Monday, February 17, 2014

അനഘയുടെ മരണം വര്‍ഗീയവല്‍ക്കരണം മാഫിയകളെ സംരക്ഷിക്കാന്‍

കല്‍പ്പറ്റ: അനഘദാസിന്റെ കൊലപാതകത്തിന് "ലൗജിഹാദ്" വിശേഷണം നല്‍കി വിഷയത്തെ വഴിതിരിച്ചുവിടാന്‍ ഒരു വിഭാഗത്തിന്റെ ബോധപൂര്‍വമായ ശ്രമം. വിദ്യാര്‍ഥികളെ ചൂഷണം ചെയ്യുന്ന സംഘങ്ങളെ സംരക്ഷിക്കാനും സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്താനുമാണ് നീക്കമെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. വിദ്യാര്‍ഥികളെ പ്രലോഭിപ്പിച്ചും മറ്റും ഇരകളാക്കി ദുരുപയോഗം ചെയ്യുന്ന സംഭവത്തിലെ അവസാനത്തെ ഇരയാണ് അനഘ. എന്നാല്‍ ഇതില്‍ മതപരിവേഷം നല്‍കി യഥാര്‍ഥ വിഷയത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടുകയാണ് സംഘപരിവാര്‍ സംഘടനകള്‍. ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നിലും പ്രതികളെ രക്ഷപ്പെടുത്താനുള്ള താല്‍പ്പര്യം തന്നെയാണ്. അനഘയുടെ മരണത്തിലേക്ക് നയിച്ചത് പ്രണയം നടിച്ചുള്ള ചതിക്കുഴിയാണെന്ന് പൂര്‍ണമായും സ്ഥിരീകരിച്ചതാണ്. മൊബൈല്‍ ഫോണും മറ്റും ഉപയോഗപ്പെടുത്തി പെണ്‍കുട്ടികളെയും, ആദ്യം സൗജന്യമായി ലഹരിവസ്തുക്കള്‍ നല്‍കി ആണ്‍കുട്ടികളെയും ഇത്തരം മാഫിയാ സംഘങ്ങള്‍ കീഴടക്കുകയാണ്. പെണ്‍കുട്ടികളെ ലൈംഗികാവശ്യങ്ങള്‍ക്കായി ഉപയാഗിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ ജില്ലയിലെങ്ങുമുണ്ട്. ഇതിനുമുമ്പ് നിരവധി പെണ്‍കുട്ടികള്‍ ഇത്തരക്കാരുടെ വലയില്‍ കുടുങ്ങിയ സംഭവങ്ങളും ഉണ്ടായിരുന്നു. ബത്തേരിയിലടക്കം വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യേണ്ടിവന്നതും ഈ സംഭവങ്ങളുടെ മറുപതിപ്പാണ്. മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് പെണ്‍കുട്ടികള്‍ ജീവിതം ഒടുക്കിയതിന് പിന്നില്‍ നടന്ന സംഭവങ്ങള്‍ ഈ സഹച ര്യത്തില്‍ അന്വേഷണ വിധേയമാക്കേണ്ടതാണ്.

പ്രലോഭനങ്ങളുമായി നടക്കുന്ന സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതാണ് അനഘയെ പോലുള്ള വിദ്യാര്‍ഥികളെ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ രക്ഷിതാക്കളും പൊലീസും പൊതുസമൂഹവും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം അവരെ പലതായി വിഭജിക്കാനാണ് ആര്‍എസ്എസും മറ്റും പുല്‍പ്പള്ളിയില്‍ ശ്രമിക്കുന്നത്. ഇത് മാഫിയസംഘങ്ങളെ സഹായിക്കാനാണ് ഉപകരിക്കുന്നത്. ചൂഷണങ്ങളെ വര്‍ഗീമായി ചിത്രീകരിക്കുകയും ഇരയുടെയും പ്രതിയുടെയും ജാതിതിരിച്ച് സംഘടിച്ച് പോരാടാനുമാണ് ഇവരുടെ ആഹ്വാനം. കോളറാട്ട്കുന്നില്‍ മുമ്പുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളുടെ "കണക്കുകള്‍" അനഘയിലൂടെ തീര്‍ക്കാനാണ് ഇവരുടെ ശ്രമം. ഇവിടെ നടന്ന വര്‍ഗീയകലാപശ്രമത്തില്‍ കനത്ത തിരിച്ചടിയാണ് പൊതുസമൂഹം നല്‍കിയത്. അനഘ സംഭവത്തിലെ പ്രതി മറ്റ് മതത്തില്‍പ്പെട്ടയാളാണെന്നത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഇപ്പോള്‍ വര്‍ഗീയ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ആക്ഷേപം മറ്റാരും ഉന്നയിച്ചിട്ടില്ല. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ ബന്ധുക്കളും ഈ പ്രചാരണത്തിന് എതിരാണ്. ഏത് മതത്തില്‍പ്പെട്ട കുട്ടികളാണെങ്കിലും ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കരുതെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. ഇതിനായി ജാഗ്രത പാലിക്കുന്നതിന് പകരം വിഭാഗീയത സൃഷ്ടിക്കുന്നതിനെ തള്ളിക്കളയണമെന്ന അഭിപ്രായമാണ് പൊതുവെയുള്ളത്.

