ചന്ദ്രശേഖരന്‍ കേസില്‍ അധികാരത്തിലിരിക്കുന്നവര്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നത് നാട് പ്രതിരോധിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആഗ്രഹിക്കുന്ന കാര്യം സാധിക്കുന്നതുവരെ അന്വേഷണം നടത്തുമെന്ന നിലപാട് നിയമവ്യവസ്ഥയ്ക്ക് ചേര്‍ന്നതല്ല. മുല്ലപ്പള്ളിക്കും തിരുവഞ്ചൂരിനും ആഗ്രഹമുണ്ടെന്ന കാരണത്താല്‍ മാത്രം നിയമവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിയുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. കേരളരക്ഷാ മാര്‍ച്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നല്‍കിയ ഉജ്വലസ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പിണറായി.
വിധി പറഞ്ഞ കേസിന് പ്രാബല്യം കിട്ടാന്‍ മറ്റൊരു കേസ് കൂടി ഉണ്ടാക്കിയിരുന്നു. ഈ അന്വേഷണ ഏജന്‍സി തന്നെയാണ് അതേ കേസും അന്വേഷിച്ചത്. തിരുവഞ്ചൂരിന് ഏറ്റവും വേണ്ടപ്പെട്ടവരും വഴിവിട്ട് കാര്യങ്ങള്‍ ചെയ്യുന്നവരുമാണ് അവര്‍. ആ കേസ് കുറ്റപത്രം വിചാരണയിലേക്ക് നീങ്ങുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ഏജന്‍സിക്ക് പുതിയ തെളിവുകിട്ടി കോടതിയില്‍ സമര്‍പ്പിച്ചാല്‍ തുടരന്വേഷണം ആകാം. കോടതിക്ക് സ്വയം തോന്നിയാലും അന്വേഷണം നടത്താം. ഇതു രണ്ടുമില്ലാതെ, നിയമപ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നത് നാടിനെ ഗുരുതരമായി ബാധിക്കും. നാട് അതിനെ പ്രതിരോധിക്കണം. കേസന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ രമയോ ആര്‍എംപിയോ കോണ്‍ഗ്രസോ അതൃപ്തി രേഖപ്പെടുത്തിയോ. തങ്ങള്‍ ആഗ്രഹിക്കുന്നതുവരെ കേസ് നീട്ടിക്കൊണ്ടുപോകണമെന്ന ഹീനമായ ഉദ്ദേശ്യമാണ് സര്‍ക്കാരിന്. ചന്ദ്രശേഖരന്‍ കേസ് യുഡിഎഫിന് വീണുകിട്ടിയ അവസരമായിരുന്നു. സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍, രാഷ്ട്രീയകാര്യങ്ങളല്ല വധത്തിനിടയാക്കിയതെന്ന് അന്നത്തെ ഡിജിപി കേസിന്റെ ഒരുഘട്ടത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു.
തൊട്ടുപിന്നാലെ, ഡിജിപിയെ നിരാകരിച്ച് തിരുവഞ്ചൂര്‍ രംഗത്തുവന്നു. തുടര്‍ന്ന്, സിപിഐ എമ്മിനെ കുടുക്കാനുള്ള അന്വേഷണമാക്കി മാറ്റി. എന്നാല്‍, പ്രോസിക്യൂഷന്‍ പറഞ്ഞ കാര്യങ്ങള്‍ വിശ്വസനീയമല്ലെന്ന് കോടതി പച്ചയായി പറഞ്ഞു. ഭരണം ഉപയോഗിച്ച് സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് പൊളിഞ്ഞത്. അതില്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും ജാള്യമുണ്ടാകും. എന്നു കരുതി ഈ കേസില്‍ സിബിഐ അനേഷണം നടത്താന്‍ കഴിയുന്നത് എങ്ങനെയാണ്. നിയമവ്യവസ്ഥയെ തള്ളിക്കളഞ്ഞ നാടല്ലല്ലോ ഇത്. വിചാരണ ചെയ്ത് വിധി പറഞ്ഞ കേസ് മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുന്നത് എങ്ങനെയാണ്. സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും നേരിടാന്‍ തങ്ങള്‍ മാത്രം പോരെന്ന തോന്നലിലാണ് രമയുടെ സമരപ്പന്തലില്‍ വിശാലസഖ്യം രൂപംകൊണ്ടത്. തിരുവഞ്ചൂര്‍ മുതല്‍ എസ്ഡിപിഐ വരെ അവിടെ എത്തി. എല്ലാ വലതുപാര്‍ടികളും വര്‍ഗീയശക്തികളും കപട ഇടതുപക്ഷവും അണിനിരന്നത് നാട് കാണുന്നുണ്ടെന്നും പിണറായി പറഞ്ഞു.
