Thursday, February 13, 2014

വിമുക്തഭടന്റെ ജനനേന്ദ്രിയം പൊലീസ് തകര്‍ത്തു

വടകര: വടകര മൂരാട് ദേശീയപാത സ്ഥലമേറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച കര്‍മസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം പൊലീസ് തകര്‍ത്തു. കൊയിലാണ്ടി പന്തലായനി പ്രതീക്ഷയില്‍ നാരായണന്‍നായരെ(60)യാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന മൃഗീയമായ മൂന്നാംമുറയ്ക്ക് ഇരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ നാരായണന്‍നായരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വൃഷണത്തില്‍ രക്തം കട്ടം പിടിച്ചതായും ക്ഷതം സംഭവിച്ചതായും വിദഗ്ധപരിശോധനയില്‍ കണ്ടെത്തി.

സോളാര്‍ വിവാദം കത്തിപ്പടര്‍ന്ന കാലത്ത് തലസ്ഥാനത്ത് ആനയറയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം തകര്‍ത്തതിന് സമാനമാണ് ഈ സംഭവവും. വിമുക്തഭടനും കോണ്‍ഗ്രസ് അനുഭാവിയുമായ നാരായണന്‍നായരെ ഫുട്പാത്തില്‍ നില്‍ക്കവെയാണ് പൊലീസുകാര്‍ സംഘംചേര്‍ന്ന് മര്‍ദിക്കുകയും ചവിട്ടുകയും ചെയ്തത്. ഇതിനിടെ വടകര സിഐ കെ സി സുഭാഷ്ബാബു ജനനേന്ദ്രിയം പിടിച്ചുഞെരിക്കുകയായിരുന്നു. വിമുക്തഭടനാണെന്ന് പറഞ്ഞെങ്കിലും വണ്ടിയിലും മര്‍ദനം തുടര്‍ന്നു. ജനനേന്ദ്രിയം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടതോടെ ജനങ്ങള്‍ പ്രതിഷേധവുമായി എത്തി. ഇതോടെയാണ് വടകര സ്റ്റേഷനില്‍നിന്ന് നാരായണന്‍നായരെ ആശുപത്രിയിലേക്ക് മാറ്റിയത്. ബുധനാഴ്ച രാവിലെ പത്തോടെ മൂരാട് പാലത്തിന് സമീപമായിരുന്നു സംഭവം. പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 34 സ്ത്രീകളും രണ്ട് കുട്ടികളുമുള്‍പ്പെടെ 78 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീകളുള്‍പ്പെടെയുള്ള സമരക്കാരെ പുരുഷ പൊലീസുകാര്‍ അടിച്ചോടിക്കുകയായിരുന്നു.

deshabhimani

No comments:

Post a Comment