Thursday, February 13, 2014

സ്ത്രീപീഡനം തുടര്‍ക്കഥ; തലയൂരാനാകാതെ സര്‍ക്കാര്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരും കോണ്‍ഗ്രസും ഒരിക്കല്‍കൂടി സ്ത്രീപീഡനത്തിന്റെ നാണക്കേടില്‍നിന്ന് തലയൂരാന്‍ പാടുപെടുന്നു. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും മന്ത്രിതന്നെയും പീഡനക്കേസിലും അഴിമതിയിലും അകപ്പെട്ട് പുറത്താകുമ്പോഴും ന്യായീകരിക്കുകയും സംരക്ഷിക്കുകയുംചെയ്യുന്ന മുഖ്യമന്ത്രിക്ക് തീരാത്ത തലവേദനയാവുകയാണ് നിലമ്പൂര്‍ സംഭവം. പരസ്ത്രീ ബന്ധവും ഗാര്‍ഹികാതിക്രമവും വിവാദമായപ്പോഴാണ് മന്ത്രിയായ കെ ബി ഗണേഷ്കുമാറിന് സ്ഥാനം ഒഴിയേണ്ടിവന്നത്. മുഖ്യമന്ത്രിതന്നെയാണ് മന്ത്രിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താനും പരാതി ഒതുക്കാനും പാഞ്ഞുനടന്നത്. തേക്കടിയില്‍ രണ്ട് മന്ത്രിമാര്‍ ഉല്ലാസയാത്ര നടത്തിയതുള്‍പ്പെടെയുള്ള ആരോപണങ്ങളും മുക്കി. ചില മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് ദുരൂഹത ഉയര്‍ന്നപ്പോഴും അവരെയെല്ലാം സംരക്ഷിച്ചു. സോളാര്‍ തട്ടിപ്പിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ സംസാരിച്ചത് ചില ഉന്നതരുടെ സ്ത്രീപീഡന രഹസ്യങ്ങള്‍ ഉള്‍പ്പെടെയായിരുന്നു. വിവാദങ്ങള്‍ കത്തുമ്പോഴും അടച്ചിട്ട മുറിയിലെ രഹസ്യം പുറത്തു പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

സരിതയുടെ രഹസ്യമൊഴിയില്‍ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിമാരും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ ഉന്നത ഗൂഢാലോചനയിലൂടെ മൊഴിതന്നെ നശിപ്പിച്ചു. സരിതയെ പ്രലോഭിപ്പിച്ചും വാഗ്ദാനങ്ങള്‍ നല്‍കിയും പുതിയ മൊഴി സൃഷ്ടിച്ചു. ഇതിനെല്ലാമിടയില്‍ ചില പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പുറത്തായത് രക്ഷയില്ലാതെയാണ്. ലൈംഗികാരോപണത്തില്‍പ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പുറത്തായ സ്റ്റാഫംഗം മുഖ്യമന്ത്രിയുടെയും എ ഗ്രൂപ്പ് നേതാക്കളുടെയും മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു. മുഖ്യമന്ത്രിയെ നേരിട്ടുകാണാന്‍ താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിച്ചുവെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള പരാതി. പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് ഒഴിവാക്കിയെങ്കിലും നിയമനടപടികള്‍ മുക്കി.

മന്ത്രിസഭയിലെ ഏക വനിതാ മന്ത്രി പി കെ ജയലക്ഷ്മിയുടെ സ്റ്റാഫിലെ ഒരു പ്രമുഖനെതിരെ ഉയര്‍ന്ന ആരോപണം ആദിവാസി യുവതിയെ ജോലിനല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ്. ഈ പരാതിയും ഉന്നതര്‍ പിന്‍വലിപ്പിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വനിതാ എസ്ഐയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും മുക്കി. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായിരുന്ന മുന്‍ ഗണ്‍മാന്‍ സലിംരാജിനെ കോഴിക്കോട്ടുനിന്ന് നാട്ടുകാര്‍ പിടികൂടിയത് യുവതിയെ കടത്തിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിലാണ്. സോളാര്‍ കേസില്‍ മറ്റ് രണ്ടുപേര്‍ക്ക് കൂടി മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പുറത്തു പോകേണ്ടി വന്നിട്ടുണ്ട്. ഈ സംഭവങ്ങളിലും ലൈംഗിക ചൂഷണത്തിന്റെ പിന്നാമ്പുറക്കഥകളുണ്ട്. അഴിമതിയുടെ പേരില്‍ പുറത്തു പോയവരും പോകേണ്ടവരും വേറെയുമുണ്ട്. കൈക്കൂലി വാങ്ങുന്നത് ക്യാമറയില്‍ പതിഞ്ഞത് വിവാദമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടു പേരാണ് പുറത്തു പോയത്. സമീപകാലത്ത് ഒരു മന്ത്രിയുടെ സ്റ്റാഫിനെതിരെ രഹസ്യ റിപ്പോര്‍ട്ടും പുറത്തായി. അപ്പോഴെല്ലാം ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് നിസ്സാരമായി തള്ളിയതിന്റെ ദുരന്തഫലംകൂടിയാണ് നിലമ്പൂര്‍ സംഭവം.

തെളിവെടുപ്പ് കോണ്‍ഗ്രസ് നേതാക്കളുടെ കാവലില്‍

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട ജീവനക്കാരി രാധയുടെ വീട്ടില്‍ പൊലീസ് മൊഴി എടുക്കാന്‍ വന്നത് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം. മന്ത്രി ആര്യാടന്‍ മുഹമ്മദ്, നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് എന്നിവരുമായി അടുത്ത ബന്ധമുള്ള മേലേക്കളം വിജയനാരായണന്റെയും ജൂപ്പിറ്റര്‍ സുരേഷിന്റെയും സാന്നിധ്യത്തിലായിരുന്നു മൊഴിയെടുക്കല്‍. നിലമ്പൂര്‍ സിഐ എ പി ചന്ദ്രനാണ് ബുധനാഴ്ച രാവിലെ പത്തോടെ പൊലീസ് ജീപ്പില്‍ കോണ്‍ഗ്രസ് നേതാക്കളെയും കൂട്ടി എത്തിയത്. വീട്ടുകാരില്‍നിന്ന് മൊഴിയെടുക്കുമ്പോള്‍ പലപ്പോഴും ഉത്തരം പറഞ്ഞത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന അരുംകൊലയില്‍ കോണ്‍ഗ്രസിന്റെ ഉന്നതരടക്കമുള്ളവര്‍ സംശയത്തിന്റെ മുനയില്‍ നില്‍ക്കുമ്പോഴാണ് പരസ്യമായി മൊഴിമാറ്റത്തിനുള്ള സൗകര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തുകൊടുത്തത്. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ മൊഴിയെടുക്കുന്നതറിഞ്ഞ് നാട്ടുകാര്‍ രാധയുടെ വീട്ടില്‍ തടിച്ചുകൂടി. മൊഴിരേഖപ്പെടുത്തി പുറത്തിറങ്ങിയ സിഐ എ പി ചന്ദ്രനോട് നാട്ടുകാര്‍ പ്രതികരിച്ചു. രാധയുടെ വീട്ടിലേക്കുള്ള വഴി അറിയാനാണ് കോണ്‍ഗ്രസ് നേതാക്കളെ ഒപ്പം കൂട്ടിയതെന്നായിരുന്നു സിഐ അവകാവശപ്പെട്ടത്. അതേസമയം, സ്ഥലത്തെ ജനപ്രതിനിധിയായ കൗണ്‍സിലറെപ്പോലും വിവരം അറിയിക്കാന്‍ പൊലീസ് തയ്യാറകുന്നില്ല. പൊലീസ് മൊഴിയെടുക്കാന്‍ വരുന്ന വിവരം കോണ്‍ഗ്രസ് നേതാക്കളാണ് രാധയുടെ ബന്ധുക്കളെ വിളിച്ച് അറിയിച്ചത്.


