Tuesday, February 18, 2014

പൊന്നാനിയുടെ നേട്ടങ്ങള്‍ ഇടതുപക്ഷം സമ്മാനിച്ചത്

പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നമായിരുന്നു. പക്ഷേ 2006ല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് ചമ്രവട്ടം പദ്ധതി യഥാര്‍ഥ്യമായി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ തറക്കല്ലിട്ട പദ്ധതിയുടെ നിര്‍മാണപ്രവൃത്തി ആരംഭിച്ചത് പാലോളി മുഹമ്മദുകുട്ടി പൊന്നാനിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയശേഷം 2009ലാണ്. രണ്ട് വര്‍ഷം കൊണ്ട് 75 ശതമാനം പ്രവൃത്തിയും പൂര്‍ത്തീകരിച്ചപ്പോഴേക്ക് യുഡിഎഫ് സര്‍ക്കാര്‍ വന്നത്. പദ്ധതി പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ പൊന്നാനിക്കാര്‍ക്ക് സമരം ചെയ്യേണ്ടിവന്നു. തിരൂര്‍þപൊന്നാനി യാത്രാദൂരം 20 കിലോമീറ്ററും മലപ്പുറംþപൊന്നാനി യാത്രാദൂരം 10 കിലോമീറ്ററും കുറയ്ക്കുന്ന ചമ്രവട്ടം പാലം കോഴിക്കോട്ടുനിന്ന് ഗുരുവായൂരേക്കും എറണാകുളത്തേക്കുമുള്ള യാത്രാസമയത്തില്‍ ഗണ്യമായ കുറവുവരുത്തി. 4244 ഹെക്ടറില്‍ ജലസേചനസൗകര്യവും പൊന്നാനി, തിരൂര്‍ നഗരസഭാ പ്രദേശങ്ങളിലും പരിസരങ്ങളിലും കുടിവെള്ളവും നല്‍കാന്‍ പദ്ധതിക്ക് കഴിയുന്നു. പൊന്നാനിയെ പ്രതിനിധീകരിച്ച അന്നത്തെ മന്ത്രി പാലോളി മുഹമ്മദുകുട്ടിയുടെ തുടര്‍ച്ചയായ ഇടപെടലില്ലായിരുന്നെങ്കില്‍ പദ്ധതി യാഥാര്‍ഥ്യമാകുമായിരുന്നില്ല.

2001ല്‍ അനുമതി ലഭിച്ച പൊന്നാനി മത്സ്യബന്ധന തുറമുഖം യാഥാര്‍ഥ്യമാക്കിയതും 2006ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്. 350 യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും 1250 പരമ്പരാഗത വഞ്ചികള്‍ക്കും തങ്ങാന്‍ കഴിയുന്ന തുറമുഖം 6500 മത്സ്യത്തൊഴിലാളികള്‍ക്ക് നേരിട്ടും കാല്‍ ലക്ഷത്തോളം പേര്‍ക്ക് പരോക്ഷമായും പ്രയോജനപ്പെടുന്നതാണ്. 2006 മുതല്‍ 2011 വരെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 750 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടന്നത്. എല്ലാ കാലാവസ്ഥയിലും കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയുംവിധമുള്ള ആധുനിക കാര്‍ഗോ തുറമുഖം പൊന്നാനിയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് അംഗീകാരമായി. പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എയുടെ തുടര്‍ച്ചയായ ശ്രമഫലമായാണ് പദ്ധതി നിര്‍മാണപ്രവൃത്തി ആരംഭിക്കാവുന്ന അവസ്ഥയിലെത്തിയത്. 2000 കോടി രൂപയുടെ ആദ്യഘട്ടം മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങുമെന്നാണ് കരുതുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും. തുറമുഖത്തേക്ക് 13 കിലോമീറ്റര്‍ റെയില്‍പ്പാത നിര്‍മിക്കാന്‍ 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കണം. ഇതിന് 100 കോടി ചെലവുവരും. പദ്ധതി പൂര്‍ത്തിയായാല്‍ 50,000 ടണ്‍ കേവുഭാരമുള്ള ചരക്കുകപ്പലുകള്‍ക്ക് ഏത് കാലാവസ്ഥയിലും പൊന്നാനിയില്‍ അടുക്കാന്‍ കഴിയും. മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ക്ക് പ്രയോജനപ്രദമാണ് പദ്ധതി.

ബിയ്യം ടൂറിസം പദ്ധതിക്ക് 2.5 കോടി രൂപ അനുവദിച്ചതും കാപ്പിരിക്കാട് മുതല്‍ പൊന്നാനി അഴിമുഖം വരെ കടല്‍ഭിത്തി കെട്ടാന്‍ മൂന്ന് കോടി അനുവദിച്ചതും എംഎല്‍എയുടെ ശ്രമഫലമായാണ്. കടലാക്രണത്തില്‍ വീട് ഇല്ലാതായവരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര സഹായം നേടിയെടുക്കാന്‍ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇ ടി മുഹമ്മദ് ബഷീറിന് കഴിഞ്ഞില്ല. എംപിയുടെ പദ്ധതികളായി പൊന്നാനിയില്‍ ഒന്നും കണ്ടെത്താന്‍ കഴിയില്ല. ദേശീയപാതാ വികസനത്തിനും കുറ്റിപ്പുറംþപുതുപൊന്നാനി ബൈപാസ് നിര്‍മ്മാണത്തിലും കേന്ദ്രഫണ്ട് നേടുന്നതില്‍ എംപി പരാജയപ്പെട്ടു. ഈ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തിന് ഫണ്ട് നേടാനും എംഎല്‍എ ഇടപെടേണ്ടിവന്നു. ഇടതുപക്ഷ എംഎല്‍എമാരുടെ ശ്രമമാണ് പൊന്നാനിയുടെ വികസനത്തിന് ഇത്രയും കുതിപ്പ് നല്‍കിയത്.

deshabhimani

No comments:

Post a Comment