Sunday, February 16, 2014

ഇതാ, ചൂളയില്‍ വെന്ത ആത്മകഥ

കരയാതിരിക്കാനാണ് ധനുജ എഴുതിത്തുടങ്ങിയത്. അവസാന താളും എഴുതിത്തീര്‍ന്നപ്പോള്‍ തിരിച്ചറിഞ്ഞു "ഇതെന്റെ കഥ മാത്രമല്ല, അനന്തപുരിയിലെ തിരസ്കൃതരുടെ ജീവിതമാണ്. കണ്ണീരും വിയര്‍പ്പും ചോരയും പുരണ്ടത്". ഒരു ചേരിയിലെ വ്യാകരണമില്ലാത്ത ജീവിതത്തെ എഴുതിച്ചേര്‍ത്ത എസ് ധനുജകുമാരിയുടെ ആത്മകഥയുടെ പേര്- "ചെങ്കല്‍ചൂളയിലെ എന്റെ ജീവിതം". ഒമ്പതാം ക്ലാസില്‍ പഠനം മുറിഞ്ഞുപോയ ധനുജകുമാരിയുടെ എഴുത്തില്‍ സാഹിത്യത്തിന് കല്‍പ്പിക്കപ്പെട്ട ആഖ്യയും ആഖ്യാതവുമില്ല. രാജാജി നഗര്‍ കോളനിയിലെ വീട്ടമ്മയായ ഇവര്‍ക്ക് ജീവിതയാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയും പൊതുപ്രവര്‍ത്തനവും മാത്രം മൂലധനം. ചിന്ത പബ്ലിഷേഴ്സ്് പ്രസിദ്ധീകരിക്കുന്ന പുസ്തകം 150 പേജിലായി ചിതറിയ ഓര്‍മകളാണ് പങ്കുവയ്ക്കുന്നത്.

കലാമണ്ഡലത്തിലെ മകന്റെ അനുഭവങ്ങള്‍, ചെങ്കല്‍ചൂളയെ കുറിച്ചുതന്നെ, സര്‍വജാതി മതസംസ്കാരം, ഞങ്ങള്‍ കരുത്തരായ സ്ത്രീകള്‍, അമ്മയുടെ കാറ്ററിങ് തുടങ്ങിയ തലക്കെട്ടുകളില്‍ ജീവിതത്തിന്റെ ചൂടുംതണുപ്പും. സമരം, രാഷ്ട്രീയം, മതം, കല, മാലിന്യം... കോളനിയിലെ ജീവിതത്തിലേക്ക് ഇവയെല്ലാം എങ്ങനെ ബന്ധപ്പെടുന്നെന്ന സൂക്ഷ്മചിത്രം. കോണ്‍ക്രീറ്റ് അടര്‍ന്നുവീഴുന്ന കോളനിയിലെ പഴകിയ വീടുകളെക്കുറിച്ച് ധനുജ എഴുതുന്നു. "25 വര്‍ഷമാണ് ഒരു കെട്ടിടത്തിന്റെ ആയുസ്സ്. ഈ ഫ്ളാറ്റ് പണിതിട്ട് 40 വര്‍ഷമായി. "മക്കള്‍ക്കു കിട്ടിയ ട്രോഫികള്‍ പ്ലാസ്റ്റിക് കവറിലിട്ടാണ് സൂക്ഷിക്കുന്നത്. അങ്ങനെയൊരു ദിവസം പത്തിരുപത് ട്രോഫിയെടുത്ത് 400 രൂപയ്ക്ക് തൂക്കിവിറ്റു. അന്നത്തെ ചെലവിന് മറ്റുവഴികളില്ലായിരുന്നു." പട്ടിണിയുടെ കറുത്തദിനങ്ങളെ ഇങ്ങനെയാണ് ആത്മകഥയില്‍ ഓര്‍ത്തെടുക്കുന്നത്.

മഹാനഗരത്തിന്റെ പിന്നാമ്പുറത്ത് നിരന്തരം തരംതാഴ്ത്തപ്പെടുന്ന കോളനിജീവിതത്തിന്റെ തുറന്നുപറച്ചിലാകുന്നു ധനുജയുടെ ആത്മകഥ. മകന്‍ നിധീഷിനെ 2006ല്‍ എട്ടുമാസത്തെ ചെണ്ട പഠനത്തിനിടെ കലാമണ്ഡലത്തില്‍നിന്ന് അയിത്തം കല്‍പ്പിച്ച് പടിയിറക്കി. രാജാജി നഗര്‍ കോളനിയിലെ (പഴയ ചെങ്കല്‍ചൂള) 672-ാം നമ്പര്‍ ഫ്ളാറ്റിലാണ് ധനുജയുടെ കലാകുടുംബം. ഭര്‍ത്താവ് സതീഷ് തിരക്കുള്ള ചെണ്ടവാദകന്‍. മകന്‍ നിധീഷ് എ ആര്‍ റഹ്മാന്‍ പ്രിന്‍സിപ്പലായ കെ എം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഓഡിയോ എന്‍ജിനിയറിങ് കോഴ്സിന് പഠിക്കുന്നു. അനുജന്‍ സുധീഷും റഹ്മാന്റെ കീഴില്‍ ഡ്രം കോഴ്സിന് ചേരാനൊരുങ്ങുന്നു. സിപിഐ എം തമ്പാനൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ധനുജയുടെ ചെറിയ ആഗ്രഹങ്ങളില്‍ രാജാജി നഗര്‍ കോളനിയിലെ കൊച്ചുഗ്രന്ഥശാലയുമുണ്ട്. വിജില ചിറപ്പാടാണ് പുസ്തകം ചിട്ടപ്പെടുത്തിയത്.

ഷംസുദ്ദീന്‍ കുട്ടോത്ത്

No comments:

Post a Comment