Tuesday, February 18, 2014

14,000 കുടുംബങ്ങള്‍ കാസര്‍കോട്ടേക്ക് താമസം മാറ്റേണ്ടിവരുമെന്ന് സര്‍ക്കാര്‍

മഞ്ചേരി: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ജില്ലയിലെ 14,000 കുടുംബങ്ങള്‍ കാസര്‍കോട് ജില്ലയിലേക്ക് താമസം മാറേണ്ടിവരുമെന്ന് സര്‍ക്കാര്‍. കഴിഞ്ഞ മാസമാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ജില്ലയില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നല്‍കാന്‍ ഭൂമികണ്ടെത്താന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് അപേക്ഷകരെ കാസര്‍കോട്ടേക്ക് പറിച്ചുനടാന്‍ തീരുമാനിച്ചത്. ജില്ലിയിലെ വിവിധ വില്ലേജ് ഓഫീസുകള്‍വഴി ലഭിച്ച 25,998 അപേക്ഷരില്‍ 23,962 പേര്‍ ഭൂമിക്ക് അര്‍ഹരാണെന്ന് റവന്യൂ സംഘം നടത്തിയ പരിശോധനയല്‍ കണ്ടെത്തിയിരുന്നു. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതിനായി നിലമ്പൂര്‍, ഏറനാട്, തിരൂര്‍, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, പൊന്നാനി താലൂക്കുകളിലായി 33.15 ഏക്കര്‍ ഭൂമി കണ്ടെത്തി. ഇതില്‍ 808 കുടുംബങ്ങള്‍ക്ക് മാത്രമാണ് മൂന്ന് സെന്റ് വീതം നല്‍കാന്‍ കഴിഞ്ഞത്. പട്ടികജാതിക്കാരും മലയോര കര്‍ഷകരും ഉള്‍പ്പെടെയുള്ള 14,000 അപേക്ഷര്‍ക്ക് വിതരണത്തിനായി 700 ഏക്കര്‍ ഭൂമി ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഭൂമികണ്ടെത്തുന്നതിനായി 32 വില്ലേജ് ഓഫീസ് പരിധികളിലും റവന്യൂþവനം വകുപ്പുകള്‍ സംയുക്തമായി സര്‍വേ പൂര്‍ത്തിയാക്കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതിരുന്നതും കണ്ടെത്തിയ ഭൂമികള്‍ ജനവാസയോഗ്യമല്ലാതിരുന്നതുമടക്കം വിവിധ തടസ്സങ്ങളും കോടതി കേസുകളും നിലനില്‍ക്കുന്നതിനാല്‍ വിതരണത്തിനായി ഏറ്റെടുക്കാനായിരുന്നില്ല. ഇക്കാരണത്താലാണ് നിരാലംബരും ദരിദ്രരുമായ ആയിരക്കണക്കിന് ഗുണഭോക്താക്കളെ അന്യജില്ലയിലേക്ക് അയക്കാന്‍സര്‍ക്കാര്‍ നടപടിയാരംഭിച്ചത്.

എന്നാല്‍ ജനിച്ച നാടും വീടും സ്വന്തക്കാരേയും വിട്ട് അന്യനാട്ടില്‍ പോയി ദുരിതം പേറാന്‍ തയ്യാറല്ലെന്നും സര്‍ക്കാര്‍ നടപടി വഞ്ചനയാണെന്നും ഗുണഭോക്താക്കള്‍ പറഞ്ഞു. ഭൂരഹിതരായി കാസര്‍കോട്ട് മാത്രം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഉണ്ടെന്നും ഇതിനിടയില്‍ അന്യജില്ലയില്‍ നിന്നുള്ളവര്‍ക്ക് കാസര്‍കോടിന്റെ ഭൂമി പതിച്ചുനല്‍കാന്‍ അനുവദിക്കില്ലെന്നും കാണിച്ച് സമരം നടക്കുന്നതായി അറിയാന്‍ കഴിഞ്ഞെന്നും ഗുണഭോക്താക്കള്‍ ആരോപിച്ചു. കരിങ്കല്‍ ക്വാറികളും മൊട്ടക്കുന്നുകളും പതിച്ചുനല്‍കി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് പട്ടയം ലഭിച്ചവര്‍ക്ക് തന്നെ പരാതിയുണ്ട്. പദ്ധതിയുടെ ഭാഗമായി പുറമ്പോക്കിലും മലയോരങ്ങളിലും പതിറ്റാണ്ടുകളായി താമസിച്ചിരുന്ന കര്‍ഷകരും വഞ്ചിക്കപ്പെട്ടു. വര്‍ഷങ്ങളോളം ഭൂമി കൈവശംവച്ചുവരുന്നവര്‍ക്ക് പട്ടയം നല്‍കുമെന്ന പ്രഖ്യാപനവും വെള്ളത്തിലായി.

deshabhimani

No comments:

Post a Comment