സോളാര്‍പ്ലാന്റ് തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായര്‍ ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ അനൗദ്യോഗിക സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന തോമസ് കുരുവിളയാണ് ഉമ്മന്‍ചാണ്ടിയും സരിതയും തമ്മില്‍കണ്ടതായി സ്ഥിരീകരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 27നു പ്രധാനമന്ത്രി വിളിച്ച ദേശീയ വികസനസമിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്ന് കുരുവിള വെളിപ്പെടുത്തി.
യോഗത്തില്‍ പ്രധാനമന്ത്രിക്കുപുറമെ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍, മുതിര്‍ന്ന കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുത്തത്. ഈ ഡല്‍ഹി സന്ദര്‍ശനത്തിനിടെയാണ് കേരള ഹൗസിലെ ജീവനക്കാരനെ സരിത വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചത്. യോഗം ചേര്‍ന്ന ഡല്‍ഹി വിജ്ഞാന്‍ ഭവനിലാണ് ഉമ്മന്‍ചാണ്ടിയെ കാണാന്‍ സരിത എത്തിയത്. മുഖ്യമന്ത്രിയോട് സുപ്രധാന കാര്യം പറയാനുണ്ടെന്നാണ് സരിത ഫോണിലൂടെ കുരുവിളയെ അറിയിച്ചത്. സംസാരിച്ചത് എന്തെന്ന് അറിയില്ലെന്നും താന്‍ അപ്പോള്‍ മുഖ്യമന്ത്രിയുടെ കാര്‍ വിളിക്കാന്‍ പോയിരുന്നെന്നും കുരുവിള തുടര്‍ന്നു. കുരുവിളയുടെ ഈ വെളിപ്പെടുത്തലോടെ ഉമ്മന്‍ചാണ്ടി കൂടുതല്‍ പ്രതിരോധത്തിലാകുകയാണ്.
മുഖ്യമന്ത്രി എത്തുമ്പോഴൊക്കെ സരിതയും ഡല്‍ഹിയില്‍ എത്താറുണ്ട്. കേരള ഹൗസിന് ചേര്‍ന്നുള്ള നക്ഷത്ര ഹോട്ടലുകളായ റമദ പ്ലാസയിലും ഏഷ്യന്‍ ഇന്റര്‍നാഷണലിലുമാണ് സരിത താമസിക്കാറ്. അതീവ സുരക്ഷയുള്ള വിജ്ഞാന്‍ ഭവനില്‍ സരിത എങ്ങനെ പ്രവേശനം നേടിയെന്നത് ദുരൂഹമാണ്. പ്രത്യേകിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനം ചേരുമ്പോള്‍. സാധാരണനിലയില്‍ സമ്മേളനപ്രതിനിധികളെ മാത്രമേ വിജ്ഞാന്‍ ഹാള്‍ വളപ്പില്‍ പ്രവേശിപ്പിക്കൂ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ പങ്കെടുക്കുന്ന ചടങ്ങാണെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പ്രവേശനം നിയന്ത്രിതമാണ്. മുഖ്യമന്ത്രിമാരും മറ്റും എത്തുമ്പോള്‍ സഹായികള്‍ക്കും പ്രവേശനം നല്‍കാറുണ്ട്. ഉമ്മന്‍ചാണ്ടിയെയോ മറ്റേതെങ്കിലും വിഐപിയെയോ അനുഗമിക്കുന്ന വ്യക്തിയെന്ന നിലയിലാകും സരിത ഇവിടെ പ്രവേശനം നേടിയത്. കുരുവിളയുമായുള്ള അടുപ്പം പരിഗണിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒപ്പമുള്ള വ്യക്തിയെന്ന നിലയിലാകും ഇതെന്ന് വ്യക്തം.
സമ്മേളനഹാളില്‍ നിന്ന് പുറത്തേക്ക് വന്നപ്പോള്‍ സരിതയും മുഖ്യമന്ത്രിയും സംസാരിച്ചെന്നാണ് കുരുവിളയുടെ വെളിപ്പെടുത്തല്‍. മിനിറ്റുകളോളം സംഭാഷണം നീണ്ടു. കേരള ഹൗസില്‍ രഹസ്യമായി മുഖ്യമന്ത്രിയെ കാണുക എളുപ്പമല്ലാത്തതിനാകണം വിജ്ഞാന്‍ ഭവനില്‍ എത്തിയത്. കേരള ഹൗസിലെ പതിവ് സന്ദര്‍ശകയായ സരിത അവിടെ പലരുമായും സൗഹൃദം സ്ഥാപിച്ചിരുന്നു. ലക്ഷ്മി നായര്‍ എന്ന പേരിലായിരുന്നു ഇത്. കേരള ഹൗസിലെ ഉന്നതന്മാരുമായും അടുത്ത ബന്ധമാണ് സരിതയ്ക്ക്.
(എം പ്രശാന്ത്)
പിഎമാരുടെ വിദേശയാത്രകള്‍ ദുരൂഹം
പാമ്പാടി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായികള്‍ നടത്തുന്ന വിദേശയാത്രകള്‍ ദുരൂഹമെന്ന് കോണ്‍ഗ്രസ് "ഐ" ഗ്രൂപ്പിലെ ഒരു വിഭാഗം. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് ഈ മാസം മൂന്നിനാണ് ഉമ്മന്‍ചാണ്ടിയുടെ "സീനിയര്‍ സഹായി" എ ആര്‍ സുരേന്ദ്രന്‍ തിരിച്ചെത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു പിഎ ജിക്കുമോന്‍ ജേക്കബ് ഒരുവര്‍ഷം മുമ്പ് അമേരിക്ക സന്ദര്‍ശിച്ചു. രണ്ടും മുഖ്യമന്ത്രി ഇല്ലാത്ത സ്വകാര്യ സന്ദര്‍ശനങ്ങള്‍. ഗള്‍ഫ് രാജ്യങ്ങളിലും ഈ പിഎമാരുടെ സ്വകാര്യ സന്ദര്‍ശനം പതിവാണ്. ഇവരെ വിദേശത്ത് കൊണ്ടുപോകാന്‍ പ്രത്യേക താല്‍പര്യങ്ങളുള്ള ബിസിനസുകാര്‍ നിരവധിയുണ്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിഎമാരുടെയും ഉപജാപകവൃന്ദങ്ങളുടെയും സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണമെന്ന ആവശ്യവും "ഐ" ഗ്രൂപ്പില്‍ ശക്തം. വിദേശയാത്രകള്‍ക്ക് പുറമെ ഭൂമി ഇടപാട്, സ്ഥലംമാറ്റം, നിയമനംതുടങ്ങിയവയും അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നു. കോടീശ്വരനായ വ്യവസായിക്ക് തിരുവഞ്ചൂരില്‍ വന്‍ വിലയുള്ള ഏഴ് ഏക്കര്‍ സ്ഥലം വിലകുറച്ച് വാങ്ങി നല്‍കാന്‍ ഒരു പിഎ ഇടപെട്ടെന്ന ആക്ഷേപമാണ് പ്രധാനം. ലക്ഷങ്ങളുടെ സ്റ്റാമ്പ്ഡ്യൂട്ടി വെട്ടിപ്പും നടന്നു. സ്ഥലം വിറ്റയാള്‍ക്ക് ചെന്നൈയില്‍ ഓഹരി തട്ടിപ്പുമായി ബന്ധമുണ്ട്. ഇയാളെ സഹായിക്കാം എന്നുറപ്പ് നല്‍കിയാണ് വില കുറച്ച് സ്ഥലം അബുദാബിയിലെ കോടീശ്വരന് വാങ്ങി നല്‍കിയത്. ലക്ഷങ്ങളാണ് കമീഷനായി വാങ്ങിയതത്രേ.
കോട്ടയം കലക്ടറേറ്റിന് സമീപമുള്ള പെട്രോള്‍ ബങ്കിന് ഈ പിഎയ്ക്ക് ബിനാമി ഓഹരിയുണ്ടെന്നും ആരോപണമുണ്ട്്. കോട്ടയം മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, ബിവറേജസ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലാണ് അനധികൃത നിയമനങ്ങള്‍ നടത്തിയത്. ബിവറേജസില്‍ അമ്പതിലധികം നിയമനങ്ങള്‍ ഒരു പിഎ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ചെയര്‍മാനായി പുതുപ്പള്ളി കേന്ദ്രീകരിച്ച് രൂപീകരിച്ചിരിക്കുന്ന ആശ്രയ ട്രസ്റ്റിലേക്ക് ലക്ഷങ്ങളാണ് മാസം തോറും സംഭാവന പിരിക്കുന്നത്. ഇതിനുപിന്നിലും വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നു.
(വി എം പ്രദീപ്)
deshabhimani
No comments:
Post a Comment