Tuesday, April 1, 2014

നെറികേടിനെതിരെ നെഞ്ചൂക്കോടെ

പത്തനംതിട്ട: നാടിന്റെ പൊതുസ്വീകാര്യതയാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിന്റെ വിജയം. തെരഞ്ഞെടുപ്പു പ്രചാരണം ഊര്‍ജിതമായതോടെ ഇടതുപക്ഷത്തിന്റെ വിജയമാണ് നഗര-ഗ്രാമഭേദമെന്യെ ചര്‍ച്ച. അടൂര്‍ അസംബ്ലിമണ്ഡലം പര്യടനം തിങ്കളാഴ്ച അവസാനിച്ചതോടെ സ്ഥാനാര്‍ഥിയുടെ ഒന്നാംഘട്ടപര്യടനം പൂര്‍ത്തിയായി. സ്വീകരണകേന്ദ്രങ്ങളിലെ വന്‍ ജനമുന്നേറ്റം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പീലിപ്പോസ് തോമസിന് പിന്തുണയേകാന്‍ ജനം പൊരിവെയിലിലും മണിക്കൂറുകള്‍ കാത്തുനിന്നു. പരിചിതരും സുഹൃത്തുക്കളും പഴയ സഹപ്രവര്‍ത്തകരും കൈകൊടുത്തും ആശ്ലേഷിച്ചും പിന്തുണ ഉറപ്പിക്കുമ്പോള്‍ ഒഴുകിപ്പോകുന്നത് യുഡിഎഫിന്റെ കാല്‍ക്കീഴിലെ മണ്ണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ആറന്മുള വിമാനത്താവളവും ആധാറും പാചകവാതക സബ്സിഡിയും റബറിന്റെ വിലയിടിവും സജീവ ചര്‍ച്ചാവിഷയമാണ്. തൊഴിലുറപ്പു തൊഴിലാളികള്‍, സ്വന്തം ഭൂമിയില്‍നിന്ന് പുറത്താക്കപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന മലയോരവാസികള്‍, ചെറുകിട നാമമാത്ര റബര്‍ കര്‍ഷകര്‍, ആധാറിലും പാചകവാതക വിലവര്‍ധനയിലും ദുരിതം പേറിയവര്‍... അങ്ങനെ തങ്ങളുടെ സങ്കടവും ആശങ്കയും സ്ഥാനാര്‍ഥിയുമായി പങ്കുവയ്ക്കാനെത്തുന്നവര്‍ നിരവധി.

"ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച്, അവിടത്തെ ആദ്യ എസ്എസ്എല്‍സിക്കാരനും ആദ്യ വക്കീലുമൊക്കെയായ എനിക്ക് സാധാരണക്കാരായ പത്തനംതിട്ടക്കാരുടെ കഷ്ടപ്പാടും ബുദ്ധിമുട്ടും മനസ്സിലാകും" പീലിപ്പോസ് തോമസിന്റെ ഈ വാക്കുകളില്‍നിന്ന് മണ്ണിനോടും അവിടത്തെ മനുഷ്യരോടുമുള്ള ആത്മബന്ധം വ്യക്തം.

വോട്ടര്‍മാരുടെ ഹൃദയം തൊട്ടറിഞ്ഞാണ് സ്ഥാനാര്‍ഥിയുടെ മുന്നേറ്റം. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തേരാളി ഇക്കുറി ഇടതുപക്ഷ പടനായകനായതിന്റെ സംഭ്രമം യുഡിഎഫിന് വിട്ടുമാറിയിട്ടില്ല. വികസനത്തിന്റെ പേരില്‍ ആറന്മുളയുടെ പൈതൃക മണ്ണില്‍ വിമാനം ഇറക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സൗകര്യം ഒരുക്കുകയെന്ന ഏക അജന്‍ഡയുമായാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന്റെ ആശീര്‍വാദവും അതിനുണ്ട്. ഇതിനെതിരെയാണ് പീലിപ്പോസ് തോമസ് ധീരതയോടെ പ്രതികരിച്ചത്. ഒടുവില്‍ ദുര്‍വൃത്തത്തില്‍നിന്ന് അദ്ദേഹം പുറത്തുവന്നു. ആ തീരുമാനം പൊതുസമൂഹം രണ്ടു കൈയും നീട്ടി സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് മണ്ഡലത്തില്‍ ലഭിക്കുന്ന വന്‍ വരവേല്‍പ്പ്.

എല്‍ഡിഎഫ് നേതാക്കളായ പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, പന്ന്യന്‍ രവീന്ദ്രന്‍, എം വി ഗോവിന്ദന്‍, കാനം രാജേന്ദ്രന്‍, ഉഴവൂര്‍ വിജയന്‍, പി സി തോമസ്, സ്കറിയ തോമസ് തുടങ്ങിയവര്‍ മണ്ഡലത്തില്‍ പര്യടനത്തിനെത്തി. സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള, കെ ആര്‍ ഗൗരിയമ്മ, രാമചന്ദ്രന്‍ കടന്നപ്പള്ളി, സി ദിവാകരന്‍, കെ പ്രകാശ്ബാബു, മുല്ലക്കര രത്നാകരന്‍ തുടങ്ങിയവരെല്ലാം വരുംദിവസങ്ങളില്‍ എത്തുന്നതോടെ ആവേശം വാനോളം ഉയരും. വികസനമാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ വേട്ടയാടുന്ന പ്രധാന വിഷയം. അഞ്ചുവര്‍ഷം മണ്ഡലത്തിനുവേണ്ടി ഒന്നുംചെയ്തില്ലെന്ന് കോണ്‍ഗ്രസുകാര്‍തന്നെ വിമര്‍ശിക്കുന്നു. ആന്റോ ആന്റണിക്ക് സീറ്റ് നല്‍കരുതെന്ന് ഡിസിസി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. സീറ്റ് ലഭിച്ചതിനു പിന്നില്‍ കെജിഎസ് ഗ്രൂപ്പണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നു. മുഖ്യമന്ത്രി, രമേശ് ചെന്നിത്തല, വി എം സുധീരന്‍, പി പി തങ്കച്ചന്‍, പി സി ജോര്‍ജ് എന്നിവര്‍ പര്യടനത്തിനെത്തിയപ്പോള്‍ ശുഷ്കമായ ജനക്കൂട്ടമാണ് വരവേറ്റത്. പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി മുങ്ങിയപ്പോള്‍ സ്ഥാനാര്‍ഥിയെ തടഞ്ഞുവച്ച് മലയോര നിവാസികള്‍ പ്രതിഷേധിച്ചു. യുഡിഎഫ് പ്രചാരണത്തിലുടനീളം കെജിഎസിന്റെ പണക്കൊഴുപ്പും പ്രകടമാണ്. ആറന്മുള ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ബിജെപി ഓടിയെത്താന്‍ പാടുപെടുന്നു.

ഏബ്രഹാം തടിയൂര്‍ deshabhimani

No comments:

Post a Comment