Thursday, February 20, 2014

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളം മറുപടി നല്‍കി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം മറുപടി നല്‍കി. സമയപരിധിക്കുള്ളില്‍ മറുപടി നല്‍കാതെ കൂടുതല്‍ സമയം ആവശ്യപ്പെട്ടത് വിവാദമായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മറുപടി നല്‍കാനുള്ള അവസാന തീയതി. ബുധനാഴ്ച മന്ത്രി കെ സി ജോസഫ് ഡല്‍ഹിയിലെത്തി മന്ത്രി വീരപ്പ മൊയ്ലിയെ നേരിട്ടുകണ്ടാണ് മറുപടി നല്‍കിയത്. വീരപ്പമൊയ്ലി വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയേറ്റശേഷമാണ് പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയത്. അതതു പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന ആശങ്കകളും പരാതികളും ഈ മാസം 16നകം അറിയിക്കണം എന്നായിരുന്നു നിര്‍ദേശം. എന്നിട്ടും റിപ്പോര്‍ട്ടിന്റെ പരിധിയില്‍ വരുന്ന കര്‍ഷകരുടെ ആശങ്ക സംസ്ഥാനം അറിയിച്ചില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. നിരവധി തവണ സമയം നീട്ടിനല്‍കിയിട്ടുണ്ടെന്നും ഇനി സമയം നീട്ടിത്തരാന്‍ കഴിയില്ലെന്നും ജസ്റ്റിസ് സ്വതന്തര്‍കുമാര്‍ അധ്യക്ഷനായ ട്രിബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴേക്കും തീരുമാനം അറിയിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ച്് നവംബര്‍ 13ന് കേന്ദ്രം ഉത്തരവിറക്കിയിരുന്നു. ഉത്തരവ് പരിഷ്കരിച്ച് ഡിസംബര്‍ 20ന് ഇറക്കിയത് ഓഫീസ് മെമ്മോറാണ്ടം മാത്രമാണെന്നും നവംബര്‍ 13ലേതാണ് യഥാര്‍ഥ ഉത്തരവെന്നും കേന്ദ്രം ഹരിത ട്രിബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ജനവാസകേന്ദ്രങ്ങളുള്‍പ്പെടെയുള്ള മേഖലകളെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് ആശങ്കകള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

കസ്തൂരിരംഗന്‍: കടുത്ത സമ്മര്‍ദത്തിന് മാണി തയ്യാറാകണം-പിണറായി

തേഞ്ഞിപ്പലം (മലപ്പുറം): കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാണ് സിപിഐ എമ്മിന്റെ ആവശ്യമെന്ന് സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ അത് ജനങ്ങളുടെ ജീവിതവും കൃഷിയും തകര്‍ത്തിട്ടാകരുത്. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം റദ്ദാക്കണം. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. എന്നാല്‍ ശക്തമായ സമ്മര്‍ദം ചെലുത്തി വിജ്ഞാപനം നടപ്പാക്കുന്നത് തടയുകയാണ് വേണ്ടത്. അതല്ലെങ്കില്‍ മുഖ്യമന്ത്രിയെപ്പോലെ മാണിയും മലയോരജനതയെ വഞ്ചിക്കുകയാണെന്ന് കണക്കാക്കേണ്ടിവരും. ടി പി ചന്ദ്രശേഖരന്‍ കേസില്‍ ഇനി അന്വേഷണത്തിന് നിയമപരമായി സാധുതയില്ല. എല്ലാ മൊഴിയും കൊടുത്ത് വിശദമായി അന്വേഷിച്ചിട്ടും സിപിഐ എമ്മിനെതിരെ വിധിയുണ്ടായില്ല. വിചാരണ പൂര്‍ത്തിയായി വിധി വന്ന കേസിലെ പുനരന്വേഷണം,സിപിഐ എമ്മിനെ ഇനിയും വേട്ടയാടാന്‍ കഴിയുമോ എന്ന് നോക്കാനാണ്. കേരളരക്ഷാ മാര്‍ച്ചിനെ ജനങ്ങള്‍ അത്യധികം ആവേശത്തോടെയാണ് വരവേല്‍ക്കുന്നതെന്നും ചോദ്യത്തിന് പിണറായി മറുപടി നല്‍കി. ജാഥാ മാനേജര്‍ എ കെ ബാലന്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ എന്നിവരും പങ്കെടുത്തു.

മുഖ്യമന്ത്രി പരിസ്ഥിതി കൊള്ളക്കാരന്‍: വി എസ്

തിരു: മുഖ്യമന്ത്രി പരിസ്ഥിതി കൊള്ളക്കാരനാണെന്നും പരിസ്ഥിതി ആഘാത അവലോകന അതോറിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മുത്തുനായകത്തെ ഒഴിവാക്കിയശേഷം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ശിങ്കിടിയായ പുതിയ ചെയര്‍മാനും പരിസ്ഥിതിയെ കൊള്ളയടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പുതുതായി ക്വാറികള്‍ക്ക് അനുമതി നല്‍കിയതടക്കമുള്ള തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

തന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിവില്ലാതെയാണ് അരവിന്ദ് കെജ്രിവാള്‍ തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചതെന്നും വിഎസ് പറഞ്ഞു. കഴിഞ്ഞ എഴുപത് വര്‍ഷത്തിലധികമായി താന്‍ രാഷ്ട്രീയ രംഗത്തുണ്ടെന്നും കെജ്രിവാളിന്റെ ക്ഷണനത്തെക്കുറിച്ച് താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

വിജ്ഞാപനം പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ 13ന് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി. ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ടി യോഗ തീരുമാനമനുസരിച്ചാണ് കത്ത് നല്‍കിയത്. അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കത്ത് നല്‍കിയശേഷം മന്ത്രി കെ എം മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതിനുമുമ്പ് അനുകൂല തീരുമാനം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment