Monday, February 17, 2014

നിലമ്പൂര്‍ കൊല: രാധ പീഡനത്തിനിരയായി- പൊലീസ്

നിലമ്പൂര്‍: കൊലപാതകത്തിന് മുമ്പ് രാധ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി ഐജി എസ് ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. എന്നാല്‍ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോര്‍ട്ടിലില്ല. ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകണമെങ്കില്‍ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ട് ലഭിക്കണം. കഴുത്ത് ഞെരിച്ചും വായയും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.

അതിനുശേഷം പ്ലാസ്റ്റര്‍ ഉപയോഗിച്ച് വായയും മൂക്കും ഒട്ടിച്ചു. കോണ്‍ഗ്രസ് ഓഫീസിലെ ചൂലിന്റെ പ്ലാസ്റ്റിക്ക് പിടി ജനനേന്ദ്രിയത്തില്‍ കുത്തിയിറക്കിയാണ് മുറിവുണ്ടാക്കിയത്. അഞ്ച് സെന്റീമീറ്റര്‍ ആഴത്തില്‍ ഇത് മുറിവുണ്ടാക്കി. പീഡനം നടന്നതായുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. പ്രതികളെ ചോദ്യംചെയ്തു. കൊലപാതകത്തിനുണ്ടായ കാരണങ്ങള്‍ വ്യക്തിജീവിതത്തെ ദോഷകരമായി ബാധിക്കുന്ന രഹസ്യങ്ങള്‍ പുറത്തുപറയുമെന്ന ഭീതിയാണ്. ബിജുവിന്റെ മാത്രം അഭിമാനം രക്ഷിക്കാന്‍ മാത്രമല്ല, ബിജുവും രാധയുമായുള്ള എട്ട് വര്‍ഷത്തെ അടുപ്പം അകല്‍ച്ചയിലേക്ക് മാറിയതും കൊലപാതകത്തിന് കാരണമായതായി പ്രതി മൊഴിനല്‍കിയിട്ടുണ്ട്.

നാലാം തീയതിതന്നെ ബിജു ഷംസുദ്ദീനെ വിളിച്ചുവരുത്തി കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. കോണ്‍ഗ്രസ് ഓഫീസില്‍വച്ച് രാധയെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഗുഡ്സ് ഓട്ടോയില്‍ കയറ്റി പകല്‍ പതിനൊന്നോടെ ഷംസുദ്ദീന്റെ ചുള്ളിയോടെ വീട്ടിനടുത്തുള്ള റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ വീട്ടില്‍ നിര്‍ത്തിയിട്ടു. അതിനുശേഷം രാത്രിയിലാണ് മൃതദേഹത്തില്‍ കല്ലുകെട്ടി കുളത്തില്‍ താഴ്ത്തിയത്. കേസന്വേഷണം പ്രാരംഭദിശയിലാണ്. നിരവധി പേരെ ചോദ്യംചെയ്യാനുണ്ട്.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതിനുശേഷം നടന്ന തെളിവെടുപ്പില്‍ രാധയുടെ കണ്ണട, കൊല്ലാനുപയോഗിച്ച പ്ലാസ്റ്ററിന്റെ കവര്‍, ടോര്‍ച്ച്, വസ്ത്രം കത്തിച്ചത്, മൊബൈല്‍ ഫോണിന്റെ വിവിധ കഷ്ണങ്ങള്‍, സിം കാര്‍ഡ്, രാധയുടെ ആഭരണങ്ങള്‍ എന്നിവ കണ്ടെത്തി. ഷംസുദ്ദീന്റെ ഗുഡ്സ് ഓട്ടോയും ബിജുവിന്റെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 69 പേരെ ചോദ്യംചെയ്തു. രാധയുടെ ശരീര തൂക്കത്തിനുസരിച്ചുള്ള ഡമ്മി ഉപയോഗിച്ചും തെളിവെടുപ്പ് നടത്തി- ഐജി പറഞ്ഞു.

