Sunday, April 13, 2014

വധേരയുടെ സ്ഥാപനം ചിലവന്നൂര്‍ കായല്‍ കൈയേറി ഫ്ളാറ്റ് നിര്‍മിച്ചതായി പരാതി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയ്ക്ക് ബന്ധമുള്ള ഡിഎല്‍എഫ് ഹോം ഡെവലപേഴ്സ്് ചിലവന്നൂര്‍ കായല്‍ കൈയേറി കെട്ടിടസമുച്ചയം നിര്‍മിച്ചതായി ആക്ഷേപം. തീരദേശനിയന്ത്രണമേഖലയുടെ പരിധിയും 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമവും ലംഘിച്ചാണ് ഡിഎല്‍എഫ് റിവര്‍സൈഡ് എന്ന പേരില്‍ അഞ്ചു ബ്ലോക്കുകളിലായി 184 അപാര്‍ട്ട്മെന്റുകളുള്ള ഫ്ളാറ്റ്സമുച്ചയം നിര്‍മിച്ചതെന്നാണ് പരാതിയുയരുന്നത്.

കലക്ടറുടെ ഉത്തരവും കൊച്ചി നഗരസഭയുടെയും കേരള തീരമേഖല പരിപാലന അതോറിറ്റിയുടെയും സ്റ്റോപ്പ്മെമ്മോയും നിലനില്‍ക്കെ അതെല്ലാം അവഗണിച്ചാണ് പണിപൂര്‍ത്തിയാക്കിയതെന്നും പറയുന്നു. കെട്ടിടത്തിന് നമ്പറുകള്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കൊച്ചി നഗരസഭാ സെക്രട്ടറിക്ക് കടവന്ത്രസ്വദേശി കെ ടി ചെഷയര്‍ പരാതി നല്‍കി. കായല്‍ കൈയേറ്റത്തെക്കുറിച്ചു പഠിക്കാന്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നിയോഗിച്ച ഉപസമിതി സമര്‍പ്പിച്ച പഠനറിപ്പോര്‍ട്ടില്‍ ചെലവന്നൂര്‍ കായല്‍ തീരദേശനിയന്ത്രണ മേഖലയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് തീരദേശനിയന്ത്രണ അതോറിറ്റി സ്വന്തം സ്റ്റോപ്പ്മെമ്മോ അവഗണിച്ച് കെട്ടിടത്തിന് നോ ഒബ്ജക്ഷന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇതിലെ അപാകം ചൂണ്ടിക്കാട്ടി ചെഷയര്‍ കേരള തീരമേഖല പരിപാലന അതോറിറ്റിയെയും സമീപിച്ചിരുന്നു.

വേമ്പനാട്ടു കായലിന്റെ ഭാഗമായ ചിലവന്നൂര്‍ കായല്‍ മരട് മുനിസിപ്പാലിറ്റിയുടെയും കൊച്ചി നഗരസഭയുടെയും പരിധിയില്‍ വരുന്നതാണ്. ചെട്ടിച്ചിറപ്പാലംമുതല്‍ ഇറിഗേഷന്‍ ബണ്ട്വരെയാണ് ചിലവന്നൂര്‍ കായല്‍പ്രദേശം. ഇതിനുസമീപത്തായി പൊക്കാളിക്കൃഷി ചെയ്തിരുന്ന 5.12 ഏക്കര്‍ നിലം ഡിഎല്‍എഫ് വാങ്ങി നികത്തിയെടുത്തു. അതിനുശേഷം രണ്ടേമുക്കാല്‍ ഏക്കറോളം കായല്‍ കൈയേറിയെന്നാണ് പരാതി. ചെലവന്നൂര്‍ കായലിന് റീസര്‍വേ നടത്തിയിട്ടില്ല. ഇവിടെ സംരക്ഷണഭിത്തി കെട്ടാനുള്ള അനുമതി ജലവിഭവവകുപ്പാണ് നല്‍കേണ്ടത്. അതില്ലാതെതന്നെ ഡിഎല്‍എഫ് കായലിന് സംരക്ഷണഭിത്തികെട്ടി. ഇത് ശ്രദ്ധയില്‍പെട്ടപ്പോള്‍ 2010ല്‍ അന്നത്തെ കളക്ടര്‍ നിര്‍മാണസാമഗ്രികള്‍ അവിടെനിന്ന് മാറ്റാന്‍ ഉത്തരവിട്ടെങ്കിലും ഡിഎല്‍എഫ് അവഗണിച്ചു.

ഇതിനിടെ 2010ല്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഉപസമിതി സമര്‍പ്പിച്ച പരിസ്ഥിതിപഠന റിപ്പോര്‍ട്ട് തള്ളി കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം അണ്ണാ യൂണിവേഴ്സിറ്റിയെ പഠനം നടത്താന്‍ നിയോഗിച്ചു. ഇവര്‍ സ്ഥലം പരിസ്ഥിതിലോലപ്രദേശത്തില്‍ വരുന്ന തീരമേഖലയല്ലെന്ന് റിപ്പോര്‍ട്ടും നല്‍കി. കേരള തീരമേഖല പരിപാലന അതോറിറ്റിയുടെ സ്റ്റോപ്പ്മെമ്മോ നിലനില്‍ക്കുമ്പോഴാണിതെല്ലാം. ഡിഎല്‍എഫ് കെട്ടിടസമുച്ചയത്തിലേക്കുള്ള വഴി അഞ്ചരമീറ്ററില്‍ കൂടുതല്‍ വീതിയില്ലാത്തതാണ്. അതിനാല്‍ അഗ്നിശമന സേനാവിഭാഗത്തിന്റെ അനുമതി ലഭിക്കില്ല. സ്റ്റോപ്പ്മെമ്മോ നീക്കി കെട്ടിടത്തിന് നമ്പറിടാന്‍ അനുമതി നല്‍കണമെന്നുകാട്ടി കോര്‍പറേഷന്‍ സെക്രട്ടറി മുമ്പ് കേരള തീരമേഖല പരിപാലന അതോറിറ്റിക്ക് കത്തയയ്ക്കുകയുംചെയ്തിരുന്നു.

deshabhimani

No comments:

Post a Comment