Thursday, February 13, 2014

നയന, ജെസീക്ക പട്ടികയിലേക്ക് രാധയും

നയന സാഹ്നി, ജെസിക്ക ലാല്‍, ഭന്‍വാരി ദേവി... കോണ്‍ഗ്രസ് നേതാക്കളുടെ ക്രൂര പീഡനത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ട സ്ത്രീകളുടെ പട്ടികയിലേക്ക് രാധയും. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ സംശയകരമായ സാഹചര്യങ്ങളില്‍ ഡല്‍ഹിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ഞെട്ടിക്കുന്ന കൊലപാതകം. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സ്ത്രീമരണ കേസുകളിലെല്ലാം അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് തുടക്കംമുതലുണ്ടായിട്ടുള്ളത്. നയന സാഹ്നി വധക്കേസാണ് പട്ടികയില്‍ ആദ്യത്തേത്. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും എംഎല്‍എയുമായിരുന്ന സുശീല്‍ ശര്‍മയുടെ ഭാര്യ നയന സാഹ്നി 1995 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു നയനയും.

മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായി നയനയ്ക്ക് ബന്ധമുണ്ടെന്ന് സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് നയനയെ സുശീല്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം രാത്രിയില്‍ കാറില്‍ കയറ്റി ഡല്‍ഹി നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഇന്ദ്രപ്രസ്ഥ ഹോട്ടലിലെ ബാഗിയ റെസ്റ്റോറന്റിലെത്തിച്ചു. മൃതദേഹം കഷണങ്ങളാക്കി റെസ്റ്റോറന്റിലെ തണ്ടൂരി അടുപ്പിലിട്ട് കത്തിച്ചു. എന്നാല്‍, രാത്രി പട്രോളിനിറങ്ങിയ മലയാളി കോണ്‍സ്റ്റബിള്‍ കൊല്ലം സ്വദേശി അബ്ദുള്‍ നാസര്‍ സുശീലിന്റെ പദ്ധതികളെ പൊളിച്ചു. അടുപ്പില്‍ അസ്വാഭാവികമായി പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാസര്‍ റെസ്റ്റോറന്റില്‍ പരിശോധന നടത്തി. മനുഷ്യമാംസം കത്തുന്ന രൂക്ഷഗന്ധംകൂടിയായതോടെ സംശയങ്ങള്‍ ദൃഡപ്പെട്ടു. അന്വേഷണം സുശീലിലേക്ക് എത്താതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും കിണഞ്ഞുശ്രമിച്ചു. ഒളിവില്‍ പോയ സുശീല്‍ ഒരാഴ്ചയ്ക്കുശേഷം കീഴടങ്ങി. വിചാരണക്കോടതിയും ഹൈക്കോടതിയും സുശീലിന് വധശിക്ഷ വിധിച്ചു. എന്നാല്‍, 2013 ഒക്ടോബറില്‍ സുപ്രീംകോടതി കുറ്റം ശരിവച്ചെങ്കിലും ശിക്ഷ ജീവപര്യന്തമായി കുറച്ചു.

ജെസീക്ക ലാലിന്റെ മരണം 1999 ഏപ്രില്‍ 30നാണ്. ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമായ വിനോദ് ശര്‍മയുടെ മകന്‍ മനു ശര്‍മയായിരുന്നു പ്രതി. നിശാവിരുന്നിനിടെ മോഡലായ ജെസീക്കയെ വെടിവച്ച് കൊല്ലുകയായിരുന്നു. മദ്യം ആവശ്യപ്പെട്ടത് ജെസീക്ക നിരാകരിച്ചപ്പോള്‍ ക്ഷുഭിതനായ മനുശര്‍മ പിസ്റ്റളെടുത്ത് നിറയൊഴിക്കുകയായിരുന്നു. വിചാരണക്കോടതി മനുവിനെയും സുഹൃത്തുക്കളെയും കുറ്റവിമുക്തരാക്കി. ഹൈക്കോടതിയും ഇത് ശരിവച്ചു. വന്‍ ജനരോഷമുയര്‍ന്നതിനെത്തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ടു. പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചു. രാജസ്ഥാനില്‍ നേഴ്സായിരുന്ന ഭന്‍വാരി ദേവിയെ തട്ടിക്കൊണ്ടുപോയശേഷം കൊലപ്പെടുത്തി മൃതദേഹം കത്തിച്ച് കനാലിലൊഴുക്കുകയാണ് ചെയ്തത്. മന്ത്രിയായിരുന്ന മഹിപാല്‍ മദേര്‍നയും ഭന്‍വാരിയും ഉള്‍പ്പെട്ട സിഡി പുറത്താകുമെന്ന ഭയത്തിലായിരുന്നു കൊലപാതകം.

