Thursday, February 13, 2014

പൊലീസില്‍ 20000 പേര്‍ക്ക് സീനിയോറിറ്റി നഷ്ടമാകും

ആംഡ് ബറ്റാലിയന്‍, ആംഡ് റിസര്‍വ് ബറ്റാലിയന്‍ വഴി പൊലീസ് സര്‍വീസില്‍ പ്രവേശിച്ചവരുടെ സീനിയോറിറ്റി തര്‍ക്കം ഏകദേശം 20,000 പേര്‍ക്ക് തിരിച്ചടിയാകും. സീനിയോറിറ്റി പുനഃക്രമീകരിച്ച് തര്‍ക്കം പരിഹരിക്കാന്‍ ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഉത്തരവിറക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായാണ് ഡിജിപിയുടെ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് എഡിജിപി എ ഹേമചന്ദ്രന്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് സീനിയോറിട്ടി പുനഃക്രമീകരണത്തിന് ഡിജിപി ഉത്തരവിട്ടത്. ഇത് പ്രാബല്യത്തിലായാല്‍ ഏകദേശം 20,000 പേര്‍ക്ക് സീനിയോറിറ്റി നഷ്ടമാകും.

ആംഡ് ബറ്റാലിയന്‍ വഴി 1978മുതല്‍ സര്‍വീസില്‍ എത്തിയവരെ ആംഡ് റിസര്‍വുകളില്‍ 1988ല്‍ പ്രവേശിച്ചവരുടെ ജൂനിയറാക്കാനാണ് ഡിജിപി ഉത്തരവിട്ടന്നതെന്നാണ് പരാതി. പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ ഒരു ജൂനിയര്‍ സൂപ്രണ്ടാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. സീനിയോറിറ്റി പുനഃക്രമീകരണത്തിന് ജില്ലാ പൊലീസ് മേധാവികള്‍ക്കും റേഞ്ച് ഐജിമാര്‍ക്കുമാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. ആരുടെയും സീനിയോറിറ്റി നഷ്ടമാകാതെ പ്രശ്നപരിഹാരം വേണമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. അതിനാല്‍ ഡിജിപിയുടെ ഉത്തരവ് തല്‍ക്കാലം നടപ്പാക്കരുതെന്നും യോഗം നിര്‍ദേശിച്ചു. എന്നാല്‍, അതിന് വിരുദ്ധമായി തിരുവനന്തപുരം റേഞ്ചില്‍ ഡിജിപിയുടെ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃക്രമീകരിക്കാന്‍ ഐജി കഴിഞ്ഞ ദിവസം നിര്‍ദേശിക്കുകയായിരുന്നു. ഇത് നടപ്പായാല്‍ സംസ്ഥാന വ്യാപകമായി ഉത്തരവ് ബാധകമാക്കേണ്ടിവരും. ഇപ്പോള്‍ എഎസ്ഐ, എസ്ഐ, സിഐ തസ്തികകളിലുള്ള 3,500 പേരുള്‍പ്പെടെ 20,000 പേരെ ഇത് പ്രതികൂലമായി ബാധിക്കും. പത്തുവര്‍ഷത്തോളം സര്‍വീസ് കുറഞ്ഞവരുടെ താഴെയെത്തുമെന്നാണ് ഇവരുടെ പരാതി. സര്‍ക്കാര്‍ നിയോഗിച്ച എഡിജിപി എ ഹേമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ നടപ്പാക്കിയാല്‍ പ്രശ്നം പരിഹരിക്കാനാകും. അതിന് പകരം ഏകപക്ഷീയമായി ഉത്തരവുമായി മുന്നോട്ടുപോകാനാണ് ഡിജിപിയുടെ നീക്കമെന്ന് ഇവര്‍ പറയുന്നു.

deshabhimani

No comments:

Post a Comment