Saturday, April 12, 2014

"ദൗത്യം" തീര്‍ന്നു; മെമു നാടുകടന്നു

വോട്ട്പിടിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് തിരക്കിട്ട് ഉദ്ഘാടനം ചെയ്ത കൊല്ലം-എറണാകുളം മെമുവിന്റെ റേക്ക് (കോച്ച്) വോട്ടെടുപ്പുകഴിഞ്ഞ ദിവസംതന്നെ നാടുകടത്തി. ആലപ്പുഴവഴിയും കോട്ടയംവഴിയും സര്‍വീസ് നടത്തിയിരുന്ന മെമുവാണ് വോട്ടെടുപ്പുദിവസംമുതല്‍ കാണാതായത്. മെമുവിന് അനുവദിച്ച സമയത്ത് പാസഞ്ചര്‍ റേക്ക് സര്‍വീസ് തുടങ്ങി. മെമുവിന്റെ വരവ് തെരഞ്ഞെടുപ്പു പ്രമാണിച്ചായിരുന്നെന്ന് വ്യക്തമായ സ്ഥിതിക്ക് കേരളത്തിനു ലഭിച്ചതെന്നു പ്രചരിപ്പിച്ച മെമു റേക്ക് എന്നന്നേക്കുമായി നഷ്ടപ്പെടാനാണ് സാധ്യത.

ഇതിനുമുമ്പത്തെ ബജറ്റില്‍ പ്രഖ്യാപിച്ച മെമു സര്‍വീസാണ് ഒരു വര്‍ഷം കഴിഞ്ഞ്, തെരഞ്ഞെടുപ്പിനു മുന്നോടിയായി തുടങ്ങിയത്. മെമു വരാത്തതില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ചെന്നൈയില്‍നിന്നു സംഘടിപ്പിച്ച് കൊണ്ടുവന്നതാണിത്. കോച്ചുകള്‍ മാറിയെങ്കിലും മെമുവിന്റെ സമയത്തുതന്നെയാണ് പാസഞ്ചറും സര്‍വീസ് നടത്തുന്നത്. രാവിലെ 5.15ന് എറണാകുളത്തുനിന്നു പുറപ്പെട്ട് കോട്ടയംവഴി കൊല്ലത്ത് എത്തുന്ന ട്രെയിന്‍, രാത്രി 12.10ന് ആലപ്പുഴവഴി തിരിച്ച് എറണാകുത്തേക്ക് എത്തും. പുലര്‍ച്ചെ 4.25നാണ് ട്രെയിന്‍ എറണാകുളത്തെത്തുന്നത്. ഈ സര്‍വീസിന്റെ സമയവും ലോക്കോ പൈലറ്റുമാരുടെ ജോലിഭാരവും സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് മെമു പിന്‍വലിച്ചത്.

ആറ് കോച്ചുകള്‍ അടങ്ങുന്ന മെമുവിന്റെ റേക്ക് മാറ്റി പാസഞ്ചര്‍ റേക്ക് ആക്കിയെങ്കിലും ഏറെ പരാതികളുള്ള നിലവിലെ സമയക്രമത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുലര്‍ച്ചെ എറണാകുളത്തെത്തുന്ന ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്ക് കണക്ടിങ് ട്രെയിന്‍ ലഭിക്കാത്തതിനാല്‍ പുലര്‍ച്ചെ അറിന് എത്തുന്ന രീതിയില്‍ സമയം പരിഷ്കരിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വൈദ്യുതി ഉപയോഗിച്ച് ഓടുന്ന മെമു ആളില്ലാ വണ്ടിയായാണ് ഓടിക്കൊണ്ടിരുന്നത്. യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ സമയം മാറ്റി സര്‍വീസ് നടത്തിയാല്‍ ഇതിന് മാറ്റമുണ്ടായേക്കും.

deshabhimani

No comments:

Post a Comment