ഇടതുപക്ഷത്തുനിന്നും കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ കെ കരുണാകരന്‍ 25ലക്ഷംരൂപ വാഗ്ദാനം ചെയ്തിരുന്നതായി കെപിസിസി നിര്‍വാഹകസമിതിയംഗം വി സി കബീര്‍. 1980ലെ ഇടതുപക്ഷസര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അന്നത്തെ മുഖ്യമന്ത്രിയുടെ കോഴ വാഗ്ദാനമെന്ന് കബീറിന്റെ "അനുഭവങ്ങള്‍ നൊമ്പരങ്ങള്‍" എന്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞദിവസം പാലക്കാട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
1980ല്‍ നായനാര്‍ സര്‍ക്കാരിനു ശേഷം കരുണാകരന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴായിരുന്നു വാഗ്ദാനം. 71അംഗങ്ങളുടെ പിന്തുണ മാത്രമാണ് കരുണാകരനുണ്ടായിരുന്നത്. സ്പീക്കറുടെ കാസ്റ്റിങ്വോട്ടിന്റെ ബലത്തിലാണ് മന്ത്രിസഭ നിന്നത്. ഈ സാഹചര്യത്തില്‍ ഒന്നോ രണ്ടോ എംഎല്‍എമാരെക്കൂടി കോണ്‍ഗ്രസി(യു)ലേക്കെത്തിക്കാന്‍ കരുണാകരന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു വാഗ്ദാനം. "തൃശൂര്‍ രാമനിലയത്തില്‍ വച്ച് കാണാന്‍ കരുണാകരന്‍ ആഗ്രഹം അറിയിച്ചതായി ഒരുദിവസം വി എസ് വിജയരാഘവന്‍ പറഞ്ഞു. താല്‍പ്പര്യമില്ലെന്ന് താന്‍ വ്യക്തമാക്കി. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ കരുണാകരന്‍ ഫോണില്‍ വിളിച്ചു. രാമനിലയത്തിലെത്തി കാണണമെന്നും പ്രയോജനമുണ്ടാകുമെന്നും പറഞ്ഞു. പിറ്റേന്ന് രാത്രി വീട്ടിലെത്തിയപ്പോഴാണ് കരുണാകരന്‍ അയച്ചതെന്നു പറഞ്ഞ് രണ്ടുപേര്‍ പാലക്കാട്ടുനിന്ന് വന്നുവെന്നും കൂറുമാറാന്‍ 20ലക്ഷംരൂപ വാഗ്ദാനം ചെയ്തുവെന്നും ഭാര്യ പറഞ്ഞത്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാല്‍ വീണ്ടും അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും അറിയിച്ചു. പാലക്കാട് നൂറണിയിലെ തന്റെ ബന്ധുവും പൊള്ളാച്ചിയിലെ വ്യവസായി മഹാലിംഗത്തിന്റെ പ്രതിനിധി ചന്ദ്രശേഖരനുമാണ് വീട്ടില്‍ വന്നത്. അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആര്‍ വേണുഗോപാലാണ് ഇവരെ കൂട്ടിക്കൊണ്ടുവന്നത്. പണം വാങ്ങാതെ അവരെ ഭാര്യ തിരിച്ചയക്കുകയായിരുന്നുവെന്നും" കബീര്‍ പുസ്തകത്തില്‍ പറയുന്നു.
(സി അജിത്)
deshabhimani
No comments:
Post a Comment