മതസൗഹാര്‍ദം സംരക്ഷിക്കണം: സിപിഐ എം

കല്‍പ്പറ്റ: പുല്‍പ്പള്ളി ആടിക്കൊല്ലിയിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയുടെ ദാരുണമായ വധം അങ്ങേയറ്റം അപലപനീയമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ പ്രദേശത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സംഘപരിവാര്‍ സംഘടനകള്‍ പിന്‍മാറണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മതസൗഹാര്‍ദം കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാന്‍ മുഴുവനാളുകളും രംഗത്തുവരണം. ഇപ്പോള്‍ പിടികൂടിയ പ്രതിയെ കൂടാതെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും കണ്ടെത്തണം. കര്‍ണാടക പൊലീസിനെ കേസ് അന്വേഷണത്തില്‍ സഹായിക്കാന്‍ കേരള പൊലീസ് തയ്യാറാകണം. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലിയലാക്കി ചൂഷണംചെയ്യുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായി കേസ് കൈകാര്യംചെയ്യാന്‍ പൊലീസ് തയ്യാറാകണം.

യുവാക്കളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നു ലോബിയെ നിയന്ത്രിക്കുന്നതില്‍ പൊലീസന് അലംഭാവം കാണിക്കുകയാണ്. കോളേജ് ക്യാമ്പസുകളിലും സ്കൂളുകളിലും ഇത് ലഭ്യമാണെന്ന റിപ്പോര്‍ട്ടുകളെ അവഗണിക്കരുത്. മതേതരത്വവും സമാധാനാന്തരീഷവും നിലനില്‍ക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പ്രദേശങ്ങളില്‍, കൊലപാതകത്തിന്റെ മറവില്‍ സാമൂഹിക ചേരിതിരിവും വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടാക്കാനുള്ള നീക്കമാണ് ചിലര്‍ നടത്തുന്നത്. മരണാനന്തരചടങ്ങുപോലും സംഘര്‍ഷഭരിതമാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഹിന്ദു ഐക്യവേദിയും ആര്‍എസ്എസും ഉള്‍പ്പെടെയയുള്ള സംഘപരിവാര്‍ മാത്രമല്ല, എസ്എന്‍ഡിപിയുടെ പേരില്‍പോലും ചിലര്‍ ചേരിതിരിവിന് മുന്നില്‍നില്‍ക്കുകയാണ്.

കഴിഞ്ഞദിവസം ശശിമലയില്‍ നിര്യാതനായ സിപിഐ എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകന്റെ ദേഹത്ത് പുതപ്പിച്ച പാര്‍ടി പതാക സമുദായ സംഘടനാ പ്രവര്‍ത്തകര്‍ ബലമായി എടുത്തുമാറ്റി. പരേതന്റെ അന്ത്യാഭിലാഷമായിരുന്നു പാര്‍ടി പതാക പുതപ്പിക്കണമെന്നത്. കുടുംബാംഗങ്ങളുടെയും ആഗ്രഹപ്രകാരമാണ് പതാക പുതപ്പിച്ചത്. പതാക മാറ്റി സംഘര്‍ഷമുണ്ടാക്കാനായിരുന്നു സമുദായ പ്രവര്‍ത്തകരുടെ ശ്രമം. സിപിഐ എം നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. വിദ്യാര്‍ഥിനിയുടെ ദാരുണമരണത്തില്‍ നാട് തേങ്ങുമ്പോള്‍ അതിന്റെ മറവില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ഇത്തരം നീക്കങ്ങളെയും സങ്കുചിത നടപടികളും ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കണമെന്നും പൊലീസ് കുറേക്കൂടി ജാഗ്രത പുലര്‍ത്തണമെന്നും സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment