Sunday, February 16, 2014

കുരുമുളക് സ്പ്രേ കോണ്‍ഗ്രസ് തിരക്കഥ

ലോക്സഭയില്‍ കുരുമുളക് സ്പ്രേ പ്രയോഗം നടത്തിയ സീമാന്ധ്ര എംപി എല്‍ രാജഗോപാല്‍ കോണ്‍ഗ്രസിന്റെ മാനസപുത്രന്‍. ലാന്‍കോ എന്ന കോര്‍പറേറ്റ് സ്ഥാപനത്തെ നിയന്ത്രിക്കുന്ന രാജഗോപാലിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് വലിയ സഹായങ്ങളാണ് ലഭിക്കുന്നത്. കുരുമുളക് സ്പ്രേ പ്രയോഗംപോലും കോണ്‍ഗ്രസ് തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണ്. തെലങ്കാന ബില്ലിനെതിരെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ഘട്ടത്തിലും ലോക്സഭയില്‍ രാജഗോപാല്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ വിലക്കുകളെ മറികടന്നാണ് പ്രതിഷേധങ്ങളെന്ന് രാജഗോപാല്‍ പ്രചരിപ്പിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരില്‍നിന്ന് വന്‍ സഹായങ്ങള്‍ ഈ ഘട്ടത്തിലും അദ്ദേഹം നേടിക്കൊണ്ടിരുന്നു.

സാമ്പത്തികപ്രതിസന്ധിയിലായ ലാന്‍കോ ഗ്രൂപ്പിനെ സഹായിക്കാന്‍ 7700 കോടിയുടെ കോര്‍പറേറ്റ് വായ്പാ പുനഃസംഘടനാ പദ്ധതി കേന്ദ്രത്തിന്റെ ആശീര്‍വാദത്തോടെയാണ്. മൂവായിരത്തിമുന്നൂറു കോടി രൂപ പുതിയ വായ്പ ഉള്‍പ്പെടെ 7700 കോടിയുടെ പാക്കേജില്‍ കഴിഞ്ഞ ഡിസംബറിലാണ് 27 ബാങ്കുകളുടെ കൂട്ടായ്മയും ലാന്‍കോ ഗ്രൂപ്പും ഒപ്പുവച്ചത്. ധനമന്ത്രി പി ചിദംബരത്തിന്റെ പിന്തുണയാണ് ഇതിന് വഴിയൊരുക്കിയത്. ഓസ്ട്രേലിയയിലെ ഗ്രിഫിന്‍ കല്‍ക്കരിപ്പാടം 2011ല്‍ വന്‍ തുക മുടക്കി വാങ്ങിയതോടെയാണ് ലാന്‍കോ ഗ്രൂപ്പിന്റെ തകര്‍ച്ച തുടങ്ങിയത്. 4100 കോടി രൂപയാണ് പാടത്തിന് മുടക്കിയത്. എന്നാല്‍, പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ലാന്‍കോ ഗ്രൂപ്പ് നിലവില്‍ 36,558 കോടി രൂപ കടത്തിലാണ്. പാപ്പരായി പ്രഖ്യാപിക്കപ്പെട്ടേക്കാമെന്ന സാഹചര്യത്തിലാണ് കേന്ദ്രം മുന്‍കൈയെടുത്ത് വായ്പാ പുനഃസംഘടനാ പദ്ധതിക്ക് ധാരണയായത്. ഇതുവരെ എടുത്ത വായ്പകള്‍ കിട്ടാക്കടമായി നില്‍ക്കെയാണ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് ബാങ്കുകള്‍ പുതിയ വായ്പ അനുവദിച്ചത്. പലിശയുടെ കാര്യത്തില്‍ രണ്ടുവര്‍ഷം അവധിയോടെയാണ് വായ്പ.

തൊണ്ണൂറുകളില്‍ സാമ്പത്തികപരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടതോടെയാണ് ലാന്‍കോ ഗ്രൂപ്പ് പന്തലിച്ചത്. രാഷ്ട്രീയനേതൃത്വവുമായുള്ള സൗഹൃദംകൂടിയായതോടെ വളര്‍ച്ച വേഗത്തിലായി. പിന്നീട് കോണ്‍ഗ്രസ് കുപ്പായമിട്ട് രാജഗോപാലും രാഷ്ട്രീയത്തിലേക്കിറങ്ങി. ലോക്സഭയിലേക്ക് പണം വാരിയെറിഞ്ഞ് ജയിച്ചു. 5500 കോടിയുടെ ലാന്‍കോ ഹില്‍ പദ്ധതി ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. തെലങ്കാന വിഭജനം യാഥാര്‍ഥ്യമാകുന്നതോടെ ഇതുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ അന്യാധീനപ്പെടുമോ എന്ന ഭയമാണ് അറ്റകൈ പരീക്ഷണത്തിന് രാജഗോപാലിനെ പ്രേരിപ്പിച്ചത്.

deshabhimani

No comments:

Post a Comment