രാജ്യത്ത് പുതിയ ബദലിനായി ദിശാമാറ്റം പ്രകടം: പിണറായി
കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ബദലിന് അനുകൂലമായി ദേശീയരാഷ്ട്രീയം ദിശാമാറ്റം പ്രകടിപ്പിച്ചുതുടങ്ങിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളരക്ഷാ മാര്‍ച്ചിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ഇടതുപക്ഷ- മതനിരപേക്ഷ പാര്‍ടികളടക്കം 14 പാര്‍ടികള്‍ 2013 ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ നടന്ന വര്‍ഗീയവിരുദ്ധ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. ഇവയില്‍ പത്തു പാര്‍ടികളും പുതുതായി രൂപംകൊള്ളുന്ന കോണ്‍ഗ്രസ്- ബിജെപി വിരുദ്ധ സഖ്യത്തില്‍ ചേര്‍ന്നു. കൂടുതല്‍ പാര്‍ടികള്‍ അടുത്ത ദിവസങ്ങളില്‍ ചേരും. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരാതിരിക്കാനും ബിജെപിയെ മാറ്റിനിര്‍ത്താനും ഉതകുന്നതാണ് പുതിയ ബദല്‍. മുമ്പൊക്കെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷമാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ സഖ്യം രൂപപ്പെട്ടത്. ഇപ്പോള്‍ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഈ സഖ്യം രൂപപ്പെട്ടു. ഇത് കേരളത്തിലും പ്രതിഫലിക്കും. ഓരോദിവസം പിന്നിടുമ്പോഴും കേരളരക്ഷാ മാര്‍ച്ചിനെ സ്വീകരിക്കാനുള്ള വന്‍ ജനപങ്കാളിത്തം കൂടുതല്‍ ആവേശം പകരുന്നതായും പിണറായി പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരുസീറ്റും ലഭിക്കില്ല. ഇടത്- മതനിരപേക്ഷ പാര്‍ടികളുടെ പ്രധാനമന്ത്രി ആരെന്ന ചോദ്യത്തിന് ഇപ്പോള്‍ പുതിയ സഖ്യം ശക്തിപ്പെടുത്തുകയാണ് പ്രധാനമെന്നും മറ്റു കാര്യങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം മറുപടി നല്‍കി.
2004ലെ സാഹചര്യം കേന്ദ്രത്തില്‍ ഇക്കുറിയും ഉണ്ടായാല്‍ സിപിഐ എം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, കോണ്‍ഗ്രസ് ഇപ്പോള്‍ത്തന്നെ തകര്‍ന്നുവെന്നും അവരെ സഹായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും മറുപടി നല്‍കി. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചോദ്യത്തിന്, അക്കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്ന് വ്യക്തമാക്കി. കൊല്ലം ലോക്സഭാ സീറ്റ് ആര്‍എസ്പി ചോദിച്ചിട്ടുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍, അക്കാര്യങ്ങള്‍ എല്‍ഡിഎഫ് കൂട്ടായി ആലോചിക്കുമെന്ന് പിണറായി പറഞ്ഞു.