കോണ്‍ഗ്രസ് ഓഫീസിലെ കൊല: ഫോറന്‍സിക് തെളിവെടുപ്പിലും ഗുരുതര പൊലീസ് അനാസ്ഥ

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് തെളിവെടുപ്പില്‍ പൊലീസ് ഗുരുതര അനാസ്ഥ കാട്ടി. ഒരു സാക്ഷിപോലുമില്ലാതെ, പ്രതികളുടെ മൊഴിയില്‍ മാത്രം തൂങ്ങി ദുര്‍ബലമായ കേസില്‍ ഫോറന്‍സിക് തെളിവുകള്‍ സുപ്രധാനമാണ്. എന്നാല്‍ തുടക്കം മുതലേ പ്രതികളുടെ കഥയുടെ പിറകേ പോയ പൊലീസ് ഫോറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതില്‍ സമ്പൂര്‍ണ പരാജയമായി. പ്രതികളുടെ മൊഴിയും രാധയുടെ കണ്ടെടുത്ത സിം കാര്‍ഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളുമാണ് കേസിലെ ഏക തെളിവുകള്‍. എന്നാല്‍ പ്രതികള്‍ പൊലീസിന് നല്‍കുന്ന മൊഴി കോടതിയില്‍ കേസിന് അല്‍പംപോലും ബലംനല്‍കില്ല. മൊഴി പൊലീസ് നിര്‍ബന്ധിച്ച് പറയിച്ചതാണെന്ന് വാദിച്ചാല്‍ കോടതിയില്‍നിന്ന് രക്ഷനേടാം. അതിനാല്‍ കൊല്ലപ്പെട്ടയാളെയും പ്രതികളെയും ബന്ധിപ്പിക്കുന്ന കൃത്യമായ തെളിവോ സാക്ഷിയോ ആണ് വേണ്ടത്. സാക്ഷികളെയൊന്നും കണ്ടെത്താനാകാത്ത സ്ഥിതിക്ക് ഫോറന്‍സിക് തെളിവുകളില്‍ മാത്രമാണ് കേസ് നില്‍ക്കുക. അഴുകിയിരുന്നതിനാല്‍ മൃതദേഹത്തില്‍നിന്ന് തെളിവുകള്‍ കിട്ടാന്‍ സാധ്യതയില്ല.

തെളിവുകള്‍ക്ക് സാധ്യതയുള്ളത് കൊല നടന്ന കോണ്‍ഗ്രസ് ഓഫീസാണ്. ഓഫീസ് വെള്ളമൊഴിച്ച് കഴുകിയതിനാല്‍ നഷ്ടപ്പെട്ട തെളിവുകള്‍ കണ്ടെത്തുകയെന്ന ശ്രമകരമായ ജോലിയായിരുന്നു ഫോറന്‍സിക്കിനുള്ളത്. എന്നാല്‍ ഐജിയെവരെ കൊണ്ടുവന്ന കേസില്‍ ഫോറന്‍സിക്കിലെ ഒരു സീനിയര്‍ സയന്റിസ്റ്റിനെ കൊണ്ടുവരാന്‍ പൊലീസ് തയ്യാറായിട്ടില്ല. മുറി കഴുകാന്‍ ഉപയാഗിച്ച വസ്തുവില്‍നിന്നുവരെ തെളിവുകള്‍ ലഭിച്ച ചരിത്രമുണ്ടായിട്ടും ഇതിനുള്ള ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കൊലചെയ്യുമ്പോള്‍ പ്രതി ഇട്ടിരുന്ന വസ്ത്രങ്ങള്‍ ഫോറന്‍സിക് തെളിവെടുപ്പില്‍ സുപ്രധാനമാണ്. ഇത് കണ്ടെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹം കണ്ടെത്തി രണ്ടുദിവസത്തിനകം കോണ്‍ഗ്രസ് ഓഫീസ് തുറന്നുകൊടുക്കുകയാണ് പൊലീസ് ചെയ്തത്. എന്നാല്‍ കംപ്യൂട്ടര്‍ മുറിയില്‍നിന്ന് ഫോറന്‍സിക്കിന് ലഭിച്ച രക്തക്കറ മാത്രം നേരിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

പ്രതി പറയുന്ന വഴിയെ മാത്രം പൊലീസ് സഞ്ചരിക്കുന്നത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അഞ്ചിന് രാവിലെ കൊല നടത്തിയെന്നും ഉടന്‍ തന്നെ ചാക്കില്‍ കെട്ടി കൊണ്ടുപോയെന്നും കുളത്തിനടുത്ത് എത്തിച്ചെന്നുമുള്ള പ്രതിയുടെ മൊഴി കണക്കിലെടുത്താണ് പൊലീസിന്റെ അന്വേഷണം. ഇത് വാസ്തവമല്ലെങ്കില്‍, ഈ സമയത്ത് മറ്റെവിടെയെങ്കിലും ആയിരുന്നെന്ന് കോടതിയില്‍ തെളിയിക്കാന്‍ പ്രതിക്ക് സാധിക്കും. മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ സൂക്ഷിച്ചശേഷമാണ് പുറത്തേക്ക് കൊണ്ടുപോയത്. ഇത് തെളിവുസഹിതം സ്ഥാപിക്കാനായില്ലെങ്കില്‍ അത് പ്രതിക്ക് കോടതിയില്‍ ഏറെ ഗുണംചെയ്യുമെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു. തെളിവുകള്‍ ഇല്ലെങ്കിലും, വൈദ്യപരിശോധന നടത്തുന്ന ഡോക്ടര്‍ക്ക് മുന്നില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയാല്‍ കേസിന് ബലംവയ്ക്കും. നിലമ്പൂര്‍ കേസില്‍ ഇത്തരത്തിലൊന്നും ഉണ്ടായിട്ടില്ല. പ്രതിയെ പൊലീസ് സര്‍ജനെക്കൊണ്ട് പരിശോധിപ്പിക്കാനും പൊലീസ് തയ്യാറായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസ് കൈപ്പറ്റിയിട്ടുണ്ട്. ബലാത്സംഗം നടന്നതെന്ന് സംശയിക്കാവുന്ന മുറിവുകള്‍ രാധയുടെ ദേഹത്തുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

പി സി പ്രശോഭ്

പ്രതികളെ തിടുക്കത്തില്‍ മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കി

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി രാധയുടെ കൊലപാതകക്കേസിലെ പ്രതികളെ കോടതി അനുവദിച്ച സമയം തീരാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ധൃതിപിടിച്ച് പൊലീസ് മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. പൊലീസ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയില്‍ അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയാക്കിയെന്ന് പറഞ്ഞാണ് പ്രതികളെ ഹാജരാക്കിയത്. ഇതിനായി കേസിന്റെ തുടക്കം മുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇംഗിതത്തിനുസരിച്ച് പ്രവര്‍ത്തിച്ച സ്ഥലംമാറ്റിയ സിഐയും എസ്ഐയും അന്വേഷകസംഘത്തിനൊപ്പം നിഴല്‍പോലെ പിന്തുടര്‍ന്നു. പ്രതികളെ ബുധനാഴ്ചവരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നുവെങ്കിലും മൂന്ന് ദിവസം മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകിട്ടാണ് മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.

തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ബിജു ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും അഞ്ച് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്നും ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞിരുന്നു. ഇത് വാര്‍ത്തയായി ചില പത്രങ്ങളില്‍ വരികയും ചെയ്തു. ഇതിന്റെ അപകടം മുന്‍കൂട്ടി മനസ്സിലാക്കി കനത്ത പൊലീസ് കാവലിലാണ് ബിജുവിനെ രണ്ടുദിവസവും തെളിവെടുപ്പിനായി കൊണ്ടുവന്നത്. മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനും സംസാരിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി.

ഞായറാഴ്ച രാവിലെ നിലമ്പൂരിലെത്തിയ ഐജി എസ് ഗോപിനാഥ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി വൈകിട്ട് നാലോടെ വാര്‍ത്താസമ്മേളനം വിളിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായും പ്രതികളെ കോടതിക്ക് കൈമാറുന്നതായും അറിയിച്ചു. വാര്‍ത്താസമ്മേളനം നടത്തുമ്പോഴും ഡമ്മിയുപയോഗിച്ച് പ്രതികളുമായി തെളിവെടുപ്പ് നടത്തുമ്പോഴും സ്ഥലംമാറ്റിയ സിഐ എ പി ചന്ദ്രനും എസ്ഐ സുനില്‍ പുളിക്കലും ഐജിയോടൊപ്പമുണ്ടായിരുന്നു. ഇതിനിടെ അന്വേഷകസംഘത്തില്‍ പൊലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ആര്‍ സതീഷ്, കോണ്‍ഗ്രസ് അനുഭാവി രാജേഷ് എന്നിവരെ ഉള്‍പ്പെടുത്തിയത് വിവാദമായിട്ടുണ്ട്. വ്യാഴാഴ്ചയാണ് പ്രതികളായ ബിജുവിനെയും ഷംസുദ്ദീനെയും കോടതിയില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