അതേസമയം, കേരളത്തെ നടുക്കിയ കൊലപാതകത്തില്‍ ചൊവ്വാഴ്ച കോവിലകത്തുമുറിയില്‍ ജനകീയ കൂട്ടായ്മയും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ആരും പങ്കെടുത്തിരുന്നില്ല. മാത്രമല്ല, യോഗം നടന്നുകൊണ്ടിരിക്കെ കോവിലകത്തുമുറിയിലുള്ള ഒരു നേതാവിന്റെ വീട്ടില്‍ കോണ്‍ഗ്രസുകാര്‍ രഹസ്യയോഗം ചേരുകയും ചെയ്തു. മൃതദേഹം കണ്ടെത്തിയവിവരം കോണ്‍ഗ്രസ് നേതാക്കളെയാണ് പൊലീസ് ആദ്യം അറിയിച്ചിരുന്നത്. ഞായറാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയെങ്കിലും അന്ന് കുളത്തില്‍നിന്ന് മൃതദേഹം പുറത്തെടുക്കാന്‍ പൊലീസ് തയ്യാറായില്ല. രാത്രിവരെ പുറത്തെടുക്കാതെ നീട്ടിക്കൊണ്ടു പോയി. പിന്നീട് രാവിലെ എടുത്താല്‍ മതിയെന്ന് തീരുമാനിച്ച ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മടങ്ങി. മൃതദേഹം പുറത്തെടുക്കുന്ന സമയത്തും വിജയനാരായണന്‍ ചുള്ളിയോടുള്ള കുളത്തിനുസമീപം ഉണ്ടായിരുന്നു. ബിജുവിനെ വിളിച്ചുവരുത്തി രാധയുടെ സഹോദരന് പണം നല്‍കാന്‍ പറഞ്ഞതും ഈ നേതാവാണ്.

ഷൗക്കത്തിന്റെ രഹസ്യങ്ങള്‍ രാധയ്ക്കറിയാം: സഹോദരന്‍

മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെ പല കോണ്‍ഗ്രസ് നേതാക്കളുടെയും രഹസ്യങ്ങള്‍ സഹോദരിക്ക് അറിയാമായിരുന്നെന്ന് കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്കരന്‍ പൊലീസിനോട് പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസില്‍ വരുന്ന ചില നേതാക്കളുടെ രഹസ്യങ്ങളും രാധയ്ക്ക് അറിയാമെന്ന് മാധ്യമങ്ങളോടും ഭാസ്കരന്‍ വെളിപ്പെടുത്തി. മുമ്പ് രണ്ടുതവണ രാധക്കുനേരെ വധശ്രമമുണ്ടായി. ചില രഹസ്യങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ബിജു ശ്രമിച്ചതും രാധയ്ക്കറിയാമായിരുന്നു. ബിജുവും രാധയും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നെന്ന പൊലീസിന്റെ പ്രചാരണം തെറ്റാണ്. യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. മന്ത്രി ആര്യാടന്‍ മുഹമ്മദ് നിലമ്പൂരില്‍ വന്നപ്പോള്‍ താന്‍ നേരിട്ടു പരാതി നല്‍കിയിരുന്നു. രാധയെ വര്‍ഷങ്ങളായി അറിയാമെന്നും എല്ലാം ശരിയാക്കാമെന്നും മന്ത്രി ഉറപ്പുനല്‍കി. ഇപ്പോള്‍ അറസ്റ്റിലായവര്‍ മറ്റാര്‍ക്കോവേണ്ടി കുറ്റം ഏല്‍ക്കുകയാണ്. സംഭവത്തിനു പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്ന് സംശയമുണ്ട്. നിലവിലുള്ള പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ഭാസ്കരന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment