Sunday, April 13, 2014

പ്രവാസികള്‍ക്ക് വോട്ടിന് സൗകര്യമൊരുക്കണം: സുപ്രീം കോടതി

പൊതുതെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കു കൂടി വോട്ടുചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി. വോട്ട് ഭരണഘടനാപരമായ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാജ്യത്തുതന്നെ വിവിധ സംസ്ഥാനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ജോലിയെടുക്കുന്നവര്‍ക്കും വോട്ടവകാശം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും തെരഞ്ഞെടുപ്പു കമീഷനോട് ആവശ്യപ്പെട്ടു. നിലവിലെ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് തപാല്‍-ഓണ്‍ലൈന്‍ വോട്ടിനുള്ള സൗകര്യം ഒരുക്കാന്‍ സാധിക്കില്ലെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാമെന്നും തെരഞ്ഞെടുപ്പു കമീഷന്‍ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി അടുത്ത ആഗസ്ത് എട്ടിനു പരിഗണിക്കാനായി കേസ് മാറ്റി.

പ്രവാസി ഭാരതീയ പുരസ്കാരജേതാവും പ്രവാസി ബിസിനസുകാരനുമായ ഡോ. ഷംസീര്‍ വയലില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശങ്ങള്‍. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രവാസി വോട്ടവകാശം എങ്ങനെ നടപ്പാക്കാമെന്നത് പഠിക്കാന്‍ സമിതിക്ക് രൂപംനല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കമീഷന് നിര്‍ദേശം നല്‍കി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട നടപടി പൂര്‍ത്തിയായതിനാല്‍ ഇപ്പോള്‍ നടന്നുവരുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനാകില്ല. ഇക്കാര്യം ഭാവിയില്‍ മാത്രമേ പരിഗണിക്കാനാകൂ- കമീഷന്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് വോട്ട് ഇല്ലാത്തത് ഭരണഘടനാലംഘനമാണെന്ന് ഹര്‍ജിക്കാരനു വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയും ഹാരിസ് ബീരാനും വാദിച്ചു. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്നതില്‍ ആരും എതിരല്ല. ജനപ്രാതിനിധ്യനിയമത്തിലെ 60 സി പ്രകാരം തപാല്‍ വോട്ടിനുള്ള അവകാശം വിജ്ഞാപനത്തിലൂടെ പ്രവാസികള്‍ക്ക് ഉറപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമീഷന് കഴിയും. തപാല്‍ വോട്ടിന് അവകാശമുള്ള വിഭാഗത്തില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ മതി. എന്നാല്‍, തെരഞ്ഞെടുപ്പു കമീഷന്‍ ഇതിനോട് വിയോജിച്ചു. തപാല്‍ വോട്ട് അവകാശമുള്ളവര്‍ ആരൊക്കെയെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ പറഞ്ഞു.

കേരളത്തിലും മറ്റും തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഇനി തപാല്‍ വോട്ട് സാധ്യമല്ലെന്നും കമീഷന്‍ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനുണ്ടെന്ന് മുകുള്‍ റോത്തഗി വാദിച്ചെങ്കിലും തെരഞ്ഞെടുപ്പുപ്രക്രിയ തുടങ്ങിയ സാഹചര്യത്തില്‍ ഇനി സാധ്യമല്ലെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചുകഴിഞ്ഞു. സുപ്രധാന വിഷയത്തില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിക്കേണ്ടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment