Sunday, February 16, 2014

മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നവരെ വിജയിപ്പിക്കണം: സിബിസിഐ

ന്യൂഡല്‍ഹി: മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ഥികളെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് കത്തോലിക്കാ സഭ. പാലായില്‍ നടന്ന കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനു ശേഷം ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗത്തിലാണ് സഭ നിലപാടു വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഇടയലേഖനം രണ്ടാഴ്ചയ്ക്കകം പള്ളികളില്‍ വായിക്കും.

തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് സഭ നിര്‍ദേശിക്കില്ല. എന്നാല്‍, ഇതുസംബന്ധിച്ച് വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കും. ഇതിനുള്ള നിര്‍ദേശങ്ങള്‍ ഇടയലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നവര്‍, സമുദായിക ഐക്യം കാത്തുസൂക്ഷിക്കുന്നവര്‍, ന്യൂനപക്ഷങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനു പ്രവര്‍ത്തിക്കുന്നവര്‍, ഭൂമി-വനം-കുടിവെള്ളപ്രശ്നങ്ങളില്‍ ആദിവാസികള്‍ക്കൊപ്പം നില്‍ക്കുന്നവര്‍, ദളിത് ക്രിസ്ത്യാനികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍, അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമ്പത്തികോന്നമനത്തിനു പ്രവര്‍ത്തിക്കുന്നവര്‍, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിലകൊള്ളുന്നവര്‍ എന്നിവരെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നാണ് സഭ നിര്‍ദേശിക്കുന്നത്.

ദേശീയതലത്തില്‍ നിലനില്‍ക്കുന്ന ഈ പ്രശ്നങ്ങള്‍ക്കൊപ്പം അതത് സംസ്ഥാനത്തെ പ്രാദേശികപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇടയലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയുമാകാം. ഏതെങ്കിലും രാഷ്ട്രീയപാര്‍ടിയോട് സഭയ്ക്ക് പ്രത്യേക താല്‍പ്പര്യമില്ല. എന്നാല്‍, സഭാവിശ്വാസികളുടെ വോട്ട് നീതിപൂര്‍വകമായി ഉപയോഗിക്കണമെന്ന പ്രബോധനം സഭ നടത്തും. ആഗോളവല്‍ക്കരണത്തിന്റെ നാളുകളിലൂടെയാണ് സമൂഹം കടന്നുപോകുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടിക്കൂടിവരികയാണ്. സ്വകാര്യവല്‍ക്കരണപ്രവണത പൊതുമേഖലയിലെ വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യമേഖലയിലെ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെപ്പോലും ബാധിച്ചിരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി വേണം പൊതുതെരഞ്ഞെടുപ്പിനെ സമീപിക്കാന്‍. കേരളത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതടക്കമുള്ള വിഷയങ്ങള്‍ പരിഗണിച്ചാകും ഇടയലേഖനത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തുക. കഴിഞ്ഞ പത്തുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിലെ എല്ലാ പ്രവര്‍ത്തനത്തെയും സഭ അംഗീകരിച്ചിട്ടില്ലെന്നും സഭാ വക്താവ് ഫാ. ജോസഫ് ചിന്നയ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment