Saturday, April 12, 2014

ക്യാമ്പസിലെ സംഘടനാപ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് സര്‍ക്കാര്‍

ക്യാമ്പസുകളില്‍ വിദ്യാര്‍ഥിസംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. എസ്എഫ്ഐ, കെഎസ്യു, എബിവിപി, എഐഎസ്എഫ് എന്നീ സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ നിയമപരമായോ ഭരണഘടനാപരമായോ അവകാശമില്ലെന്നാണ് സര്‍ക്കാറിന്റെ വാദം. ഈ സംഘടനകളെ സര്‍വകലാശാല നിയമം അംഗീകൃത സംഘടനകളായി കാണുന്നില്ലെന്നും ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ചെറിയവിഭാഗം വിദ്യാര്‍ഥികള്‍ മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. പ്രവേശനം തേടുമ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടില്ലെന്ന് വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും രേഖാമൂലം ഉറപ്പുനല്‍കാന്‍ വ്യവസ്ഥ വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിച്ച് 2004ല്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കലാലയങ്ങളില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ കൂടുതല്‍ നടപടി സ്വീകരിക്കും. ലൈബ്രറി, പരീക്ഷാഹാളുകള്‍ എന്നിവിടങ്ങളിലടക്കം സിസിടിവി ക്യാമറയും നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നതും ഗുണകരമാണെന്ന് സര്‍ക്കാര്‍ വാദിച്ചു.

പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി കൂടാതെയുള്ള വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിയമവിരുദ്ധമായി കണക്കാക്കും. അച്ചടക്കനടപടി സ്വീകരിക്കാനും പൊലീസ് സംരക്ഷണം തേടാനും പ്രിന്‍സിപ്പലിന് അധികാരമുണ്ടായിരിക്കും. പ്രകടനങ്ങളും ക്യാമ്പയിനുകളും നടത്താനും പ്രിന്‍സിപ്പലിന്റെ മുന്‍കൂര്‍ അനുമതി തേടണം. പോസ്റ്ററുകള്‍ പതിക്കുന്നതും ചുമരെഴുത്തുകളും വിലക്കും. സംഘടനകള്‍ ബൈലോയും ഭാരവാഹികളുടെ പട്ടികയും പ്രിന്‍സിപ്പലിന് നല്‍കണം. ഇത് പരിശോധിച്ച് സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് തീരുമാനമെടുക്കേണ്ടത്. ഇക്കാര്യങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംഘടനകളെ നിരോധിച്ച കോടതിവിധി നടപ്പാക്കിയില്ല എന്നാരോപിച്ച് എറണാകുളം ലാ കോളേജ് വിദ്യാര്‍ഥി എന്‍ പ്രകാശ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

deshabhimani

No comments:

Post a Comment