Sunday, April 13, 2014

തൊഴിലാളി ക്ഷേമപദ്ധതികള്‍ താറുമാറായി: സിഐടിയു

തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍ അടക്കമുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന തൊഴില്‍വകുപ്പിന്റെ നിലപാടില്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. തൊഴില്‍ വകുപ്പിന്റെ പരാജയമാണ് ഈ സ്ഥിതി സൃഷ്ടിച്ചതെന്ന് സെക്രട്ടറിയറ്റ് പ്രമേയത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ തൊഴിലാളി ക്ഷേമപദ്ധതികള്‍ താറുമാറായി. വിഷുവിന് മുമ്പ് ആനുകൂല്യമൊന്നും ലഭിക്കാനിടയില്ല. പത്ത് വര്‍ഷം സര്‍വീസുള്ള തൊഴിലാളിക്ക് 1000 രൂപ പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ നല്‍കണമെന്ന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ആവശ്യപ്പെടുകയും ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് തത്വത്തില്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 1000 രൂപയില്‍ താഴെ പെന്‍ഷന്‍ ലഭിക്കുന്ന തൊഴിലാളികള്‍ക്ക് മാത്രം 1000 രൂപ പെന്‍ഷന്‍ നല്‍കാനാണ് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. ഈ തീരുമാനം പോലും നടപ്പാക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാതെ തൊഴിലാളികളെ കേന്ദ്രം വഞ്ചിച്ചു.

വിഷുക്കാലത്ത് സംസ്ഥാനത്തെ പൊതുവിതരണം താറുമാറായി. കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനം നിശ്ചലമായി. സഹകരണ സ്ഥാപനങ്ങളെ പൊതുവിതരണത്തില്‍ പങ്കാളികളാക്കുന്നത് നിര്‍ത്തി. അതിരൂക്ഷമായ വിലക്കയറ്റം തടയാന്‍ യുഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. സംസ്ഥാന ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യവും നിഷേധിച്ചിരിക്കയാണ്. സര്‍ക്കാര്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ച് മാസത്തെ ശമ്പളം പൂര്‍ണമായി നല്‍കിയിട്ടില്ല. വിഷുവിനു മുമ്പ് കിട്ടാന്‍ സാധ്യതയില്ല. ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ നടത്താന്‍ തീരുമാനിച്ച അനിശ്ചിതകാല പണിമുടക്കിന് സിഐടിയു പിന്തുണ പ്രഖ്യാപിച്ചു.

deshabhimani

No comments:

Post a Comment