Thursday, February 20, 2014

അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുടെ ആത്മകഥ വിവാദമാകുന്നു

അമൃതാനന്ദമയിയുടെ ആശ്രമത്തിലെ അന്തേവാസിയും മുന്‍ ശിഷ്യയുമായ ആസ്ത്രേലിയന്‍ വനിതയുടെ ആത്മകഥ വിവാദമാകുന്നു. ഫേയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങളില്‍ അമൃതാനന്ദമയിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചൂടേറിയ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും കൊഴുത്തു. ഇന്റര്‍നെറ്റിലൂടെയും "പുസ്തകം" പ്രചരിക്കുകയാണ്. "ദൈവിക നരകം- വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്" (ഹോളി ഹെല്‍- എ മെമയര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്നെസ്) എന്ന പേരില്‍ ആസ്ത്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്വെല്‍ (ഗായത്രി) എഴുതിയ ആത്മകഥയാണ് ആള്‍ദൈവങ്ങളുടെ വിശ്വാസ ലോകത്ത് പുതിയ കോളിളക്കം സൃഷ്ടിച്ചത്.

മഠവുമായി ബന്ധപ്പെട്ട് ലൈംഗിക അരാജകത്വവും സാമ്പത്തിക ക്രമക്കേടുകളും പണപ്പിരിവുമെല്ലാം നടക്കുന്നുവെന്നാണ് ആത്മകഥയില്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. അമൃതാനന്ദമയിക്കും അമൃത സ്വരൂപാനന്ദയ്ക്കും എതിരെ ഗൗരവമേറിയ പരാമര്‍ശങ്ങളാണ് ആത്മകഥയിലുള്ളത്. ആശ്രമത്തില്‍ നിരവധി തവണ ക്രൂരമായി ബലാല്‍സംഗത്തിനിരയായി എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. 1958ല്‍ ആസ്ത്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡില്‍ ജനിച്ച ട്രെഡ്വെല്‍ ഇരുപതാം വയസ്സിലാണ് അമൃതാനന്ദമയി മഠത്തില്‍ എത്തിയത്. തുടര്‍ന്ന് 20 വര്‍ഷത്തോളം മഠത്തില്‍ താമസിച്ച ശേഷം 1999 നവംബറില്‍ ആശ്രമം വിട്ട് അമേരിക്കയിലെ ഹവായിലേക്ക് പോയി. കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ ഏറ്റുവാങ്ങിയതിനാല്‍ മനോ ധൈര്യമില്ലാത്തതിനാലാണ് ഇതുവരെ ഇതൊന്നും എഴുതാതിരുന്നതെന്നും ആത്കമഥയില്‍ പറയുന്നു.

സംഭവത്തെക്കുറിച്ച് അമൃതാനന്ദമയി മഠത്തിന്റെ വിശദീകരണം: ഇരുപതുവര്‍ഷം മഠത്തിലെ അന്തേവാസിയായിരുന്ന ഇവര്‍ 1999ല്‍ വിട്ടുപോയി. യുഎസിലെ ന്യൂയോര്‍ക്ക് സ്വദേശിയായ ഒരാളുമായി അടുപ്പത്തിലായിരുന്ന ഇവര്‍ അദ്ദേഹവുമായി വിവാഹബന്ധം ആഗ്രഹിച്ചു. എന്നാല്‍, സന്യാസിനിയായശേഷം എത്തിയ ഇവരുമായി വിവാഹത്തിന് അയാള്‍ തയ്യാറായില്ല. തുടര്‍ന്ന് മഠം അധികൃതര്‍ മുന്‍കൈയെടുത്ത് കാലിഫോര്‍ണിയയിലുള്ള ഒരു ഭക്തന്റെ വസതിയില്‍ താമസിപ്പിച്ചു. പിന്നീട് മറ്റൊരാളുമായി വിവാഹം നടന്നു. ഇക്കാലയളവില്‍ മഠവുമായി ഇവര്‍ ബന്ധപ്പെട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment