Sunday, April 13, 2014

ഉമ്മന്‍ചാണ്ടിക്കെതിരെ മുരളീധരന്‍

യുഡിഎഫ് ഘടകകക്ഷികള്‍ പരസ്യമായ ആക്രമണം തുടങ്ങിയതിനുപിന്നാലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുപോരും സജീവമാകുന്നു. കെ കരുണാകരന്റെ രാജിയുടെ കാരണത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ പത്മജയ്ക്കുപിന്നാലെ കെ മുരളീധരനും പങ്കാളിയായി. ചാരക്കേസിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുരിശിലേറ്റിയതിനെതുടര്‍ന്നാണ് കരുണാകരന്‍ രാജിവച്ചതെന്ന് മുരളീധരന്‍ തുറന്നടിച്ചു. ചാരക്കേസിനെതുടര്‍ന്നല്ല കരുണാകരന് രാജിവയ്ക്കേണ്ടിവന്നതെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ മുരളീധരന്‍ തള്ളിക്കളഞ്ഞു. ചാരക്കേസ്തന്നെയാണ് കെ കരുണാകരന്റെ രാജിയിലേക്ക് നയിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു.

അതിനുമുമ്പ് കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിനെതുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേരിതിരിവുണ്ടായിരുന്നു. ഇത് ഗ്രൂപ്പിസം ശക്തമാക്കി. എന്നാല്‍, ചാരക്കേസിനെതുടര്‍ന്നാണ് യുഡിഎഫ് ഘടകകക്ഷികള്‍ കരുണാകരന്റെ രാജി ആവശ്യപ്പെടാന്‍ തുടങ്ങിയത്. അതോടെ ഹൈക്കമാന്‍ഡ് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചു. ചാരക്കേസ്വരെ ഹൈക്കമാന്‍ഡ് കരുണാകരനൊപ്പമായിരുന്നു. അന്ന് പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ നരസിംഹറാവു ഓരോ സംസ്ഥാനത്തും തനിക്കെതിരായി വരാന്‍ സാധ്യതയുള്ളവരെ ഓരോ കേസില്‍ കുടുക്കി പുറത്താക്കിക്കൊണ്ടിരുന്നു. ഹവാലക്കേസില്‍പ്പെടുത്തി മാധവറാവു സിന്ധ്യയെ ഒഴിവാക്കി. കരുണാകരന്റെ രാജിക്കുപിന്നിലും നരസിംഹറാവുവിന്റെ അജന്‍ഡയുണ്ടായിരുന്നു. ചാരക്കേസ് നരസിംഹറാവുവിന് കൈയില്‍ കിട്ടിയ ആയുധമായി- മുരളി പറഞ്ഞു.

കരുണാകരനെ താഴെയിറക്കാന്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ചാരക്കേസിനെ ഉപയോഗിച്ചെന്ന് ഐ വിഭാഗം നേരത്തെ ആരോപിച്ചിരുന്നു. കരുണാകരനെ താഴെയിറക്കാന്‍ ആന്റണി പ്രയോഗിച്ച തന്ത്രം ഉമ്മന്‍ചാണ്ടി പിന്നീട് ആന്റണിയെ താഴെയിറക്കാന്‍ ഉപയോഗിച്ചു. സോളാര്‍ അഴിമതിക്കേസില്‍ രാജി ആവശ്യപ്പെടുന്നവരെ അടക്കിനിര്‍ത്താനാണ് ചാരക്കേസ് കാരണമല്ല കരുണാകരന്‍ രാജിവച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഉമ്മന്‍ചാണ്ടി ഈ വിവാദത്തില്‍ കടിച്ചുതൂങ്ങിയാല്‍ കോണ്‍ഗ്രസിലെ എ-ഐ പോര് വീണ്ടും സജീവമാകും.

ഇടുക്കി സീറ്റിനെക്കുറിച്ച് സിറ്റിങ് എംപി പി ടി തോമസ് നടത്തിയ പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു തലവേദന. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കാതെ ബിഷപ്പടക്കമുള്ളവരുടെ സമ്മര്‍ദത്തിന് വഴങ്ങിയെന്നും അമേരിക്കന്‍ഫണ്ട് വാങ്ങുന്ന മാഫിയസംഘമടക്കം തന്റെ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നതിനുപിന്നില്‍ പ്രവര്‍ത്തിച്ചുവെന്നും തോമസ് തുറന്നടിച്ചു. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റടക്കം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന സൂചനയും നല്‍കി.

22ന് ചേരുന്ന കെപിസിസി നിര്‍വാഹകസമിതിയില്‍ സ്ഥാനാര്‍ഥിനിര്‍ണയമടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കുവരും. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഒളിയമ്പുമായി കെപിസിസി പ്രസിഡന്റ് വി എം സുധീരനും രംഗത്തെത്തിയിട്ടുണ്ട്. പി സി ജോര്‍ജും ആന്റോ ആന്റണിയും തമ്മിലുള്ള തര്‍ക്കത്തില്‍ കെ മുരളീധരന്‍ ജോര്‍ജിന്റെ പക്ഷംപിടിച്ചതും കോണ്‍ഗ്രസിനെ ബുദ്ധിമുട്ടിലാക്കി. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മുരളി പറഞ്ഞു. തര്‍ക്കത്തില്‍ ഇടപെടില്ലെന്നു പറഞ്ഞ് കെപിസിസി പ്രസിഡന്റ് മാറിനില്‍ക്കുകയാണ്. കോണ്‍ഗ്രസും യുഡിഎഫുമായുള്ള പ്രശ്നങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ രണ്ടുതട്ടിലാണ്. വരുംദിവസങ്ങളില്‍ യുഡിഎഫിലെ തര്‍ക്കവും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും ശക്തമാകാനാണ് സാധ്യത.

deshabhimani

No comments:

Post a Comment