ലാവ്ലിന്‍ കേസില്‍ വിചാരണക്കോടതിവിധിക്കെതിരെ സിബിഐ ഹൈക്കോടതിയെ സമീപിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, വിചാരണക്കോടതിയില്‍ സിബിഐ ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി കേട്ടിരുന്നുവെന്നും അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് വിധി പറഞ്ഞതെന്നും മറുപടി നല്‍കി. സിബിഐ സമര്‍പ്പിച്ച കുറ്റപത്രം വിചാരണയ്ക്കുപോലും അര്‍ഹമല്ലെന്നു കണ്ടാണ് കോടതി തള്ളിയത്. വീണ്ടും ഈ കേസ് കുത്തിപ്പൊക്കാന്‍ ആര്‍ക്കും കഴിയില്ല. കെ കെ രമ നടത്തുന്നത് കോണ്‍ഗ്രസ് സ്പോണ്‍സേര്‍ഡ് സമരമാണ്. വിശാല മാര്‍ക്സിസ്റ്റുവിരുദ്ധ സഖ്യമാണ് ഇതിനുപിന്നില്‍. വലതുപക്ഷശക്തികളും വര്‍ഗീയശക്തികളും തീവ്രവാദപ്രസ്ഥാനങ്ങളും കപട ഇടതുപക്ഷശക്തികളുമൊക്കെയാണ് ഈ മുന്നണിയിലുള്ളത്. സാമുദായികശക്തികള്‍ രാഷ്ട്രീയത്തില്‍ ശക്തിപ്പെടുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ സിപിഐ എമ്മിന് ഉറച്ച നിലപാടുണ്ടെന്ന് പിണറായി വ്യക്തമാക്കി. ജെഎസ്എസിനെ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തുമോ എന്ന് ചോദിച്ചപ്പോള്‍, അക്കാര്യത്തില്‍ ഗൗരിയമ്മയാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നായിരുന്നു മറുപടി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേരളരക്ഷാ മാര്‍ച്ച് അംഗങ്ങളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരിം, ബേബിജോണ്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
എംപിമാരുടെ യോഗം വിളിക്കാത്തത് കുറ്റകരമായ അനാസ്ഥ
കൊല്ലം: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനുമുന്നോടിയായി കേരള എംപിമാരുടെ യോഗം വിളിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്നും ഇത് കുറ്റകരമായ അനാസ്ഥയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിന്റെ പ്രശ്നങ്ങള്‍ ബജറ്റിനുമുമ്പ് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനും എംപിമാരുടെ യോഗം ചേരുന്ന പതിവുണ്ട്. ഇക്കുറി അതുണ്ടായില്ല. നാടിനോടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ മനോഭാവം തുറന്നുകാട്ടുന്നതാണിത്. കേന്ദ്രത്തില്‍നിന്ന് അര്‍ഹമായത് നേടിയെടുക്കാന്‍ ഈ സര്‍ക്കാരിനാകുന്നില്ലെന്നും പിണറായി പറഞ്ഞു.
കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ബദലിന് കേരളം മാതൃകയാകണം: ഇ പി
വര്‍ക്കല: കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ രാജ്യത്ത് അതിശക്തമായ വികാരം രൂപപ്പെട്ടിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും അഴിമതി തടയാനും പുതിയൊരു ഇന്ത്യ കെട്ടിപ്പടുക്കാനും കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ കൂട്ടായ്മയ്ക്കുമാത്രമേ കഴിയൂ എന്നും ഇ പി പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിന്റെ ഭാഗമായി വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് കേരളം മാതൃകയാകണം. എക്കാലത്തും രാജ്യത്തിന് കേരളം മാതൃകയായിരുന്നു. കേരളം ഇന്നു കാണുന്ന നേട്ടങ്ങളെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതും ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പാക്കിയതുമാണ്. 1957 മുതല്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം ജനക്ഷേമകരവും പുരോഗമനപരവുമായ ഭരണം കാഴ്ചവച്ചപ്പോള്‍ അതെല്ലാം തകര്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ സ്വീകരിച്ചത്. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസുപോലും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും അഴിമതിയുടെയും കേന്ദ്രമായി അധഃപതിച്ചു. ഈ സര്‍ക്കാരിന്റെ അന്ത്യം കുറിക്കാന്‍ ജനങ്ങള്‍ ഗംഗത്ത് ഇറങ്ങണം. രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ അപ്പാടെ വെറുത്തുകഴിഞ്ഞു. കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി 120 കോടി ജനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വഞ്ചിക്കുകയാണ്. പ്രധാനമന്ത്രി അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ പടിയിറങ്ങും. പകരം കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന രാഹുല്‍ഗാന്ധി കോമാളിയെപ്പോലെയാണ് പെരുമാറുന്നത്. പരമ ദയനീയാവസ്ഥയിലായ കോണ്‍ഗ്രസിനു പകരം അധികാരത്തിലെത്താമെന്ന് വ്യാമോഹിക്കുന്ന ബിജെപിയുടെ സ്ഥിതിയും അത്യന്തം ദയനീയമാണ്. കേവലം നാലു സംസ്ഥാനങ്ങളില്‍മാത്രം ഭരിക്കുന്ന ബിജെപി അധികാരത്തിലെത്തുമെന്നത് കോര്‍പറേറ്റ് മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണമാണ്. ഇവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന നരേന്ദ്ര മോഡി രാജ്യമാകെ വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് അഴിഞ്ഞാടാന്‍ സാഹചര്യമൊരുക്കുന്ന വര്‍ഗീയവാദിയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പ്രിയപുത്രനായ മോഡി പ്രധാനമന്ത്രിയാകുന്നതിനെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിപോലും അംഗീകരിക്കുന്നില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി വിശാലമായ ജനകീയ ഐക്യം രൂപപ്പെട്ടുവരികയാണെന്നും ഇ പി പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യത്തെ മതവര്‍ഗീയതയിലേക്ക് നയിക്കുന്നു: എം വി ഗോവിന്ദന്‍
ചാത്തന്നൂര്‍: രാജ്യത്തെ മതവര്‍ഗീയതയിലേക്കു നയിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളരക്ഷാമാര്‍ച്ചിന് ചാത്തന്നൂരില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനു മതനിരപേക്ഷത കൈകാര്യംചെയ്യാന്‍ അറിയില്ല. എല്ലാ വര്‍ഗീയവാദികളെയും കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് മതവര്‍ഗീയതയ്ക്കെതിരെ പോരാടുന്ന സിപിഐ എമ്മിനെ എതിര്‍ക്കുന്നത്. കണ്ണൂരില്‍ പാവപ്പെട്ട ബീഡിക്കമ്പനി തൊഴിലാളികള്‍ക്കെതിരെ വര്‍ഗീയവാദികള്‍ക്കൊപ്പം നിന്നാണ് കോണ്‍ഗ്രസുകാര്‍ ബോംബ് വലിച്ചെറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ക്രിമിനലുകളുടെ പറുദീസ: പി കെ ശ്രീമതി
കുണ്ടറ: കൊലപ്പുള്ളിയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കേരളം സ്ത്രീകള്‍ക്ക് രക്ഷയില്ലാത്ത നാടായി മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ഓട്ടോറിക്ഷയിലും ബസിലും ട്രെയിനിലും തൊഴിലിടങ്ങളിലുമൊന്നും സ്ത്രീകള്‍ക്ക് രക്ഷയില്ലാതായി. കേരളരക്ഷാമാര്‍ച്ചിന് കുണ്ടറയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീമതി.
തട്ടിപ്പുവീരനും സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയുമായ ബിജുരാധാകൃഷ്ണനുമൊത്ത് എറണാകുളം ഗസ്റ്റ്ഹൗസിലെ അടച്ചിട്ട മുറിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ സംഭാഷണം അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അതിയായ താല്‍പ്പര്യമുണ്ട്. എല്‍ഡിഎഫ് ഭരണകാലത്ത് മികച്ച ക്രമസമാധാന പരിപാലനത്തിനുള്ള അവാര്‍ഡ് നേടിയ കേരളമാണ് ഉമ്മന്‍ചാണ്ടി ഭരണത്തില്‍ ക്രിമിനലുകളുടെ പറുദീസയായി മാറിയത്. എല്‍ഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികള്‍ ഓടിനടന്ന് ഉദ്ഘാടനംചെയ്യലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പരിപാടി. 80 കോടി ചെലവാക്കി എമര്‍ജിങ് കേരള സംഘടിപ്പിച്ച യുഡിഎഫിന് 80 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്ന ഒരു പദ്ധതിപോലും തുടങ്ങാന്‍ കഴിഞ്ഞില്ല. കോര്‍പറേറ്റുകളെയും വന്‍കിടക്കാരെയും സഹായിക്കുന്ന പദ്ധതികള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും ശ്രീമതി പറഞ്ഞു.
സര്‍ക്കാരുകള്‍ക്ക് ശവമഞ്ചം ഒരുങ്ങും: ബേബി ജോണ്‍
കുണ്ടറ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശവമഞ്ചം ഒരുങ്ങുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ പറഞ്ഞു. കേരളരക്ഷാമാര്‍ച്ചിന് കുണ്ടറയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തെ വേട്ടയാടുന്ന പ്രധാനപ്രശ്നമായി വിലക്കയറ്റം മാറി. രാജ്യവ്യാപകമായി പൊതുവിതരണ സമ്പ്രദായം തകര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കും. സര്‍ക്കാരിന്റെ നെഞ്ചുപിളര്‍ക്കുന്ന വിധിയാണ് തെരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ എഴുതാന്‍ പോകുന്നതെന്നും ബേബിജോണ്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment