Monday, February 17, 2014

ഖാദി ബോര്‍ഡില്‍ ആളില്ല; ഓഫീസുകള്‍ നോക്കുകുത്തി

ഖാദി ബോര്‍ഡില്‍ നിയമനവും സ്ഥാനക്കയറ്റവും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ നവംബര്‍വരെ ഒഴിവുവന്ന 43 തസ്തികയില്‍ നിയമനമോ ഈ തസ്തികകളിലേക്ക് സ്ഥാനക്കയറ്റമോ പാടില്ലെന്നുകാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ 215 തസ്തികയാണ് ബോര്‍ഡില്‍ ഒഴിഞ്ഞുകിടക്കുന്നത്. സംസ്ഥാനത്ത് നിയമനിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ആണയിടുമ്പോഴാണ് പ്രത്യേക ഉത്തരവിലൂടെ തസ്തികകള്‍ ഒഴിച്ചിട്ട് പടിപടിയായി ഇല്ലാതാക്കാന്‍ സര്‍ക്കാരും ബോര്‍ഡും കിണഞ്ഞുശ്രമിക്കുന്നത്.

ഖാദിബോര്‍ഡ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ പദ്ധതിവിഹിതം നല്‍കാതെയും പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസിലൊതുക്കിയും ഗോപിനാഥന്‍നായര്‍ ശുപാര്‍ശകള്‍ നടപ്പാക്കാതെയും ബോര്‍ഡിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നിയമനിരോധന ഉത്തരവും നടപ്പാക്കുന്നത്. സാമ്പത്തികപ്രതിസന്ധിയും വിപണി തകര്‍ച്ചയും ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമനം പാടില്ലെന്ന നിലപാട്്. ജില്ലാ ഓഫീസുകളിലൊന്നും പകുതി ജീവനക്കാര്‍ പോലുമില്ല. വിരമിച്ച തസ്തികകളില്‍ പോലും ആളില്ല. ജീവനക്കാരാകെ പ്രക്ഷോഭരംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് ജില്ലാ ഓഫീസുകളില്‍ പ്രോജക്ട് ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തിയത്്.

പ്രതികാര മനോഭാവത്തോടെയും മാനദണ്ഡം ലംഘിച്ചുമാണ് സ്ഥലംമാറ്റം നടത്തുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ "ആഴ്ചയില്‍ ഒരിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഖാദി യൂണിഫോമും ജിവനക്കാര്‍ക്ക് ഖാദി വസ്ത്രവും" പദ്ധതി ശ്രദ്ധേയമായിരുന്നു. ഖാദി സില്‍ക്ക് മേളകള്‍ ബോര്‍ഡ് സംഘടിപ്പിക്കുമെന്ന് കഴിഞ്ഞസര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതോടെ പ്രഖ്യാപനം അട്ടിമറിച്ചു. മുന്‍സര്‍ക്കാര്‍ ഖാദി വസ്ത്രവിപണനം ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ശക്തിപ്പെടുത്തിയെങ്കില്‍ ഇപ്പോള്‍ ഖാദി വസ്ത്രവിപണനത്തിന് ഫെസ്റ്റിവലില്‍ സ്ഥാനമില്ല.

ആയിരത്തിലേറെ ജീവനക്കാര്‍ വേണ്ട ബോര്‍ഡില്‍ ജീവനക്കാരുടെ എണ്ണം എഴുനൂറില്‍ താഴെയായിട്ടും അത്യാവശ്യതസ്തികകളില്‍ പോലും നിയമനം നടത്താതെ തസ്തികകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെയും ബോര്‍ഡ് മേധാവികളുടെയും നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജീവനക്കാര്‍.

deshabhimani

No comments:

Post a Comment