Wednesday, February 5, 2014

എസ്ബിടിയില്‍ വ്യാജരേഖയുണ്ടാക്കി നിയമനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ (എസ്ബിടി) തൂപ്പുകാരുടെ തസ്തികയിലെ നിയമനങ്ങള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഉപയോഗിച്ചെന്ന് ആരോപണം. എസ്ബിടിയുടെ തൃശൂര്‍ ഒന്ന് റീജണിലാണ് വ്യാജരേഖകളുപയോഗിച്ച് നിയമനം നടത്തിയതെന്ന് ബെഫി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി നരേന്ദ്രന്‍, എന്‍ സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മൂന്ന് മാസം മുമ്പ് നടന്ന നിയമനത്തിനു പിന്നില്‍ ബാങ്ക് അധികാരികളുള്‍പ്പെടെയുള്ള ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

 തൃശൂര്‍ പാമ്പൂര്‍ എവിഎം എല്‍പി സ്കൂള്‍ പ്രധാനാധ്യാപികയുടെ വ്യാജ ഒപ്പും സീലും പതിച്ചാണ് ചേറൂര്‍ ബ്രാഞ്ചില്‍ നിയമനം ലഭിച്ച വീട്ടമ്മ രേഖകളുണ്ടാക്കിയതെന്ന് ബെഫി ഭാരവാഹികള്‍ പറഞ്ഞു. 57 വയസ്സുള്ള വീട്ടമ്മ സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ 16 വയസ്സ് കുറച്ചുകാണിച്ചാണ്് നിയമനം നേടിയതത്രെ. ഇവരുടെ എസ്ബിടി സേവിങ്സ് അക്കൗണ്ടിലെ ജനനത്തീയതി 25-03-1957 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അപേക്ഷയില്‍ 41 വയസ്സാണ് കാണിച്ചിട്ടുള്ളത്. ഒന്നാം റാങ്ക് നല്‍കിയാണ് നിയമനം നല്‍കിയതും. സ്വീപ്പര്‍ തസ്തികയിലെ നിയമനത്തിന് 2011 ജൂണ്‍ ഒന്നിന് 18 വയസ്സ് തികയുകയും 40 വയസ്സ് കവിയാനും പാടില്ലെന്നാണ് നിയമം. വ്യാജ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതിന് പിന്നില്‍ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നതായും ബെഫി ഭാരവാഹികള്‍ ആരോപിച്ചു.

സ്വീപ്പര്‍ തസ്തികയില്‍ ധാരാളം ഒഴിവുണ്ടായിട്ടും ഏകീകൃത കൂലിനിരക്കുകളില്ലാതെയും തുച്ഛ വേതനം നല്‍കിയുമാണ് സ്ത്രീത്തൊഴിലാളികളെ ചൂഷണം ചെയ്തിരുന്നത്. 10ഉം 15ഉം വര്‍ഷം ജോലിചെയ്ത യോഗ്യരായവരെ സര്‍വീസ് കാലാവധിക്കനുസരിച്ച് സ്ഥിരപ്പെടുത്താതെയാണ് നിയമനങ്ങള്‍ നടത്തിയത്. നിയമനതട്ടിപ്പ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഉദ്യോഗാര്‍ഥികളുടെ എല്ലാ സര്‍ട്ടിഫിക്കറ്റുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ബെഫി ജില്ലാസെക്രട്ടറി ആര്‍ മോഹന, പി വി മോഹനന്‍, വി വി സുബ്രഹ്മണ്യന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment