Thursday, February 13, 2014

ലാവ്ലിന്‍: പ്രോസിക്യൂഷന്റെ പ്രാഥമിക വാദങ്ങള്‍ തള്ളി

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി വിധിക്കെതിരെയുള്ള റിവിഷന്‍ ഹര്‍ജികളില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സിബിഐയും ക്രൈം നന്ദകുമാറും സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് കെ രാമകൃഷ്ണന്റെ നടപടി. വിചാരണക്കോടതിയിലെ കേസ് ഫയലുകള്‍ ഹൈക്കോടതിയിലേക്ക് അയക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാരിന് യഥാര്‍ഥത്തില്‍ നഷ്ടമുണ്ടായിട്ടില്ലെങ്കില്‍ പിന്നെങ്ങനെ അഴിമതിനിരോധ നിയമത്തിലെ വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കുമെന്ന് കോടതി പ്രാഥമിക വാദത്തിനിടെ ചോദിച്ചു. ബാലാനന്ദന്‍ കമ്മിറ്റി ലാവ്ലിന്‍ കരാര്‍ പരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ടോയെന്നും 1995ലെ കരാറിന്റെ തുടര്‍ കരാറല്ലേ കേസിനാധാരമെന്നും കോടതി ആരാഞ്ഞു.

 കേസില്‍ വിചാരണക്കോടതി കരാറിനാണ് അമിത പ്രാധാന്യം നല്‍കിയതെന്നും തെളിവുകള്‍ പരിശോധിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും സിബിഐ പ്രോസിക്യൂട്ടര്‍ ആരോപിച്ചു. വിചാരണക്കോടതിയിലെ മുന്‍ ന്യായാധിപന്‍ സമന്‍സ് അയച്ചതിനാല്‍ പിന്നീട് വന്ന ന്യായാധിപന് ഇവരെ കുറ്റവിമുക്തരാക്കാന്‍ അധികാരമില്ലെന്ന് ക്രൈം നന്ദകുമാറിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും വാദം കോടതി നിരസിച്ചു. അങ്ങനെയെങ്കില്‍ ഒരു കോടതിക്കും പ്രതികളാക്കപ്പെട്ടവരെ കുറ്റവിമുക്തരാക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ വിചാരണക്കോടതിയില്‍ ഹാജരാക്കിയ തെളിവുകളെല്ലാം അവഗണിക്കപ്പെട്ടുവെന്നും ഒരു കേസിലും തെളിവുകള്‍ പൂര്‍ണമായും അവഗണിക്കപ്പെടാന്‍ പാടില്ലെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും ഈ വാദത്തോടും കോടതി യോജിച്ചില്ല. അങ്ങനെയെങ്കില്‍ പൊലീസ് കോടതിയില്‍ ഹാജരാക്കുന്ന തെളിവുകള്‍ വിചാരണക്കോടതിക്ക് നിരസിക്കാന്‍ കഴിയില്ലല്ലോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. റിവിഷന്‍ ഹര്‍ജിയില്‍ എതിര്‍കക്ഷികളുടെ വാദം കേള്‍ക്കുന്നതിന് നോട്ടീസ് പുറപ്പെടുവിക്കുകയാണെന്നും കോടതി വ്യക്തമാക്കി. കേസില്‍ രണ്ട് പേരെ വിചാരണ കോടതി കുറ്റവിമുക്തരാക്കിയത് വിടുതല്‍ ഹര്‍ജിപോലും ഫയല്‍ ചെയ്യാതെയാണെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി ആസഫ് അലി പറഞ്ഞു. കേസില്‍ നോട്ടീസ് പുറപ്പെടുവിക്കുകയാണെന്ന് കോടതി വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ പ്രതികളാക്കപ്പെട്ടവരെ കേസില്‍ കുറ്റവിമുക്തരാക്കുന്നതിന് വിടുതല്‍ ഹര്‍ജിയുടെ ആവശ്യമില്ലെന്നും കേസില്‍ കുറ്റവിമുക്തരാക്കപ്പെടാനുള്ള അവകാശം പ്രതിപേര്‍ക്കപ്പെട്ടവരുടെ നിയമപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി.

deshabhimani

No comments:

Post a Comment