Sunday, February 16, 2014

സോണിയയുടെ വിമര്‍ശനം പരിഹാസ്യം: പിണറായി

ആലത്തൂര്‍: സിപിഐ എമ്മും ഇടതുപക്ഷവും രാജ്യത്തിന്റെ വികസന പദ്ധതികള്‍ക്ക് എതിരുനില്‍ക്കുകയാണെന്ന യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസ്താവന പരിഹാസ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഐ എം ഏത് വികസന പ്രവര്‍ത്തനത്തിനാണ് എതിരു നിന്നതെന്ന് സോണിയ വ്യക്തമാക്കണം. രാജ്യത്തിന്റെ വികസനത്തിന് എതിരായ ഒരു കാര്യവും സിപിഐ എം ചെയ്തിട്ടില്ല. ജനങ്ങള്‍ക്കും രാജ്യത്തിനും എതിരായ നയങ്ങളെയാണ് പാര്‍ട്ടി എതിര്‍ത്തത്. യുപിഎ സര്‍ക്കാരിന്റെ ഓഹരിവിറ്റഴിക്കല്‍ നയത്തെ പാര്‍ട്ടി ശക്തമായി എതിര്‍ത്തിരുന്നു. കോണ്‍ഗ്രസും യുപിഎയും ഉദ്ദേശിച്ചപോലെ കാര്യങ്ങള്‍ നടന്നിരുന്നെങ്കില്‍ അമേരിക്ക നേരിട്ട പോലത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയും നേരിടേണ്ടിവരുമായിരുന്നെന്നും പിണറായി പറഞ്ഞു.

സബ്സിഡി വെട്ടിക്കുറയ്ക്കല്‍, സാമൂഹ്യ സുരക്ഷാ മേഖലയില്‍ നിന്ന് പിന്‍മാറല്‍, പൊതുമേഖലയുടെ വേഗത്തിലുള്ള സ്വകാര്യ വല്‍ക്കരണം തുടങ്ങിയ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്നവരാണ് സിപിഐ എമ്മിനെ വിമര്‍ശിക്കുന്നതെന്നും പിണറായി പറഞ്ഞു. ആലത്തൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാര്‍ കേരളത്തെ നിരന്തരം അവഗണിക്കുകയാണ്. ഒടുവില്‍ പ്രഖ്യാപിച്ച റെയില്‍വെ ബജറ്റിലും കേരളത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ രാജ്യം ഭരിച്ചിരുന്നപ്പോള്‍ കേരളത്തിന് ചില ഉറപ്പുകള്‍ ലഭിച്ചിരുന്നു. പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, റെയില്‍വെ മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം പ്രഖ്യാപനങ്ങളായി തന്നെ നില്‍ക്കുകയാണ്. കോണ്‍ഗ്രസ്-ബിജെപി ഇതര സര്‍ക്കാരുകളുടെ കാലത്താണ് കേരളത്തിന് പല മേഖലകളിലും പരിഗണന ലഭിച്ചത്. കേരളത്തെ കേന്ദ്രം നിരന്തരം അവഗണിക്കുന്നതിന് ഒരു ന്യായീകരണവുമില്ല.

കേരളത്തിലെത്തിയ സോണിയ ഗാന്ധി സിപിഐ എമ്മിനെതിരെ വലിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. വിമര്‍ശനം ഉന്നയിക്കുമ്പോള്‍ കോണ്‍ഗ്രസ് മാത്രം ഭരിച്ച സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യപ്പെടുത്തുന്നത് നന്നായിരിക്കും. കേരളത്തിന്റെ വികസനത്തിന് ഇടതുപക്ഷ സര്‍ക്കാരുകള്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. ഭൂപരിഷ്കരണം, സാര്‍വത്രിക വിദ്യാഭ്യാസം തുടങ്ങി രാജ്യത്തിന് മാതൃകയായ പദ്ധതികള്‍ ഇടതുപക്ഷ സര്‍ക്കാരുകളാണ് നടപ്പാക്കിയത്. പാവപ്പെട്ട ജനവിഭാഗത്തെ തിരിഞ്ഞു നോക്കാത്തവര്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കുകയാണ്.

അഴിമതിക്കെതിരെ പോരാടുമെന്ന സോണിയയുടെ പ്രഖ്യാപനം പരിഹാസ്യമാണ്. യുപിഎ സര്‍ക്കാരുകളുടെ കാലത്ത് അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതിയാണ് രാജ്യത്ത് നടന്നത്. ഇത്രയും ഭീമമായ അഴിമതിയ്ക്ക് നേതൃത്വം നല്‍കിയ പാര്‍ട്ടിയുടെ അധ്യക്ഷയാണ് അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത്. കമ്യൂണിസ്റ്റുകാരുടെ തൊഴിലാളി സ്നേഹം പൊള്ളയാണെന്ന സോണിയയുടെ പ്രസ്താവന തമാശയാണ്. സോണിയ കേരളത്തിലെത്തി നിരന്തരം തമാശ പറയുകയാണ്. നെഹ്റു കമ്യൂണിസ്റ്റുകാരെക്കുറിച്ച് എഴുതിയത് വായിച്ചാല്‍ സോണിയയ്ക്ക് കുറച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. തൊഴിലാളി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നും തൊഴിലാളികളുടെ ദുരിതത്തിനെതിരായി പോരാടുമെന്നുമാണ് സോണിയയുടെ മറ്റൊരു പ്രഖ്യാപനം. കോണ്‍ഗ്രസിന്റെ തൊഴിലാളി യൂണിയനടക്കം തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി 48 മണിക്കൂര്‍ പണിമുടക്കിയത് കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരാണ്.

അക്രമത്തിനെതിരെ സംസാരിച്ച സോണിയ നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസിലെ സംഭവം ഓര്‍ക്കേണ്ടതായിരുന്നു. കോണ്‍ഗ്രസ് സംസ്കാരം എങ്ങോട്ട് പോകുന്നെന്ന് സോണിയ ചിന്തിക്കണം. സ്വന്തം പാര്‍ട്ടിക്കാര്‍ ചെയ്യുന്ന അക്രമ സംഭവങ്ങള്‍ മറന്ന് അക്രമത്തിനെതിരെ സംസാരിക്കുകയാണ് സോണിയയെന്നും പിണറായി കുറ്റപ്പെടുത്തി.

നിലമ്പൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ആര്യാടന്റെ സാനിധ്യത്തില്‍ സ്ത്രീകളെ മര്‍ദ്ദിച്ചത് അതീവ ഗൗരവതരമായ വിഷയമാണ്. കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയ ആര്യാടനെ കരിങ്കൊടി കാണിച്ച സ്ത്രീകളെ പൊലീസിന്റെ സാനിധ്യത്തിലാണ് ആര്യാടന്റെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചത്. സ്ത്രീകളെ തല്ലിയും ചവിട്ടിയും വീഴ്ത്തിയത് കിരാത നടപടിയാണെന്നും ഇതിനെതിരെ ശക്തമായയ പ്രതിഷേധമുയരണമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment