Sunday, April 13, 2014

മാധ്യമസ്വാതന്ത്ര്യമോ, സ്വാതന്ത്ര്യത്തിന്റെ വ്യഭിചാരമോ?

ക്രൈം എന്ന ഒരു പ്രസിദ്ധീകരണം വ്യക്തിഹത്യയുടെ ഉപകരണമായിട്ട് കാലം കുറെയായി. ഇതിന്റെ പത്രാധിപര്‍ക്കും അദ്ദേഹത്തെ നിയന്ത്രിക്കുന്ന "അദൃശ്യ" ശക്തികള്‍ക്കും ഒരാളെ താറടിക്കണമെന്നു തോന്നിയാല്‍ എന്ത് വൃത്തികേടും ആഭാസവും ആ വ്യക്തിയെപ്പറ്റി എഴുതിനിറച്ച് അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ ഒരു മടിയുമില്ല. ഒരാള്‍ക്ക് മനസ്സാക്ഷിക്കുത്ത് ഉണ്ടാകണമെങ്കില്‍ മനസ് എന്നൊന്ന് ഉണ്ടാകണമല്ലോ. അതില്ലാത്തവര്‍ക്ക് എന്തുമാകാം എന്നതാണ് നില. "കുറ്റകൃത്യം" എന്ന പേര് ബോധപൂര്‍വം സ്വീകരിച്ച ആ പ്രസിദ്ധീകരണം അതേ ചെയ്യാറുള്ളൂ. പലരും ഈ പ്രസിദ്ധീകരണത്തെ അവഗണിക്കുകയാണ് പതിവ്. അപൂര്‍വം ചിലര്‍ നിയമത്തിന്റെ പരിരക്ഷതേടി കോടതിയെ സമീപിക്കാറുണ്ട്. പത്രാധിപര്‍ക്ക് ശിക്ഷയും ലഭിക്കാറുണ്ട്. എങ്കിലും പതിവ് വ്യക്തിഹത്യ നിര്‍ബാധം തുടരുകയാണ്. മാനംമര്യാദയായി ജീവിക്കുന്ന, സമൂഹത്തില്‍ നല്ല അംഗീകാരമുള്ള കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമകളെയാണ് ഈ പ്രസിദ്ധീകരണം പലപ്പോഴും താറടിച്ചു കാണിക്കാറുള്ളത്. ചിലരെ ഭീഷണിപ്പെടുത്തി ഒതുക്കിനിര്‍ത്താറുണ്ടെന്നും കേള്‍ക്കുന്നു. അതെന്തായാലും മാധ്യമസ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ രക്ഷപ്പെടാന്‍ അനുവദിക്കുന്നത് മനുഷ്യാവകാശത്തെ ചവിട്ടിമെതിക്കലാണ്.

കൊല്ലം, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കെതിരെ ഈ അശ്ളീല പ്രസിദ്ധീകരണം കളവായ കാര്യങ്ങള്‍ തെരഞ്ഞെടുപ്പിനുമുമ്പ് പ്രചരിപ്പിച്ചു എന്ന വിവരം സമൂഹത്തെയാകെ അസ്വസ്ഥമാക്കുന്നതാണ്. ഈ പ്രസിദ്ധീകരണം മുമ്പും പലതവണ പല വ്യക്തികള്‍ക്കുമെതിരെ ഇത്തരം ഹീനമായ വ്യക്തിഹത്യ നടത്തിയിട്ടുണ്ട്. തികച്ചും നിയമവിരുദ്ധമായ ഈ പ്രചാരണം തുടരാനുവദിച്ചുകൂടാ. പരാജയഭീതിപൂണ്ട കൊല്ലത്തെയും കണ്ണൂരിലെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയാണ് ഈ കടുംകൈ പ്രയോഗിച്ചതെന്നത് വ്യക്തമാണ്. മറ്റ് ചില മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ അസംബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച് ഈ പ്രസിദ്ധീകരണം വിതരണംചെയ്തു. തെരഞ്ഞെടുപ്പില്‍ വോട്ട് സമ്പാദിക്കാന്‍ ഇത്തരം നീചകൃത്യങ്ങള്‍ ചെയ്യാന്‍ ഒരു വ്യക്തിയെയും അനുവദിച്ചുകൂടാ. ഉത്തരവാദപ്പെട്ട അധികൃതര്‍ ഇത് കണ്ടില്ലെന്നു നടിക്കുന്ന പ്രവണത അവസാനിപ്പിക്കണം. അത്യന്തം മ്ലേച്ഛമായ ഈ പ്രചാരണം അവസാനിപ്പിക്കാനും വ്യക്തികളുടെ മനുഷ്യാവകാശം സംരക്ഷിക്കാനും ആവശ്യമായ കര്‍ശന നടപടി തെരഞ്ഞെടുപ്പു കമീഷന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

deshabhimani editorial 110414

No comments:

Post a Comment