Friday, April 11, 2014

സിപിഐ എം നേതാക്കളുടെ പൊലീസ്സുരക്ഷ പിന്‍വലിച്ചു

കണ്ണൂര്‍: സിപിഐ എം നേതാക്കളുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാരെ പിന്‍വലിച്ചു. ആഭ്യന്തരവകുപ്പിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എയുടെ നാല് ഗാര്‍ഡ് ഡ്യൂട്ടിക്കാര്‍, മുന്‍ എംഎല്‍എയും സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്റെ രണ്ട് ഗണ്‍മാന്മാര്‍ എന്നിവരെയാണ് പിന്‍വലിക്കുന്നത്. കോടിയേരിയുടെ ഗാര്‍ഡുമാരെ ചൊവ്വാഴ്ച വൈകിട്ട് പിന്‍വലിച്ചു. പി ജയരാജന്റെ ഗണ്‍മാന്മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കണ്ണൂര്‍ എആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസുകാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് പിന്‍വലിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. കെ സുധാകരന്‍, ബലാത്സംഗക്കേസില്‍ മുങ്ങി നടക്കുന്ന എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ, മന്ത്രി കെ പി മോഹനന്‍, ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി എന്നിവരുടെ സുരക്ഷാ ഗാര്‍ഡുമാരെയോ, ഗണ്‍മാന്മാരെയോ പിന്‍വലിച്ചിട്ടില്ല.

ആര്‍എസ്എസ്സുകാരുടെ വധശ്രമത്തില്‍ മാരകമായി പരിക്കേറ്റ പി ജയരാജന് വര്‍ഗീയവാദികളുടെയും മറ്റും ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പി ജയരാജന് വധഭീഷണിയുണ്ടായിരുന്നു. ശ്രീകണ്ഠപുരം പടിയൂരിലെ റസാക്കെന്ന ലീഗുകാരനാണ് സന്ദേശം പോസ്റ്റുചെയ്തത്. ഈ സംഭവത്തില്‍ സൈബര്‍സെല്ലിന്റെ അന്വേഷണം നടക്കുന്നതിനിടെ സുരക്ഷാഭടന്മാരെ പിന്‍വലിച്ചത് ദുരൂഹമാണ്. ബലാത്സംഗക്കേസില്‍പ്പെട്ട അബ്ദുള്ളക്കുട്ടിയുടെ സുരക്ഷ ശക്തമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. രണ്ട് ഗണ്‍മാന്മാരുള്ള അബ്ദുള്ളക്കുട്ടിയുടെ ഗാര്‍ഡ് ഡ്യൂട്ടിക്ക് രണ്ട് പൊലീസുകാരെക്കൂടി വിട്ടുകൊടുത്തു. തികച്ചും രാഷ്ട്രീയപ്രേരിതമായ തീരുമാനങ്ങളാണ് കോണ്‍ഗ്രസുകാരുടെ ആശ്രിതരായി അധഃപതിച്ച കണ്ണൂര്‍ പൊലീസ് സ്വീകരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയെ കളിപ്പാവയാക്കി മാറ്റുന്ന സായുധസേനാ വിഭാഗത്തിലെ ഒരു ഓഫീസറും കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ നേതാക്കളുമാണ് ഇതിനായി ഇടപെടല്‍ നടത്തുന്നത്.

കണ്ണൂര്‍ പൊലീസില്‍ നടക്കുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരം ലഭിച്ച ഇന്റലിജന്‍സ് എഡിജിപി ഹേമചന്ദ്രന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെയും എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനെയും ഫോണില്‍ ശാസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കാന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വനിതാസെല്ലില്‍ കോണ്‍ഗ്രസ് അനുകൂല പൊലീസുകാരുടെ രഹസ്യയോഗം ചേര്‍ന്നിരുന്നു. ഇത്തരം യോഗങ്ങളുടെ വിവരം മാധ്യമങ്ങള്‍ക്ക് ചോരുന്നതിന്റെ പേരില്‍ ചില പൊലീസുകാര്‍ക്കെതിരെ നടപടിക്കും നീക്കമുണ്ട്. ദൃശ്യമാധ്യമപ്രവര്‍ത്തകയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് അനുകൂല പൊലീസ് അസോസിയേഷന്‍ പ്രവര്‍ത്തകനുമായ എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് ആഭ്യന്തരവകുപ്പിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നതെന്ന് വിവരമുണ്ട്. ഇയാളുടെ ഭാര്യ പ്രവര്‍ത്തിക്കുന്ന ചാനലാണ് പൊലീസ്കാര്യങ്ങള്‍ സ്ഥിരമായി പുറത്തുവിടുന്നത്.

deshabhimani

No comments:

Post a Comment