പോസ്റ്റ്മോര്‍ട്ടത്തിനു മുമ്പ് പൊലീസ് രാധയുടെ പല്ല് ഇളക്കി

മലപ്പുറം: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കൊടുക്കുന്നതിനുമുമ്പ് പൊലീസ് പല്ല് ഇളക്കി. മൃതദേഹത്തില്‍ ഒരു മാറ്റവും വരുത്താതെ പോസ്റ്റ്മോര്‍ട്ടത്തിന് നല്‍കണമെന്ന ചട്ടം ലംഘിച്ചാണ് പൊലീസ് പല്ല് ഇളക്കിയെടുത്തശേഷം തിരികെവച്ചത്. മൃതദേഹത്തില്‍ അടിവസ്ത്രമുണ്ടായിരുന്നെന്ന കാര്യവും പൊലീസ് ഡോക്ടര്‍മാരില്‍നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനിടെ ഡോക്ടര്‍മാരാണ് പല്ല് ഇളകിയിരിക്കുന്നത് കണ്ടത്. കൊല്ലാനായി തുണി തിരുകിയപ്പോള്‍ ഇളകിപ്പോയതാകാമെന്നായിരുന്നു ഡോക്ടര്‍മാര്‍ കരുതിയത്. എന്നാല്‍ മൃതദേഹം കണ്ടെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് പല്ല് പൊലീസ് ഇളക്കിയെടുത്തതായി ഡോക്ടര്‍മാര്‍ മനസ്സിലാക്കിയത്. ഇത് ഉടനെ തിരികെവയ്ക്കുകയും ചെയ്തു.

പോസ്റ്റ്മോര്‍ട്ടത്തിനുമുമ്പ് മൃതദേഹത്തില്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കണമെന്ന ചട്ടവും പൊലീസ് ലംഘിച്ചു. പല്ല് ഇളക്കിയതെന്തിനെന്നത് ദുരൂഹമായി തുടരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഫോറന്‍സിക് പരിശോധനക്കായി ഈ പല്ല് പൊലീസ് വീണ്ടും എടുത്തു. മൃതദേഹം ലഭിച്ചപ്പോള്‍ അടിവസ്ത്രമുണ്ടായിരുന്നു. എന്നാല്‍ ഇതില്ലാതെയാണ് പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം എത്തിച്ചത്. അടിവസ്ത്രമുണ്ടായിരുന്നതായി ദേഹത്തെ പാടില്‍നിന്ന് മനസ്സിലായ ഡോക്ടര്‍മാര്‍ ഇതന്വേഷിച്ചു. എന്നാല്‍ അറിയില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. പാട് കാണിച്ചപ്പോള്‍ പൊലീസ് സമ്മതിക്കുകയായിരുന്നു. അടിവസ്ത്രം ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന ഡിവൈഎസ്പി കെ പി വിജയകുമാര്‍ അറിയിച്ചു.

കോടതിയെ സമീപിക്കുമെന്ന് രാധയുടെ സഹോദരന്‍

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ രാധയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും നീതിലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്നും രാധയുടെ സഹോദരന്‍ ഭാസ്കരന്‍ പറഞ്ഞു. നിലവിലുള്ള അന്വേഷണത്തില്‍ നീതിലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടും. ബിജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണിപ്പോള്‍ പൊലീസ് അന്വേഷണം നടത്തുന്നത്. പൊലീസ് ചോദ്യം ചെയ്യല്‍ ബിജുവിന്റെ ഫോണ്‍ കോള്‍ ലിസ്റ്റിലുള്ളവരെ കേന്ദ്രീകരിച്ചും. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഓഫീസുകൂടിയായ കോണ്‍ഗ്രസ് ഓഫീസ്, ആര്യാടന്‍ ഷൗക്കത്തിന്റെ സ്വകാര്യ ഓഫീസ്, മന്ത്രിയുടെ സഹോദരന്‍ അഡ്വ. ആസാദിന്റെ ഓഫീസ് എന്നീ സ്ഥലങ്ങളിലാണ് രാധ ജോലിചെയ്തിരുന്നത്. ഇവിടങ്ങളിലൊന്നും പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പല ഉന്നതരെയും ചോദ്യംചെയ്യാന്‍ പൊലീസ് പേടിക്കുന്നു. ഇത് സംശയങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. നീതി ലഭിക്കാന്‍ മനുഷ്യാവകാശ കമീഷന് പരാതി നല്‍കുമെന്നും ഭാസ്കരന്‍ പറഞ്ഞു. നിയമ സഹായത്തിനായി ഭാസ്കരനെ സഹായിക്കാന്‍ നിയമ സഹായ സമിതി രൂപീകരിച്ചു. തിങ്കളാഴ്ച നിയമ സഹായ സമിതി കേസിന്റെ വശങ്ങള്‍ പരിശോധിക്കും.

deshabhimani

No comments:

Post a Comment