Sunday, April 13, 2014

യുഡിഎഫില്‍ ഏറ്റുമുട്ടല്‍ തെരുവില്‍

ലോക്സഭാ വോട്ടെടുപ്പോടെ ചേരിപ്പോര് രൂക്ഷമായ യുഡിഎഫില്‍ കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് എം ബന്ധത്തില്‍ വിള്ളല്‍. പരസ്പരവിശ്വാസം തകര്‍ന്നതോടെ പരസ്യമായ ഏറ്റുമുട്ടലും പ്രതിഷേധവുമായി കോണ്‍ഗ്രസുകാര്‍ തെരുവിലിറങ്ങി. കേരള കോണ്‍ഗ്രസ് എം വൈസ് പ്രസിഡന്റും സര്‍ക്കാര്‍ ചീഫ്വിപ്പുമായ പി സി ജോര്‍ജിനെ യുഡിഎഫില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസുകാര്‍ കരിങ്കൊടിപ്രകടനം നടത്തി. ജോര്‍ജിനെ തള്ളിപ്പറയാന്‍ കെ എം മാണി തയ്യാറാകാത്തത് കോണ്‍ഗ്രസുമായുള്ള ബന്ധം വഷളായതിന് തെളിവായി. പത്തനംതിട്ടയ്ക്കു പിന്നാലെ ഇടുക്കിയെച്ചൊല്ലി ഫ്രാന്‍സിസ് ജോര്‍ജും ഡിസിസി നേതൃത്വവും കൊമ്പുകോര്‍ത്തതോടെ തമ്മിലടി ശക്തമായി.

ശനിയാഴ്ച വൈകിട്ട് മാണിക്കൊപ്പം കോട്ടയത്ത് എത്തിയ ജോര്‍ജിനെതിരെ യൂത്ത്കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. മാണി പങ്കെടുത്ത പി വി എബ്രഹാം ഫൗണ്ടേഷന്റെ ഉദ്ഘാടനച്ചടങ്ങ് പൊലീസില്ലാതിരുന്നെങ്കില്‍ കോണ്‍ഗ്രസുകാര്‍ അലങ്കോലപ്പെടുത്തിയേനെ. സന്ധ്യക്ക് ചങ്ങനാശേരിയില്‍ ജോര്‍ജ് എത്തിയപ്പോഴും യൂത്ത്കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ജനം വെറുത്ത ആളാണെന്ന് ജോര്‍ജ് അഭിപ്രായപ്പെട്ടതോടെയാണ് ജോര്‍ജിനെതിരെ ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ തെരുവിലെത്തിയിരിക്കുന്നത്.

വൈക്കം റസ്റ്റ്ഹൗസില്‍ വെള്ളിയാഴ്ച രാത്രി ജോര്‍ജിനെ കോണ്‍ഗ്രസുകാര്‍ വളഞ്ഞുവച്ചിരുന്നു. പി സി ജോര്‍ജിനെ മുന്നണിയില്‍നിന്ന് പുറത്താക്കണമെന്ന് യുഡിഎഫ് പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജോര്‍ജ് ചതിയന്‍ ചന്തുവാണന്നും യുഡിഎഫിനെ ബാധിച്ചിരിക്കുന്ന അര്‍ബുദമാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജനത്തെ മറന്ന് ശതകോടികളുടെ അനധികൃത സമ്പാദ്യം നേടിയവര്‍ അനിവാര്യമായ ജനകീയശിക്ഷയ്ക്ക് വിധേയരാകണമെന്ന് യൂത്ത് ഫ്രണ്ട് എം പൂഞ്ഞാര്‍ മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ അടിമാലിയിലും തൊടുപുഴയിലും ജോര്‍ജിന്റെ കോലം കത്തിച്ചു.

ഇടുക്കിയില്‍ തനിക്ക് സീറ്റ് നിഷേധിച്ചതിനുപിന്നില്‍ അമേരിക്കന്‍പണമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് ആരോപിച്ചു. ഇടുക്കിയില്‍ കോണ്‍ഗ്രസ് വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തിയത്. എന്നാല്‍, കേരള കോണ്‍ഗ്രസ് എമ്മിന്റെ ശക്തികേന്ദ്രങ്ങളായ തൊടുപുഴയിലും ഇടുക്കിയിലും പോളിങ് കുറഞ്ഞത് പരിശോധിക്കുമെന്ന് ഇടുക്കി ഡിസിസി നേതൃത്വം തിരിച്ചടിച്ചു. ഇടുക്കിയിലെ ഏഴ് നിയോജകമണ്ഡലത്തില്‍ ഏറ്റവും കുറഞ്ഞ പോളിങ് തൊടുപുഴയിലാണ്. 2009നേക്കാള്‍ 7.8 ശതമാനം വോട്ട് കുറഞ്ഞു. ഇടുക്കിസീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധമായി പതിനായിരം വോട്ടെങ്കിലും കേരള കോണ്‍ഗ്രസ് എം ചെയ്തിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും റബര്‍വിലയിടിവും കാരണം കോണ്‍ഗ്രസിന് വോട്ടുചെയ്യാന്‍ വോട്ടര്‍മാര്‍ മടിച്ചെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്.

ഇപ്പോഴത്തെ വിവാദത്തില്‍ പങ്കാളിയാകുന്നില്ലെന്ന് പ്രതികരിച്ച മാണി ജോര്‍ജിനെ തള്ളിപ്പറയാന്‍ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. ജോര്‍ജ് ഉന്നയിച്ച വിഷയങ്ങളോട് പരസ്യചര്‍ച്ചയ്ക്കില്ലെന്നു വ്യക്തമാക്കിയ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കുമെന്ന സൂചനയാണ് നല്‍കിയത്. 22ന് കെപിസിസി നേതൃയോഗം ചേരുമ്പോള്‍ ജോര്‍ജിനെതിരായ നടപടി ചര്‍ച്ചചെയ്യാനാണ് തീരുമാനം. ജോര്‍ജിനെ ചീഫ്വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം ഈ യോഗത്തില്‍ ഉയരും. പക്ഷേ, തെരഞ്ഞെടുപ്പുഫലത്തെ ആശ്രയിച്ചിരിക്കും ഈ നീക്കത്തിന്റെ ഭാവി. സുധീരന്‍ തന്നെ ഫോണില്‍ വിളിച്ചെന്നും "ദൈവത്തെ ഓര്‍ത്ത് വഴക്കുണ്ടാക്കരുതെ"ന്ന് പറഞ്ഞെന്നും ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സുധീരന്റെ സംസാരം വലിയ കുളിര്‍മയായി അനുഭവപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ എസ് ബാബു deshabhimani

No comments:

Post a Comment