Thursday, February 13, 2014

കെപിസിസി പ്രസിഡന്റിനെ സ്വീകരിക്കാന്‍ കലക്ടര്‍; ചട്ടലംഘനം വിവാദമായി

കൊല്ലം: കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയ കലക്ടര്‍ ചട്ടവിരുദ്ധമായി കെപിസിസി പ്രസിഡന്റിനെ ഷാള്‍ അണിയിച്ചു. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമായി കൊല്ലം കലക്ടര്‍ ബി മോഹനാണ് ഡിസിസി ഓഫീസില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തി കെപിസിസി പ്രസിഡന്റ് വി എം സുധീരനെ ത്രിവര്‍ണ ഷാള്‍ അണിയിച്ചത്.

ഡിസിസി പ്രസിഡന്റ് പ്രതാപവര്‍മതമ്പാന്റെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ ബുധനാഴ്ച രാത്രി 9.30നാണ് സംഭവം. കൊല്ലത്ത് 15നു നടക്കുന്ന ഐഎന്‍ടിയുസി റാലിയുടെ അവലോകനയോഗത്തില്‍ പങ്കെടുക്കാനാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും കെപിസിസി വൈസ്പ്രസിഡന്റ് വി ഡി സതീശനുമൊപ്പം ഡിസിസി ഓഫീസില്‍ എത്തിയത്. ഔദ്യോഗിക കാറില്‍ ഡിസിസി ഓഫീസില്‍ എത്തിയ കലക്ടര്‍ ബി മോഹനന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയില്‍നിന്ന് ത്രിവര്‍ണ ഷാള്‍ വാങ്ങി വി എം സുധീരനെ അണിയിച്ചു. തുടര്‍ന്ന് രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും കലക്ടര്‍ ഷാള്‍ അണിയിച്ചു.

എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരമുള്ള കലക്ടര്‍ രാഷ്ട്രീയനേതാക്കളെ ഷാള്‍ അണിയിക്കുന്നത് ഔദ്യോഗിക പദവിയോടുള്ള അനാദരവും സിവില്‍ സര്‍വീസ് പെരുമാറ്റചട്ടങ്ങളുടെ ലംഘനവുമാണ്.

deshabhimani

No comments:

Post a Comment