കോണ്‍ഗ്രസിന് സ്ത്രീകളോടുള്ള സമീപനം വ്യക്തമായി: പി കെ ശ്രീമതി

വൈക്കം: സ്ത്രീകളോടുള്ള കോണ്‍ഗ്രസുകാരുടെ സമീപനമെന്താണെന്ന് നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന കൊലപാതകത്തിലൂടെ വ്യക്തമായെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി പറഞ്ഞു. കേരളരക്ഷാമാര്‍ച്ചിന് വൈക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കൊലപാതകക്കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പിടിക്കപ്പെട്ടു. ഇയാള്‍ പെട്ടെന്ന് കുറ്റം ഏറ്റുപറഞ്ഞതില്‍ സ്വാഭാവികമായും സംശയം ഉയര്‍ന്നിരിക്കുകയാണ്. കൊലപാതകത്തിനു പിന്നില്‍ വേറെയും ആളുകളുണ്ടെന്ന് തോന്നിപ്പിക്കുന്നു. ഏതു വിഷയത്തിലും പ്രതികരിക്കുന്ന വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായതോടെ ഇക്കാര്യത്തില്‍ എന്താണ് മിണ്ടാത്തത്. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും ഒന്നും പറയാനില്ല. സിപിഐ എമ്മിന്റെ പാര്‍ടി ഓഫീസില്‍ ഇലയനങ്ങിയാല്‍പ്പോലും മാധ്യമങ്ങളും കോണ്‍ഗ്രസുകാരും കൊട്ടിഘോഷിക്കുമല്ലോ. ഇപ്പോള്‍ ഇതൊന്നും ഒരു പ്രശ്നമേയല്ലെന്നാണ് ഇവരുടെ നിലപാടെന്നും പി കെ ശ്രീമതി പറഞ്ഞു.

നിലമ്പൂര്‍ സംഭവത്തില്‍ സുധീരന്റെ നിലപാടെന്ത്: വിജയരാഘവന്‍

പിറവം: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ ബലാല്‍സംഘത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടതില്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ആവശ്യപ്പെട്ടു. കേരളരക്ഷാ മാര്‍ച്ചിന് പിറവത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥാംഗംകൂടിയായ അദ്ദേഹം. കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീകള്‍ക്ക് കയറിച്ചെല്ലാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് നിലമ്പൂരിലെ കൊലപാതകം. ആദര്‍ശത്തിന്റെ മൊത്തക്കച്ചവടക്കാരനെന്ന് മേനിനടിക്കുന്ന സുധീരന്‍ യഥാര്‍ഥ ആദര്‍ശവാദിയാണെങ്കില്‍ ഈ സംഭവം മുന്‍നിര്‍ത്തി രാജിവയ്ക്കാന്‍ തയ്യാറാകണം. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും പോലുള്ള വര്‍ഗീയ തീവ്രവാദികള്‍ നടത്തുന്ന വികസനവിരുദ്ധ സമരങ്ങളെ പിന്തുണയ്ക്കുന്ന സുധീരന് കോണ്‍ഗ്രസിന്റെ സ്വഭാവം മാറ്റാന്‍ കഴിയില്ല. രാജ്യത്തെ പിന്നിലേക്കു നയിക്കുന്ന വര്‍ഗീയ നിലപാടുകളുടെ വക്താവായ നരേന്ദ്ര മോഡിയുടെ കൈപിടിക്കാനും കുറേ ആളുണ്ടായി. സവര്‍ണ ഫാസിസവും ചാതുര്‍വര്‍ണ്യവും നിലപാടായി ഉയര്‍ത്തിക്കാട്ടുന്ന ബിജെപിയുടെ നരേന്ദ്ര മോഡിയുമായി കൈകോര്‍ക്കുന്നതിലൂടെ പിന്നോട്ടുനടത്തുന്ന സമീപനമാണ് അത്തരക്കാര്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി രാജ്യത്ത് പുതിയ ബദല്‍ ഉയര്‍ന്നുവരുമെന്ന സത്യം ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ കോര്‍പറേറ്റ് മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നു. പാവപ്പെട്ടവന്റെ ജീവിതം ദുരിതപൂര്‍ണമാക്കിയ മന്‍മോഹന്‍ സിങ് കോണ്‍ഗ്രസിന്റെ അവസാന പ്രധാനമന്ത്രിയായിരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

