Tuesday, April 1, 2014

ആന്റണിയുടെ ഉറപ്പ് ബഡായി: വി എസ്

കൊച്ചി: കേരളത്തില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തി ബഡായി അടിച്ച് പോകുകയാണ് കേന്ദ്രമന്ത്രി എ കെ ആന്റണിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. കാസര്‍കോട്ട് പ്രചാരണത്തിനിറങ്ങിയ ആന്റണി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കേരളീയര്‍ക്ക് ഉല്‍ക്കണ്ഠവേണ്ട എന്ന് ഉറപ്പുപറയുന്നു. ഇത് ശുദ്ധ അസംബന്ധമാണ്. നവംബര്‍ 13ന്റെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇത് പിന്‍വലിക്കാത്തിടത്തോളം 123 വില്ലേജുകള്‍ ഭീഷണിയിലാണ്. ഇവിടെയുള്ള കൃഷിക്കാര്‍ ഇറക്കിവിടപ്പെടുകയോ സ്വയം ഒഴിഞ്ഞുപോകുകയോ ചെയ്യേണ്ടി വരും. ഇത് ഒഴിവാക്കാന്‍ എ കെ ആന്റണിയും യുപിഎ സര്‍ക്കാരും ഒന്നും ചെയ്യുന്നില്ല. ഈ സാഹചര്യത്തില്‍ ഉല്‍ക്കണ്ഠ വേണ്ട എന്ന ആന്റണിയുടെ കമന്റ് ബഡായിതന്നെയാണെന്ന് വി എസ് പറഞ്ഞു. എറണാകുളം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറയിലും ചെറായിയിലും സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയര്‍ എന്തിനെല്ലാം മുന്നിട്ടിറങ്ങിയോ അതില്‍ താന്‍ മുന്‍നിരയിലുണ്ടെന്ന ആന്റണിയുടെ പ്രസ്താവനയാണ് രണ്ടാമത്തെ ബഡായി. വിഴിഞ്ഞം തുറമുഖം, പാലക്കാട് റെയില്‍വേ കോച്ച്ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി എന്നിവ നടപ്പാക്കുന്നതില്‍ ഏതിലാണ് ആന്റണി മുന്‍പന്തിയിലുണ്ടായിരുന്നത്? പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വിലവര്‍ധന പിന്‍വലിക്കുന്നതിലും അദ്ദേഹം എന്തുചെയ്തു എന്നു പറഞ്ഞാല്‍ കൊള്ളാം. എട്ടു കേന്ദ്രമന്ത്രിമാരുള്‍പ്പെടെ 16 എംപിമാരുണ്ടായിട്ട് വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി എന്തുചെയ്തു. തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതമായി കോടിക്കണക്കിന് രൂപ നല്‍കി. എന്നാല്‍ നാല് നയാ പൈസയെങ്കിലും വിഴിഞ്ഞത്തിനുവേണ്ടി അനുവദിപ്പിക്കാന്‍ ആന്റണിക്ക് കഴിഞ്ഞില്ല. പാലക്കാട് കോച്ച്ഫാക്ടറിക്ക് ആന്റണി എന്തുനടപടി സ്വീകരിച്ചു? എന്നാല്‍ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ കോച്ച്ഫാക്ടറി ഓടിത്തുടങ്ങി. ആന്റണി എവിടെയായിരുന്നു? ചേര്‍ത്തല വാഗണ്‍ഫാക്ടറി, പെട്രോളിയം പാചകവാതക വിലവര്‍ധന പിന്‍വലിക്കല്‍ എന്നിവയ്ക്കായി ആന്റണി എന്തെങ്കിലും ചെയ്തോ? മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാനും ഒന്നും ചെയ്തില്ല. ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ അത്യഗാധമായ ആഴത്തിലേക്ക് മുങ്ങിയതില്‍പ്പിന്നെ പൊങ്ങിയിട്ടില്ല. ഇതിന്റെ പേരില്‍ നാവികസേനാ മേധാവി രാജിവച്ചു. ""സന്തോഷം"" എന്ന് ആന്റണി പറഞ്ഞു. റെയില്‍വേ അപകടത്തിന്റെ പേരില്‍ രാജിവയ്ക്കാനൊരുങ്ങിയ ഉദ്യോഗസ്ഥനെ തടഞ്ഞ് സ്വയം മന്ത്രിസ്ഥാനം രാജിവച്ച ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ ആന്റണി ഒന്നും ചെയ്തില്ല. മുങ്ങിക്കപ്പല്‍ മാത്രമല്ല, വിമാനവും തകര്‍ന്നു വീഴുന്നു. അഴിമതി ഇടപാടുകള്‍ നടത്തി നിലവാരമില്ലാത്ത വിമാനവും മുങ്ങിക്കപ്പലും വാങ്ങിക്കുട്ടുന്നതാണ് അപകടകാരണം. കേന്ദ്രത്തില്‍ അഴിമതിക്ക് കുടപിടിക്കുന്ന ആന്റണി കേരളത്തില്‍ അഴിമതിയുടെ അപ്പോസ്തലനായ ഉമ്മന്‍ചാണ്ടിയെ ന്യായീകരിക്കുന്നു.

പാര്‍ലമെന്റിലേക്ക് അയക്കാന്‍ പറ്റിയ വ്യക്തിയല്ല കെ വി തോമസ് എന്നും അത്യന്തം അപകടകരമായ സമീപനം സ്വീകരിക്കുന്നയാളാണ് അദ്ദേഹമെന്നും പ്രവൃത്തികള്‍ തെളിയിക്കുന്നു. ഇങ്ങനെയുള്ളവരെ ഇരുത്തേണ്ടിടത്ത് ഇരുത്തണം. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ അഭിനന്ദനാര്‍ഹമായ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കണമെന്ന് വി എസ് അഭ്യര്‍ഥിച്ചു. തൃപ്പൂണിത്തുറയിലെ യോഗത്തില്‍ കുമ്പളം രാജപ്പന്‍ അധ്യക്ഷനായിരുന്നു. സി എം ദിനേശ്മണി, പി രാജീവ് എംപി, എംസി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചെറായിയലെ യോഗത്തില്‍ മജ്നു കോമത്ത് അധ്യക്ഷനായി. എസ് ശര്‍മ്മ എംഎ, പി രാജു, കെ ബി ഭദ്രന്‍, കെ ആര്‍ ഗോപി എന്നിവരും സംസാരിച്ചു

deshabhimani

No comments:

Post a Comment