Monday, February 17, 2014

വൈദ്യുതി നിരക്ക് കൂട്ടും

രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മെച്ചപ്പെട്ട കാലവര്‍ഷം കിട്ടിയിട്ടും സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്. ലോഡ്ഷെഡിങ് നഒഴിവാക്കാന്‍ അമിതവിലയ്ക്ക് പുറമെനിന്നും വൈദ്യുതി വാങ്ങാനാണ് നീക്കം. ഇത് വൈദ്യുതി ബോര്‍ഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും. തെരഞ്ഞെടുപ്പു കഴിഞ്ഞ ഉടന്‍ താരിഫ് കുത്തനെ ഉയര്‍ത്താനും പവര്‍കട്ടും ലോഡ്ഷെഡിങ്ങും ഏര്‍പ്പെടുത്താനുമാണ് സര്‍ക്കാര്‍നീക്കം. ഫെബ്രുവരി അവസാനത്തോടെ ലോഡ്ഷെഡിങ് ആരംഭിക്കാനാണ് നേരത്തേ ബോര്‍ഡ് ഉദ്ദേശിച്ചിരുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആ നീക്കം ഉപേക്ഷിച്ചേക്കും. എന്നാല്‍ അപ്രഖ്യാപിത പവര്‍കട്ട് വ്യാപകമാകും. വൈദ്യുതി ഉപയോഗം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുത്തനെ ഉയര്‍ന്നു. പ്രതിദിന ഉപയോഗം ശരാശരി 62 ദശലക്ഷം യൂണിറ്റായി. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇത് 65 ദശലക്ഷം യൂണിറ്റ് വരെയാകും. കേരളത്തിലെ ജലവൈദ്യുത പദ്ധതികളില്‍നിന്നുള്ള ഉല്‍പ്പാദനം ശരാശരി 21 ദശലക്ഷം യൂണിറ്റാണ്. 23 ദശലക്ഷം കേന്ദ്രവിഹിതമായും തെര്‍മല്‍, ഡീസല്‍ പ്ലാന്റുകളില്‍ നിന്ന് മൂന്നു ദശലക്ഷം യൂണിറ്റും ലഭിക്കും. എട്ടു ദശലക്ഷം യൂണിറ്റ് പവര്‍ എക്സ്ചേഞ്ചുകള്‍ വഴി വാങ്ങുന്നു.

തികയാത്തത് യൂണിറ്റിന് 12-16 രൂപ വരെ നല്‍കിയാണ് വാങ്ങുന്നത്. ഡാമുകളില്‍ വെള്ളം വറ്റുന്നതിനാല്‍ ആഭ്യന്തര ഉല്‍പ്പാദനത്തിലും കേന്ദ്രവിഹിതത്തിലും കുറവുണ്ടാവും. ഇതോടെ പത്തു ദശലക്ഷം യൂണിറ്റുവരെ അമിതവിലയ്ക്ക് വാങ്ങേണ്ടി വരും. ഇതുവഴിയുണ്ടാകുന്ന ബാധ്യത മറികടക്കാനാണ് താരിഫ് ഉയര്‍ത്തുക. യുഡിഎഫ് അധികാരത്തില്‍ വന്ന ശേഷം വൈദ്യുതി നിരക്കും സര്‍ചാര്‍ജും എല്‍ഡിഎഫ് ഭരണകാലത്തേക്കാള്‍ രണ്ടിരട്ടി വരെ ഉയര്‍ത്തിയിട്ടുണ്ട്.ഫെബ്രുവരി അവസാനത്തോടെ ലോഡ്ഷെഡിങ് ആരംഭിക്കാനാണ് ബോര്‍ഡ് ഉദ്ദേശിച്ചിരുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ആ നീക്കം ഉപേക്ഷിച്ചേക്കും. എന്നാല്‍ അപ്രഖ്യാപിത പവര്‍കട്ട് വ്യാപകമാകും.

വി എം രാധാകൃഷ്ണന്‍ deshabhimani

No comments:

Post a Comment