സമഗ്രമായി അന്വേഷിക്കണം: വൈക്കം വിശ്വന്‍

കോട്ടയം: നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ലോക്ക്കമ്മിറ്റി ഓഫീസില്‍ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു. കുറ്റക്കാരായ യഥാര്‍ഥ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫംഗം ബി കെ ബിജുവിനെയും സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം പുന്നശേരി ഷംസുദ്ദീനെയുമാണ് കൊലപാതകത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ തന്നെയാണോ യഥാര്‍ഥ പ്രതികളെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ട്. ഇതിനുപിന്നിലുള്ള മറ്റ് ശക്തികളെയും വെളിച്ചത്തുകൊണ്ടുവരണം. കെപിസിസി പ്രസിഡന്റായി വി എം സുധീരനെ പ്രഖ്യാപിച്ച ദിവസം തന്നെയാണ് കൊലപാതകവിവരം പുറത്തായത്. പാര്‍ടിയുടെ ഓഫീസില്‍ നടന്ന കൊലപാതകത്തെ കുറിച്ച് കെപിസിസി പ്രസിഡന്റിന് എന്താണ് പറയാനുള്ളതെന്ന് വ്യക്തമാക്കണം. ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് ഓഫീസില്‍ കയറാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് രാധയുടെ കൊലപാതകം തെളിയിക്കുന്നു. ഇത്തരം നീചമായ പ്രവൃത്തിയില്‍ കേരളമൊന്നാകെ പ്രതിഷേധിക്കണമെന്നും വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പുറത്തായത് കോണ്‍ഗ്രസിന്റെ വികൃത മുഖം: പി കെ ശ്രീമതി

തിരു: നിലമ്പൂരില്‍ കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീയെ ബലാല്‍സംഗംചെയ്ത് കൊന്ന് ചാക്കില്‍ കെട്ടിത്താഴ്ത്തിയ സംഭവം കോണ്‍ഗ്രസിന്റെ വികൃതമുഖമാണ് തുറന്നുകാട്ടുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകയായ നൈനാസാഹ്നിയെ തന്തൂരി അടുപ്പില്‍ ചുട്ടുകൊന്നതിനെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ അരങ്ങേറിയത്. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ ഓഫീസില്‍ ബലാത്സംഗവും കൊലപാതകവും അരങ്ങേറിയെന്നത് സമൂഹത്തെയാകെ ഞെട്ടിപ്പിച്ചു. മൃതദേഹം രണ്ടു ദിവസം പാര്‍ടി ഓഫീസില്‍ സൂക്ഷിച്ചുവെന്നത് സംഭവത്തിനു പിന്നില്‍ പിടിയിലായ രണ്ടു പേര്‍ മാത്രമല്ലെന്നതിന്റെ തെളിവാണ്. ഭരിക്കുന്ന പാര്‍ടിയുടെ ഓഫീസില്‍ നടന്ന ഈ സംഭവത്തെ തള്ളിക്കളയാനുള്ള ശ്രമത്തെ ശക്തമായി ചെറുക്കും. ഇതിനു പിന്നിലെ ഉന്നത ബന്ധവും ഗൂഢാലോചനയും പുറത്തുകൊണ്ടുവരാനും മുഴുവന്‍ പ്രതികളെയും പിടികൂടാനും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും പി കെ ശ്രീമതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment