കാര്യങ്ങളും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

ഒരു സമുദായമാകെ സംശയിക്കപ്പെടേണ്ടവരാണെന്ന പ്രതീതി പരത്തുന്ന ഏതു പ്രവൃത്തിയും രാജ്യദ്രോഹമാണ്. ആ നിലയ്ക്ക് നോക്കുമ്പോള്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന വിധത്തില്‍ ഇടപട്ടതിന് ഞങ്ങളുടെ സഹജീവിയായ മാധ്യമമല്ല, മറിച്ച് 268 പേരുടെ ലിസ്റ്റില്‍ 258 മുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയ ഉമ്മന്‍ചാണ്ടിസര്‍ക്കാരാണ് പ്രതിക്കൂട്ടിലാകേണ്ടത് എന്നുവരും; പ്രത്യേകിച്ചും ഇ-മെയില്‍ ചോര്‍ത്തലിന്റെ അടിസ്ഥാനം വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയാതിരിക്കുന്ന സാഹചര്യത്തില്‍ . എഡിജിപിക്കുവേണ്ടി സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അസിസ്റ്റന്റ് കമാന്‍ഡന്റിന് അയച്ച ലിസ്റ്റിനൊപ്പം വച്ചിട്ടുള്ള കത്തില്‍ പറയുന്നത്, സിമി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുടെ ഇ-മെയില്‍ ഐഡി ലിസ്റ്റിന്റെ പകര്‍പ്പാണിത് എന്നാണ്. ആ വ്യക്തികളെ കണ്ടെത്തണമെന്നും ലോഗ്-ഇന്‍ വിശദാംശങ്ങള്‍ ശേഖരിക്കണമെന്നുമാണ്. മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് "സിമി" എന്നത് അബദ്ധത്തില്‍ കടന്നുകൂടിയതാണെന്നതാണ്. മുഖ്യമന്ത്രി പറയുന്നതുപോലെ "സിമി" എന്ന വാക്ക് ആ കത്തില്‍ ഇല്ലെന്ന് സങ്കല്‍പ്പിക്കുക. അപ്പോള്‍പ്പിന്നെ പ്രസക്തമാകുന്ന മറ്റൊരു ചോദ്യമുണ്ട്: എങ്കില്‍പ്പിന്നെ എന്തിന് ഇവരുടെ ഇ-മെയിലുകളിലേക്ക് കടന്നുകയറുന്നു? അതിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. മെയില്‍ ചോര്‍ത്തല്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി പറയുന്നു. ആരുടെയോ കൈയില്‍നിന്ന് ലഭിച്ച ഇ-മെയില്‍ വിലാസങ്ങള്‍ ആരുടേതൊക്കെയാണെന്ന് നോക്കുകയായിരുന്നുവത്രേ പൊലീസ്. അതിന് ഈ ദുര്‍ഘടംപിടിച്ച വഴികളിലൂടെ പോകണോ? ആരുടെ കൈയില്‍നിന്നാണോ വിലാസങ്ങള്‍ ലഭിച്ചത്, അയാളോടുതന്നെ ചോദിച്ചാല്‍പോരേ? ഇത്തരം ചോദ്യങ്ങള്‍ സാമാന്യബുദ്ധിയുള്ള ആരും ചോദിക്കും എന്നറിയാതെ കോമാളിവേഷം കെട്ടുകയാണ് മുഖ്യമന്ത്രി; നായകവേഷമാണിതെന്ന് ജനങ്ങള്‍ ധരിച്ചുകൊള്ളുമെന്ന വിചാരത്തോടെ. മുഖ്യമന്ത്രി എന്തൊക്കെയോ വിവരങ്ങള്‍ പുഴ്ത്തിവയ്ക്കുന്നു എന്നതാണ് സത്യം. ഇതാകട്ടെ, ഭരണം നിലനിര്‍ത്താനുള്ള വ്യഗ്രതമൂലമാണന്നു വ്യക്തം. ഭരണം നിലനില്‍ക്കുക എന്നതിനേക്കാള്‍ പ്രധാനം കേരളവും ഇന്ത്യയും നിലനില്‍ക്കുക എന്നതാണെന്ന് ഉമ്മന്‍ചാണ്ടിയെ ജനങ്ങള്‍ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു. വ്യക്തിയുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറാന്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. ഇവിടെ, പത്രപ്രവര്‍ത്തകരുടെവരെ ഇ-മെയില്‍ ചോര്‍ത്തുന്ന സ്ഥിതിയായിരിക്കുന്നു. അടിയന്തരാവസ്ഥയെയും സെന്‍സര്‍ഷിപ്പിനെയുമൊക്കെ ഓര്‍മിപ്പിക്കുന്ന നടപടിയാണിത്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഞെരിച്ചുകൊല്ലാനുള്ള ഇത്തരം നീക്കങ്ങള്‍ ജനാധിപത്യസമൂഹത്തില്‍ വച്ചുപൊറുപ്പിക്കാനാകില്ല.

പത്രപ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ ഭരണകക്ഷി അംഗങ്ങള്‍ ശിക്ഷിക്കപ്പെട്ട് രണ്ടാഴ്ച തികയുംമുമ്പ് ഭരണംതന്നെ പത്രപ്രവര്‍ത്തനത്തിനുനേര്‍ക്ക് കടന്നുകയറ്റം നടത്തുന്നു. രാജീവ്ഗാന്ധിയുടെ വസതിക്കുമേല്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയെന്നു പറഞ്ഞ് ഒരു കേന്ദമന്ത്രിസഭയെ- ചന്ദ്രശേഖര്‍ സര്‍ക്കാര്‍ - തകര്‍ത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇന്ന് ഇ-മെയില്‍ ചോര്‍ത്തലിലൂടെ സ്വതന്ത്ര പത്രപ്രവര്‍ത്തനം അസാധ്യമാക്കുന്നത്! വര്‍ഗീയത ആളിപ്പടര്‍ത്തുന്ന പ്രസംഗങ്ങള്‍ തുടര്‍ച്ചയായി നടത്തിയ തൊഗാഡിയമുതല്‍ ബാല്‍താക്കറെവരെയുള്ളവര്‍ക്കെതിരായ കേസുകള്‍ കോണ്‍ഗ്രസ് ഭരണം ദുര്‍ബലപ്പെടുത്തി ഇല്ലാതാക്കിക്കൊടുക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഒരുവശത്ത് പത്രങ്ങളില്‍ വന്നുനിറയുന്നു. മറുവശത്താകട്ടെ, ഇവിടെ ഇ-മെയില്‍ ചോര്‍ത്തുകയും കേസെടുത്ത് പത്രത്തിന്റെ വായമൂടിക്കെട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ശ്രദ്ധിക്കപ്പെടേണ്ടതാണ് ഈ വൈരുധ്യം. ഏറെ വിചിത്രമായ കാര്യം ഇങ്ങനെയൊരു സംഭവമുണ്ടായിട്ടും മുസ്ലിംലീഗിന് മിണ്ടാട്ടമില്ല എന്നതാണ്. അവര്‍ക്ക് ഒരു പ്രതിഷേധവുമില്ല. മന്ത്രിക്കസേരയ്ക്കപ്പുറത്ത് ഒന്നും പ്രശ്നമല്ലാത്ത ഒരു പാര്‍ടി!

deshabhimani editorial 200112

1 comment:

  1. ഇ-മെയില്‍ വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ട ചോദ്യങ്ങള്‍ പിന്നെയും ശേഷിക്കുകയാണ്.

    ReplyDelete