Thursday, February 20, 2014

ശിഷ്യയെ അപമാനിച്ച ഷാജി ജേക്കബ്ബിനെ രക്ഷിക്കാന്‍ നീക്കം

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ പെണ്‍കുട്ടിയെ അപമാനിച്ച മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷാജി ജേക്കബ്ബിനെ രക്ഷിക്കാന്‍ നീക്കം. പരാതി ഉന്നയിച്ച മലയാള വിഭാഗത്തിലെ വിദ്യാര്‍ഥിനിയുടെ മൊഴിമാറ്റാനും അതിന് സാധിച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനും അണിയറയില്‍ ശ്രമം തുടങ്ങി. സര്‍വകലാശാല സിന്‍ഡിക്കറ്റ് തിങ്കളാഴ്ച ഷാജി ജേക്കബ്ബിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും പരാതി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. സസ്പെന്‍ഷനെത്തുടര്‍ന്ന് ഷാജി ജേക്കബ് ദീര്‍ഘ അവധിയില്‍ പ്രവേശിച്ചു. സര്‍വകലാശാലാ നടപടിയും വനിതാ സെല്ലിന്റെ ഇടക്കാല റിപ്പോര്‍ട്ടും വിദ്യാര്‍ഥി സംഘടനകളുടെ പരാതിയും ചേര്‍ത്താണ് കാലടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വിദ്യാര്‍ഥിനി നേരിട്ട് പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. പൊലീസ് നടപടിയെടുക്കാത്തത് ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്നാണെന്നറിയുന്നു.
വിദ്യാര്‍ഥിനികള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വകുപ്പുതലവന്മാരോടോ അധ്യാപകരോടോ വാക്കാല്‍ പരാതിപ്പെട്ടാല്‍ സ്ഥാപന മേധാവി തുടര്‍നടപടി എടുക്കണം. ഇവിടെ പരാതി ലഭിച്ചിട്ടും നടപടി നീട്ടിക്കൊണ്ടുപോയി. പൊലീസില്‍ അറിയിക്കുന്നതിലും വീഴ്ചയുണ്ടായി. സിന്‍ഡിക്കറ്റ് യോഗത്തില്‍ പ്രോ വൈസ് ചാന്‍സലര്‍ സ്വന്തംനിലയില്‍ പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ സര്‍വകലാശാല തയ്യാറായത്. വൈസ് ചാന്‍സലര്‍ക്ക് ലഭിക്കുന്ന ഗൗരവമേറിയ പരാതി പൊലീസിന് കൈമാറണമെന്നാണ് നിയമം. എന്നാല്‍ ഷാജി ജേക്കബ്ബിന്റെ സ്വാധീനംമൂലം പരാതി കാര്യമായെടുത്തില്ല. വനിതാ സെല്ലും വിദ്യാര്‍ഥികളെ ഉപദേശിച്ച് വിടാനാണ് ആദ്യം ശ്രമിച്ചത്. ചില യുഡിഎഫ് നേതാക്കളും ശിഷ്യയെ അപമാനിച്ച അധ്യാപകന്റെ രക്ഷക്കെത്തി.

ചാനലിലെ മാധ്യമവിമര്‍ശകനും വാരികയിലെ പംക്തി എഴുത്തുകാരനുമായ ഷാജി ജേക്കബ്ബിനെതിരെ ഗവേഷണവിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ നിരവധി പരാതി നേരത്തെ ഉയര്‍ന്നതാണ്. ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ കാലടിയിലെ വീട്ടിലും തൃശൂരിലെ സ്വകാര്യവസതിയിലും വിദ്യാര്‍ഥിനികളെ വിളിച്ചുവരുത്തി ഇയാള്‍ അപമര്യാദയായി പെരുമാറാന്‍ ശ്രമിക്കാറുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. വിനോദയാത്രയിലും അധ്യാപകന്റെ പെരുമാറ്റം അതിരുവിടാറുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. 2014 ജനുവരി ആദ്യമാണ് ഷാജി ജേക്കബ് അപമാനിച്ചതായി പിജി വിദ്യാര്‍ഥിനി പരാതിപ്പെട്ടത്.

deshabhimani

No comments:

Post a Comment