Tuesday, February 4, 2014

കോസ്റ്ററിക്കയിലും ഇടതുപക്ഷത്തിന് മേല്‍ക്കൈ

സാന്‍ ഹോസെ: ലാറ്റിനമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യവട്ടത്തില്‍ ഇടതുപക്ഷത്തിന് മേല്‍ക്കൈ. ഇടതുപക്ഷ ചായ്വുള്ള സിറ്റിസണ്‍സ് ആക്ഷന്‍ പാര്‍ടി സ്ഥാനാര്‍ഥിയായ മുന്‍ നയതന്ത്രജ്ഞന്‍ ലുയിസ് ഗ്വിലെര്‍മോ സോലിസ് 30.9 ശതമാനം വോട്ടുനേടി മുന്നിലെത്തി. വിജയപ്രതീക്ഷയിലായിരുന്ന ഭരണകക്ഷി സ്ഥാനാര്‍ഥി ജോണി അരായ 29.6 ശതമാനം വോട്ടുനേടി.

മറ്റൊരു ഇടതുപക്ഷ സ്ഥാനാര്‍ഥിയായ ഹോസെ മാരിയ വില്ലാള്‍തക്ക് 17.2 ശതമാനം വോട്ടുലഭിച്ചു. വിജയത്തിനാവശ്യമായ 40 ശതമാനം വോട്ട് ആര്‍ക്കും ലഭിക്കാത്ത സാഹചര്യത്തില്‍ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മില്‍ രണ്ടാംവട്ട തെരഞ്ഞെടുപ്പ് നടക്കും. വില്ലാള്‍തയെ പിന്തുണച്ച ഇടതുപക്ഷകക്ഷികളുടെ വോട്ടുകൂടി ലഭിക്കുന്നതോടെ ഏപ്രില്‍ ആറിന്റെ അന്തിമവട്ട തെരഞ്ഞെടുപ്പില്‍ സോലിസിന്റെ വിജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍.കഴിഞ്ഞവര്‍ഷങ്ങളില്‍ ലാറ്റിനമേരിക്കയില്‍ ആവര്‍ത്തിക്കുന്ന ഇടതുപക്ഷവിജയങ്ങളെ കൂടുതല്‍ ചുവപ്പിക്കുന്നതാകും ഇത്.

മധ്യ അമേരിക്കയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ കോസ്റ്റ റിക്കയുടെ സമ്പദ്വ്യവസ്ഥയ്ക്ക് ഭീഷണിയാണ് ഇടതുപക്ഷ എതിരാളികള്‍ എന്നായിരുന്നു അരായയുടെ മുഖ്യ പ്രചാരണം. കൂടുതല്‍ സുരക്ഷിതമായ പാതയിലൂടെയാണ് താന്‍ രാജ്യത്തെ നയിക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, നാഷണല്‍ ലിബറേഷന്‍ പാര്‍ടി സര്‍ക്കാരിന്റെ അഴിമതിക്കെതിരായ രോഷവും കൂടുതല്‍ സമത്വത്തിനുള്ള ആഗ്രഹവും സോളിസിന് തുണയായി. 2010ല്‍ അധികാരത്തിലേറിയ ലോറ ചിന്‍ചിലയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി അഴിമതിയാരോപണം ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി രണ്ടാമതും മത്സരിക്കാന്‍ കോസ്റ്റ റിക്ക ഭരണഘടന അനുവദിക്കുന്നില്ല.

