Thursday, February 20, 2014

സിബിഐ അന്വേഷണം തിരിച്ചടിക്കും: പിണറായി

പെരിന്തല്‍മണ്ണ: അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ട് സിപിഐ എമ്മിനെ വേട്ടയാടാന്‍ നിയമവിരുദ്ധമായി യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ അവര്‍ക്കു തന്നെ ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിനിടെ പെരിന്തല്‍മണ്ണയില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിുരുന്നു പിണറായി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സിപിഐ എം നേതാക്കളെ വേട്ടയാടാമെന്ന വ്യാമോഹമാണെങ്കില്‍ അതുകൊണ്ടൊന്നും ഈ പാര്‍ടി തകരില്ല. ഇതിലൂടെ കോണ്‍ഗ്രസിന് അവരുദ്ദേശിക്കുന്ന ഫലം കിട്ടാന്‍ പോകുന്നില്ല.

മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥക്കനുസരിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ കാര്യങ്ങള്‍ നീക്കുന്നത്. രമയുടെ നിരാഹാരവും സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിക്കലുമൊക്കെ അതിന്റെ ഭാഗമായിരുന്നു. ഒരു കേസ് അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ച് വിധിയും വന്നശേഷം വീണ്ടും ആ കേസ് സിബിഐക്ക് വിടുന്നതിന് ഇന്ത്യന്‍ നിയമപ്രകാരം  സാധുതയില്ലാത്തതാണ്. അത് മനസിലാക്കിയപ്പോഴാണ് മന്ത്രിസഭക്ക് സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ പറ്റാതായത്. തുടര്‍ന്ന് ഒരു ടീമിനെ ഗൂഢാലോചന കണ്ടെത്താന്‍ ചുമതല ഏല്‍പിച്ചു. അവരോട് ആവശ്യപ്പെട്ടത് നിങ്ങള്‍ ഒന്നും കണ്ടെത്തേണ്ട. രണ്ട് ദിവസം കഴിഞ്ഞ് ഈ കേസ് സിബിഐ അന്വേഷിക്കണം എന്ന് എഴുതിതന്നാല്‍ മാത്രം മതിയെന്നാണ്. അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് എഴുതി വാങ്ങിയാണ് ഇപ്പോള്‍ സിബിഐ അന്വേഷണം നടത്താനൊരുങ്ങുന്നത് . ഇത് യുഡിഎഫ് സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെയും ഗൂഢാലോചനയുടെ ഫലമാണ്. സിപിഐ എം ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും.

കേസിന്റെ ആദ്യഘട്ടത്തില്‍തന്നെ സിപിഐ എമ്മിന്റ പ്രമുഖരെ കേസില്‍ കുടുക്കാനുള്ള ശ്രമമുണ്ടായി. കേസില്‍ കസ്റ്റഡിയിലെടുത്ത പി മോഹനന്‍ മാസ്റ്ററോട് " നിങ്ങളെ കേസില്‍ നിന്നൊഴിവാക്കിത്തരാം പകരം എസ്എസിന്റെ പേര്‍ പറഞ്ഞാല്‍ മതിയെന്ന്" ആവശ്യപ്പെട്ടു. അരാണ് "എസ്എസ്" സ്റ്റേറ്റ് സെക്രട്ടറി. അത്തരത്തില്‍ പിണറായി വിജയനെ കുടുക്കാനാണ് ശ്രമമുണ്ടായത്. സിബിഐ അന്വേഷണം വരുമ്പോള്‍ ഇതെല്ലാം ഓര്‍മ്മയുണ്ടാകുന്നതും നല്ലതാണ്. എന്ത് പുതിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് സിബിഐക്ക് വിടുന്നത് എന്നുപോലും പറയാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. ഫായിസുമായുള്ള ബന്ധം ഉമ്മന്‍ചാണ്ടിക്കാണ്. ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ യാത്രക്കിടെ കാറിലിരുന്ന് ഫായിസുമായി ദീര്‍ഘനേരം സംസാരിച്ചത്. അതൊക്കെയല്ലേ അന്വേഷിക്കേണ്ടത്. ഈ വിഷയത്തില്‍ വി എസ് അയച്ച കത്ത് ആയുധമാക്കേണ്ടതില്ലെന്ന് മുമ്പും പറഞ്ഞതാണ്.

ഇത്രയും നാളും ലാവ് ലിന്‍ ലാവ് ലിന്‍ എന്നായിരുന്നു തെരഞ്ഞെടുക്കടുക്കുമ്പോള്‍ പറഞ്ഞിരുന്നത്. അത് ആകെ ചീറ്റിപോയി അതിനാല്‍ മറ്റൊരു അന്വേഷണവുമായി വരികയാണ്. ഇത്തരത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ്.ഇങ്ങനെ നിയമവിരുദ്ധമായി കാര്യങ്ങള്‍ നടത്തുമ്പോള്‍ ഈ നാടിന്റെ ഭാവിയെന്താകും.ഈ നിയമവിരുദ്ധ വേട്ടയാടല്‍ ഭാവിയില്‍ സിപിഐ എമ്മില്‍ മാത്രമായി ഒതുങ്ങില്ല.

അനധികൃതമായി ക്വറികള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നിട്ടുണ്ട്. അത്തരത്തില്‍ അനുവദിച്ച 17 ക്വാറികളുടെ അനുമതി റദ്ദാക്കി അന്വേഷണം നടത്തണം. പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ അനുമതി തെറ്റായ വഴിയിലൂടെ സമ്പാദിച്ചാണ് അനുമതി നല്‍കിയത്. ഇതില്‍ മനം മടുത്താണ് അതോറിട്ടി ചെയര്‍മാനായ മുത്തുനായകം രാജിവച്ചത്. ഇതെല്ലാം നടക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വനം പരിസ്ഥിതി വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത്. അതിനാല്‍ ഈ വന്‍ അഴിമതിക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും പിണറായി ആവശ്യപ്പെട്ടു.

ടി പി ചന്ദ്രശേഖരന്‍ വധം ഗൂഢാലോചന കേസ് സിബിഐക്ക്

തിരു:ടി പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന കേസ് സിബിഐ അന്വേഷണത്തിന് വിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഡിജിപിയുടേ നിര്‍ദേശവും എജിയുടേയും നിയമോപദേശവും തേടിയ ശേഷമാണ് സിബിഐക്ക് വിടുന്നത്.

സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ഫായിസുമായി പ്രതികള്‍ക്കുള്ള ബന്ധം. കൊലപാതകത്തിന് പിന്നിലെ സാമ്പത്തിക സ്രോതസിന്റെ ഉറവിടം, പ്രതികളുടെ ജയിലിലടക്കമുള്ള ഫെയ്സ് ബുക്ക് ഉപയോഗം, വധശ്രമത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചന തുടങ്ങി ഹര്‍ജിക്കാരിയായ കെ കെ രമ ഉന്നയിച്ച കാര്യങ്ങളാണ് അന്വേഷിക്കുക. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായവും കേസ് സിബിഐക്ക് വിടുന്നതിന് പ്രേരകമായി. ഫായിസിന്റെ സ്വര്‍ണക്കടത്ത് കേസ് നിലവില്‍ സിബിഐയുടെ അന്വേഷണ പരിധിയിലാണെന്നും ചെന്നിത്തല പറഞ്ഞു.

നിയമത്തിന്റെ ദുരുപയോഗം ബൂമറാങ്ങാകും: പിണറായി

മലപ്പുറം: നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വിധിപറഞ്ഞ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്നും ഇത് യുഡിഎഫിന്റെ രാഷ്ട്രീയക്കളിയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ച് പെരിന്തല്‍മണ്ണയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിബിഐ അന്വേഷണത്തെക്കുറിച്ച് ഭയമില്ല. തീരുമാനം ബൂമറാങ്ങായി യുഡിഎഫിനെ തിരിച്ചടിക്കും. സിപിഐ എം നേതാക്കളെ വേട്ടയാടിയും കള്ളക്കേസില്‍ കുടുക്കിയും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലാവ്ലിന്‍ പറഞ്ഞാണ് പാര്‍ടിയെ വേട്ടയാടിയത്. അത് ചീറ്റിപ്പോയി. മറ്റേതെങ്കിലും തരത്തില്‍ പാര്‍ടി നേതാക്കളെ പ്രതിക്കൂട്ടിലാക്കി തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമോയെന്നാണ് ഇപ്പോള്‍ നോക്കുന്നത്. അതിനാണ് സിബിഐ അന്വേഷണം. ഇതിലൊന്നും സിപിഐ എം അമ്പരക്കില്ല. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടും. ഈ കളികൊണ്ട് എന്തെങ്കിലും നേടാമെന്ന വ്യാമോഹം കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ട. നിയമപരമായി ഇത്തരമൊരു അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ കഴിയാത്തതിനാലാണ് മന്ത്രിസഭയ്ക്ക് ആദ്യം തീരുമാനമെടുക്കാന്‍ കഴിയാതിരുന്നത്. എന്നാല്‍ പദ്ധതി ഉപേക്ഷിച്ചില്ല. സിബിഐ അന്വേഷണത്തോട് തത്വത്തില്‍ യോജിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. നിങ്ങള്‍ മറ്റൊന്നും ചെയ്യേണ്ടതില്ല, സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ മതിയെന്നാണ് അവരോട് പറഞ്ഞത്. പൊലീസ് സംഘത്തില്‍നിന്ന് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് വാങ്ങിയ ശേഷമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. പച്ചയായ നിയമനിഷേധമാണിത്.

ഒരു രാഷ്ട്രീയ പാര്‍ടിയോടുളള വിരോധം വെച്ച് നിയമവിരുദ്ധമായി ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ എന്താകും നിയമവ്യവസ്ഥയുടെയും നാടിന്റെയും സ്ഥിതിയെന്ന് ഗൗരവമായി ചിന്തിക്കണം. ഇത്തരം നടപടികള്‍ സിപിഐ എമ്മില്‍ മാത്രമായി ഒതുങ്ങില്ല. നാടിന്റെ ഭാവിയെത്തന്നെ ഗൗരവമായി ബാധിക്കും. അടിയന്തരാവസ്ഥക്കാലത്ത് അമിതാധികാര വാഴ്ചയില്‍ സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അന്ന് നിയമവാഴ്ച പുനഃസ്ഥാപിക്കാന്‍ വലിയ പ്രക്ഷോഭം നടന്നു. ഇപ്പോള്‍ സാധാരണ അന്തരീക്ഷത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തുന്നു. സിപിഐ എം വിരുദ്ധ ശക്തികള്‍ ഇത്തരം നിയമവിരുദ്ധ നടപടികളെ അംഗീകരിക്കുമോ?

ചന്ദ്രശേഖരന്‍ വധക്കേസില്‍ കുടുക്കി അറസ്റ്റുചെയ്ത സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം പി മോഹനനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വലിയതോതില്‍ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിനല്‍കാന്‍ സമ്മര്‍ദം ചെലുത്തി. "നിങ്ങളെ മോചിപ്പിക്കാം. എസ്എസിനെ പറഞ്ഞാല്‍ മതി" എന്നാണ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് പറഞ്ഞത്. പാര്‍ടി സംസ്ഥാന സെക്രട്ടറിയെയാണ് എസ്എസ് എന്ന് ഉദ്ദേശിച്ചത്. അത്തരം പ്രയോഗം പാര്‍ടിക്കുള്ളിലില്ല. ഇത് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയ്ക്കെടുത്ത തീരുമാനമല്ല. കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ അനൂപ് കുരുവിളയ്ക്ക് വിരോധം തോന്നേണ്ട കാര്യമില്ല. സര്‍ക്കാര്‍ സമ്മര്‍ദംമൂലമാണ് ഉദ്യോഗസ്ഥന്‍ മോഹനനെ ഭീഷണിപ്പെടുത്തിയത്. 76 പ്രതികളെ ഉള്‍പ്പെടുത്തി പലരുടെയും മൊഴിയെടുത്ത്, റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ചിട്ടും ഗൂഢാലോചന കണ്ടെത്താനായില്ല. പുതുതായി ഒരു തെളിവുമില്ലാതെ ഇനി പുതിയ അന്വേഷണമാണ്. ഇത് തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുന്നത് യുഡിഎഫിനെയാകുമെന്ന് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment