Monday, February 17, 2014

സഹകരണമേഖല ആശങ്കയില്‍ കേന്ദ്രനീക്കം സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കും

സഹകരണ സംഘങ്ങളിലേക്ക് കടന്നുകയറാനുള്ള കേന്ദ്രനീക്കത്തില്‍ ജില്ലയിലെ സഹകരണമേഖല കടുത്ത ആശങ്കയില്‍. സഹകരണ മേഖലയെ തകര്‍ത്ത് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ സഹായിക്കുന്നതാണ് കേന്ദ്രനീക്കം. ഇതിനിടെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ മാത്രമേ സ്വന്തം നിലയില്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാവൂവെന്ന സര്‍ക്കുലറും പുറത്തിറങ്ങി. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങും തണലുമായ സഹകരണമേഖലയ്ക്ക് നേരെ കേന്ദ്രസര്‍ക്കാര്‍ വാളോങ്ങിയിട്ടും സംസ്ഥാനസര്‍ക്കാര്‍ നിസ്സംഗത പാലിക്കുകയാണ്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പ്രതികരിക്കുന്നില്ല.

നിക്ഷേപകരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ സഹകരണ സംഘങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. നിക്ഷേപകരുടെ വിവരങ്ങള്‍ 18 മുതല്‍ പരിശോധിക്കുമെന്നാണ് സഹ. സംഘങ്ങളോട് ആദായനികുതി വകുപ്പിന്റെ ഭീഷണി. നേരത്തെയും സഹകരണ സംഘങ്ങള്‍ക്കെതിരെ കേന്ദ്രനീക്കമുണ്ടായിരുന്നു. വീണ്ടും സഹകരണ സംഘങ്ങള്‍ക്കെതിരെയുള്ള കേന്ദ്രനീക്കം ശക്തമാക്കിയിരിക്കുകയാണ്. ജില്ലയില്‍ 165ഓളം പ്രാഥമിക സഹകരണ സംഘങ്ങളാണുള്ളത്. ജില്ലയില്‍ ജനകീയമുഖത്തോടെ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളെ പാവപ്പെട്ടവരും സാധാരണക്കാരുമായ ഏറെ കുടുംബങ്ങളാണ് ആശ്രയിക്കുന്നത്. കാര്‍ഷികവായ്പ, വിദ്യാഭ്യാസവായ്പ തുടങ്ങി ചെറുതും വലുതുമായ നിരവധി സാമ്പത്തിക ആവശ്യങ്ങള്‍ക്ക് നിരവധി കുടുംബങ്ങളാണ് സഹകരണ മേഖലയെ ആശ്രയിക്കുന്നത്. വായ്പകള്‍ ഉള്‍പ്പെടെ മറ്റു ബാങ്കുകളെ അപേക്ഷിച്ച് നടപടിക്രമങ്ങളുടെ നൂലാമാലകളില്ലാതെ ലഭിക്കുമെന്നതാണ് ഇതിന് കാരണമെന്ന് ഇടപാടുകാര്‍ പറയുന്നു. വിവിധ തൊഴിലാളിവിഭാഗങ്ങളും ചെറുകിടനിക്ഷേപങ്ങള്‍ക്ക് സഹകരണ മേഖലയെയാണ് ആശ്രയിക്കുന്നത്.

സഹകരണ മേഖലക്കെതിരെയുള്ള നീക്കങ്ങള്‍ സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് സഹായകമാകുമെന്നുറപ്പാണ്. ജില്ലയില്‍ ചെറുതും വലുതുമായി നൂറുകണക്കിന് ചെറുകിട ധനകാര്യസ്ഥാപനങ്ങളുണ്ട്. പലതും കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് ജനത്തെ വലവീശുകയും ചെയ്യുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളിലേക്ക് എത്തിനോക്കാന്‍പോലും ആദായനികുതി വകുപ്പ് തയ്യാറായിട്ടില്ല. ഇത്തരം വന്‍കിടസ്ഥാപനങ്ങളില്‍ കള്ളപ്പണമുണ്ടെന്ന റിപ്പോര്‍ട്ടുകളിലും പരിശോധനയുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ വന്‍കിട ധനകാര്യസ്ഥാപനങ്ങളെ സഹായിക്കുന്നതാണ് കേന്ദ്രനീക്കമെന്നാണ് വിലയിരുത്തല്‍. നഷ്ടത്തിലുള്ള സഹകരണ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത് നിര്‍ത്തണമെന്ന നിലയിലാണ് സര്‍ക്കുലര്‍. ലാഭത്തിലുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഇനി ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ കഴിയൂവെന്നതാണ് സ്ഥിതി. സഹകരണ മേഖലയെ തകര്‍ക്കുന്ന നീക്കങ്ങള്‍ ശക്തമായിട്ടും മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നിശ്ശബ്ദത തുടരുകയാണ്. ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകളെടുത്ത് സഹകരണ മേഖലയ്ക്ക് ഊര്‍ജം പകരുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും സഹകരണമന്ത്രിയും തയ്യാറായിട്ടില്ല.

deshabhimani

No comments:

Post a Comment