Tuesday, April 1, 2014

പരിചിത വഴികളിലെ സൗമ്യസാന്നിധ്യം

ആലപ്പുഴ: ഉത്തമജനപ്രതിനിധി എങ്ങനെയായിരിക്കണമെന്ന് രണ്ടുതവണ ചെങ്ങറ സുരേന്ദ്രനിലൂടെ അറിഞ്ഞവരാണ് മാവേലിക്കരയിലെ വോട്ടര്‍മാര്‍. അടൂര്‍ എംപിയായിരുന്ന ചെങ്ങറ മാവേലിക്കരയ്ക്ക് സുപരിചിതനാണ്. ആ സൗഹൃദത്തിലൂടെ നിഷ്പ്രയാസം മാവേലിക്കരയുടെ ഹൃദയം കീഴടക്കി ചെങ്ങറ തുടക്കംമുതല്‍ പ്രചാരണരംഗത്ത് ആധിപത്യം നേടി. ജനകീയപ്രശ്നങ്ങളും രാഷ്ട്രീയസദാചാരവും ചര്‍ച്ചയാകുന്ന മധ്യതിരുവിതാംകൂറിന്റെ സാംസ്കാരികതലസ്ഥാനത്തിന് ഇക്കുറി മറ്റൊരാളെക്കുറിച്ച് ചിന്തിക്കാനില്ലെന്നതാണ് സത്യം. പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ, എതിരാളികളുടെ ആദരവുപോലും ഏറ്റുവാങ്ങി സൗമ്യവും ദീപ്തവുമായ സാന്നിധ്യമായി ചെങ്ങറ മാറി. ലോക്സഭാ മണ്ഡലം കണ്‍വന്‍ഷനില്‍ ഉള്‍പ്പെടെ പതിനായിരങ്ങളാണ് പങ്കെടുത്തത്. മണ്ഡലപര്യടനം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിജയതരംഗം പ്രകടം.

വറുതിയിലായ കയര്‍, കശുവണ്ടി തുടങ്ങിയ പരമ്പരാഗത തൊഴില്‍മേഖലയാകെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനായി രംഗത്തിറങ്ങി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ വന്‍ജനപങ്കാളിത്തമാണ് പ്രകടമായത്. സിപിഐ നേതാക്കളായ എ ബി ബര്‍ദന്‍, ഡി രാജ, പന്ന്യന്‍ രവീന്ദ്രന്‍, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. തോമസ് ഐസക് തുടങ്ങിയവര്‍ വരുംദിവസങ്ങളില്‍ എത്തും. കേന്ദ്രസഹമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ് രണ്ടാംവട്ടവും യുഡിഎഫന്വേണ്ടി ജനവിധി തേടുന്നത്. മണ്ഡലത്തിലെ വികസനമുരടിപ്പിനും മന്ത്രിയുടെ വാഗ്ദാന വായ്ത്താരിക്കുമെതിരെ ജനങ്ങള്‍ക്ക് ഒട്ടേറെപ്പറയാനുണ്ട്. കോടികളുടെ വികസനം നടത്തിയെന്ന് അവകാശപ്പെടുന്ന ചങ്ങനാശേരിയില്‍ വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി യുഡിഎഫുകാരെ പോലും ഞെട്ടിച്ചു. ചെലവിട്ടത് ഏഴു ലക്ഷം മാത്രം. യുഡിഎഫ് ഘടകകക്ഷികള്‍ക്കുപോലും റോളില്ലാത്ത രീതിയിലാണ് കൊടിക്കുന്നിലിന്റെ പ്രചാരണം. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന കൊടിക്കുന്നില്‍ പ്രചാരണരംഗത്ത് മുമ്പൊന്നുമില്ലാത്ത പ്രതിസന്ധികളാണ് നേരിടുന്നത്. സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ശാലുമേനോനെ കേന്ദ്രസെന്‍സര്‍ ബോര്‍ഡില്‍ തിരുകിക്കയറ്റിയതിനു പിന്നിലെ കൊടിക്കുന്നിലിന്റെ ഇടപെടലിനെക്കുറിച്ചാണ് ചെല്ലുന്നിടത്തെല്ലാം ചോദ്യം. കോണ്‍ഗ്രസ് ദേശീയ-സംസ്ഥാനനേതാക്കളെ രംഗത്തിറക്കിയിട്ടും ഇവയൊന്നും അതിജീവിക്കാനായില്ല. നവമാധ്യമങ്ങളിലെ പ്രതികരണങ്ങളും കൊടിക്കുന്നിലിനെ അസ്വസ്ഥനാക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും തീരപരിപാലനിയമവും കുട്ടനാട് പാക്കേജും കൂടിയാകുമ്പോള്‍ യുഡിഎഫ് നില പരുങ്ങലിലായി.

ആര്‍ രാജേഷ് deshabhimani

No comments:

Post a Comment