Saturday, April 12, 2014

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 428 കോടി മടക്കിനല്‍കിയില്ല

തിരു: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍നിന്ന് വകമാറ്റിയ തുക സംസ്ഥാന സര്‍ക്കാര്‍ തിരിച്ചുനല്‍കിയില്ല. വര്‍ഷാവസാനം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ത്രിതല പഞ്ചായത്തുകളുടെ മെയിന്റനന്‍സ് ഫണ്ടില്‍ 428 കോടി രൂപ സര്‍ക്കാര്‍ വക മാറ്റിയത്. തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്രവിഹിതം ലഭിക്കുമ്പോള്‍ മടക്കിനല്‍കാമെന്ന ഉറപ്പിലായിരുന്നു ഇത്. എന്നാല്‍, കേന്ദ്രത്തില്‍നിന്ന് പണം കിട്ടി ഒരാഴ്ച കഴിഞ്ഞിട്ടും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക തിരികെ നല്‍കിയിട്ടില്ല.

നേരത്തെ 1,550 കോടി രൂപ വകമാറ്റി തദ്ദേശ സ്ഥാപനങ്ങളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയതിന് പിന്നാലെയാണ് 428 കോടി കൂടി കവര്‍ന്നത്. തുക വക മാറ്റുന്നത് ചട്ടവിരുദ്ധമാണെന്ന ധനവകുപ്പിന്റെ നിലപാട് തള്ളി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഉത്തരവ്. തൊഴിലുറപ്പ് പദ്ധതിക്കെന്ന പേരില്‍ തുക വകമാറ്റിയെങ്കിലും തൊഴിലാളികള്‍ക്ക് കൂലി കുടിശ്ശിക ലഭിച്ചില്ല.

ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ട് ലഭിക്കാതായതോടെ ജില്ലാ ആശുപത്രികള്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍വരെ പ്രതിസന്ധിയിലായി. ജീവന്‍രക്ഷാ മരുന്നു വാങ്ങുന്നതുപോലും പ്രശ്നത്തിലായി. റോഡുകളുടെയും സ്ഥാപനങ്ങളുടെയും അറ്റകുറ്റപ്പണി, സ്കൂള്‍-അങ്കണവാടി കെട്ടിടങ്ങളുടെ ആവര്‍ത്തനച്ചെലവുകളും അറ്റകുറ്റപ്പണിയും,&ാറമവെ;തെരുവുവിളക്കുകളുടെയും കുടിവെള്ള പദ്ധതികളുടെയും സ്ഥാപനങ്ങളുടെയും വൈദ്യുതിചാര്‍ജ് അടയ്ക്കല്‍, ഫാമുകളുടെ പ്രവര്‍ത്തനം, കൃഷിഭവനുകളുടെ ദൈനംദിന ആവശ്യങ്ങള്‍, മൃഗാശുപത്രികളുടെ മരുന്ന് അടക്കമുള്ള അവശ്യ വസ്തുക്കള്‍ വാങ്ങല്‍ തുടങ്ങിയവ മുടങ്ങി. ട്രഷറിപൂട്ടല്‍ ഒഴിവാക്കാന്‍ നടത്തിയ സൂത്രപ്പണികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതിയുടെ മുക്കാല്‍ ഭാഗത്തോളം ഇല്ലാതാക്കി. പട്ടികവിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ പൂര്‍ണമായും ഈവര്‍ഷത്തേക്ക് മാറ്റി.

ലോകബാങ്ക് സഹായ പദ്ധതി അടക്കം കൈാര്യംചെയ്യുന്ന കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രോജക്ടിലെ അവശേഷിക്കുന്ന തുകയും, തദ്ദേശസ്ഥാപനങ്ങളുടെ വികസനഫണ്ടിന്റെ 35 ശതമാനവും ഇതേ രീതിയില്‍ നിഷേധിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ ട്രഷറി നിയന്ത്രണം നടപ്പാക്കി എല്ലാ ഫണ്ടിന്റെയും വിനിയോഗം തടഞ്ഞു. നഗരസഭകളും ത്രിതല പഞ്ചായത്തുകളും തുടങ്ങിവച്ച പണികളെല്ലാം നിലച്ചു. പുതിയവ തുടങ്ങാനാകുന്നില്ല. പ്രത്യേക പരിഗണന ലഭിക്കേണ്ട വിവിധ വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനവും നിലച്ചു.

ജി രാജേഷ് കുമാര്‍ deshabhimani

No comments:

Post a Comment