എല്‍ സാല്‍വദോറിനെ നയിക്കാന്‍ ഗറില്ലാ പോരാളി

സന്‍ സല്‍വദോര്‍: ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ വീണ്ടും ഇടതുപക്ഷ മുന്നേറ്റം. ഭരണകക്ഷിയായ ഫറാബുന്‍ഡോ മാര്‍ടി നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ (എഫ്എംഎല്‍എന്‍) സ്ഥാനാര്‍ഥിയായ മുന്‍ ഗറില്ലാ കമാന്‍ഡര്‍ സാല്‍വദോര്‍ സാഞ്ചസ് സെരന്‍ 49 ശതമാനം വോട്ടോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തി. വിജയത്തിനാവശ്യമായ 50 ശതമാനം വോട്ട് നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹത്തിന് നഷ്ടമായത്. വലതുപക്ഷ നാഷണലിസ്റ്റ് റിപ്പബ്ലിക്കന്‍ അലയന്‍സ് (അരീന) സ്ഥാനാര്‍ഥി നോര്‍മന്‍ ക്വിയാനോക്ക് 30 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. മാര്‍ച്ച് ഒമ്പതിന് ഇവര്‍ തമ്മില്‍ അന്തിമവട്ട തെരഞ്ഞെടുപ്പ് നടത്തും. അരീന വിമതനായി മത്സരിച്ച മുന്‍ പ്രസിഡന്റ് അന്റോണിയോ 11 ശതമാനം വോട്ടുനേടി. അന്തിമവട്ട തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയില്ല. വോട്ടെടുപ്പ് സമാധാനപരവും നീതിപൂര്‍വകവുമായിരുന്നെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തി.

രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി 2009ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയ ഭരണപരിഷ്കാരങ്ങളും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളുമാണ് ഭരണത്തുടര്‍ച്ചയ്ക്ക് വഴിതെളിച്ചത്. പ്രസിഡന്റ് മൗറീസ്യോ ഫ്യുനസിന്റെ സര്‍ക്കാര്‍ 2009 ജൂണ്‍ ഒന്നിന് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ക്യൂബയുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഉത്തരവിട്ടിരുന്നു. 50 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്യൂബയും എല്‍ സാല്‍വദോറും ബന്ധം പുനഃസ്ഥാപിച്ചത്. തുടര്‍ന്ന് ക്യൂബയുടെയും വെനസ്വേലയുടെയും നേതൃത്വത്തിലുള്ള ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റത്തിനൊപ്പം കൈകോര്‍ത്ത എല്‍ സാല്‍വദോര്‍ ജനജീവിതം മെച്ചപ്പെടുത്താനും കുത്തകകളെ നാടുകടത്താനും ശ്രദ്ധേയമായ നടപടികള്‍ സ്വീകരിച്ചു. തെരുവുഗുണ്ടകളെയും ലഹരിമരുന്ന് മാഫിയയെയും അടിച്ചമര്‍ത്തി. പ്രസിഡന്റാകാന്‍ ഒരുങ്ങുന്ന സാഞ്ചസ് സെരന്‍ രാജ്യത്തെ നയിക്കുന്ന ആദ്യ മാര്‍ക്സിസ്റ്റ് ഗറില്ലാ പോരാളിയെന്ന ഖ്യാതിയാണ് സ്വന്തമാക്കുന്നത്. അമേരിക്കന്‍ പിന്തുണയോടെ രാജ്യത്തെ ചവിട്ടിയരച്ച ഭരണകൂടത്തിനെതിരെ 1980കളില്‍ പ്രക്ഷോഭം നയിച്ച മാര്‍ക്സിസ്റ്റ് ഗറില്ലകളാണ് എഫ്എംഎല്‍എന്‍ പാര്‍ടി രൂപീകരിച്ചത്. 1992വരെ നീണ്ട പോരാട്ടത്തില്‍ 75,000 പേരാണ് കൊല്ലപ്പെട്ടത്.

deshabhimani

2 comments:

  1. In our neighbouring state, Left friendly party swept the last assembly poll. They are going to sweep LS polls too!

    ReplyDelete
    Replies
    1. You didnt know!? Oh, that is why it did not appear in your news channel/ news paper and blogs! Jaya, my dear, Jaya! The super star pair with MGR. Richest Indian polititian after Soniya madam.

      Delete