Tuesday, April 1, 2014

സിബിഐ ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ അറിഞ്ഞിരുന്നു

ടി പി ചന്ദ്രശേഖരന്‍വധ ഗൂഢാലോചനക്കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ഏറ്റെടുക്കില്ലെന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സംസ്ഥാന ആഭ്യന്തര വകുപ്പിനെ ഒരാഴ്ച മുന്‍പേ അറിയിച്ചിരുന്നെന്ന് ചെന്നിത്തല വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം ഈ വാര്‍ത്ത പുറത്തുവിടാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതോടെ സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെട്ട കോണ്‍ഗ്രസ് ചന്ദ്രശേഖരന്‍ വധക്കേസ് ഉയര്‍ത്തിക്കാണിച്ച് സിപിഐ എമ്മിനേയും ഇടതുപക്ഷത്തേയും എതിര്‍ക്കാനാണ് ശ്രമിച്ചിരുന്നത്. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളായി ഒന്നും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത അവസ്ഥ സംസ്ഥാനത്ത് കോണ്‍ഗ്രസിനെയും യുഡിഎഫിനേയും പ്രതിരോധത്തിലാക്കിയിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

സംസ്ഥാന പൊലീസ് അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിച്ച ടി പി ചന്ദ്രശേഖരന്‍ കേസ് ഏറ്റെടുക്കേണ്ടതില്ലെന്നാണ് സിബിഐ നിലപാട്. വധഗൂഢാലോചന അന്വേഷിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയപ്രേരിതമായ ശുപാര്‍ശ സിബിഐ തള്ളി. അന്വേഷണ നടപടികള്‍ പൂര്‍ത്തീകരിച്ച് കോടതി വിധി പറഞ്ഞൊരു കേസ് ഇനി സിബിഐ ഏറ്റെടുക്കുന്നതില്‍ പ്രസക്തിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ തീരുമാനം. തങ്ങളുടെ തീരുമാനം കേന്ദ്ര പേഴ്സണല്‍ വകുപ്പിനെ അറിയിച്ചതായി സിബിഐ വക്താവ് കാഞ്ചന്‍പ്രസാദ് അറിയിച്ചു. സിബിഐ ഏറ്റെടുക്കാന്‍ തക്കവിധം ഒന്നും കേസില്‍ ഇല്ലെന്ന് പ്രാഥമിക വിലയിരുത്തലില്‍തന്നെ ബോധ്യപ്പെട്ടു. കൂടുതല്‍ കണ്ടെത്താന്‍ ഒന്നുമില്ല. കേസില്‍ അന്വേഷണവും വിചാരണയും പൂര്‍ത്തിയായി കോടതി ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു-കാഞ്ചന്‍പ്രസാദ് പറഞ്ഞു.

കേസ് രേഖകളും കോടതി ഉത്തരവും വിശദമായി പഠിച്ച ശേഷമാണ് സിബിഐയുടെ തീരുമാനം. കേസ് നീട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യമെടുക്കുന്നത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും സിബിഐക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണം ആവശ്യമായിരുന്നെങ്കില്‍ കേസ് തീര്‍പ്പുകല്‍പ്പിച്ച കോടതിതന്നെ അതിനുള്ള ഉത്തരവിടുമായിരുന്നു. അതില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരംമാത്രം കേസ് ഏറ്റെടുക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന ബോധ്യവും സിബിഐക്കുണ്ട്. കോടതി നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം രാഷ്ട്രീയ സമര്‍ദത്തെതുടര്‍ന്ന് ഗൂഢാലോചനയെന്ന പേരില്‍ വീണ്ടുമൊരു കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതാണ് സിബിഐയുടെ അന്വേഷണത്തിന് വിട്ടത്. കേസ് അന്വേഷിക്കാനാകില്ലെന്ന് കാണിച്ച് നേരത്തെതന്നെ സിബിഐ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ മറച്ചു വയ്ക്കുകയായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണംതന്നെ വ്യക്തമാക്കുന്നു.

യുഡിഎഫ്-ആര്‍എംപി ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ നാടകത്തിനൊടുവിലാണ് വധഗൂഢാലോചന കേസ് അന്വേഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സിബിഐയോട് ആവശ്യപ്പെട്ടത്. ചന്ദ്രശേഖരന്റെ ഭാര്യ രമ സെക്രട്ടറിയറ്റിനു മുന്നില്‍ നിരാഹാരം കിടക്കുകയും നാടകത്തിനൊടുവില്‍ സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിക്കുകയുമായിരുന്നു. സിബിഐ അന്വേഷണത്തിന് വിടാന്‍ നിയമപിന്‍ബലമില്ലെന്ന് എജി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിയമ വിരുദ്ധ നടപടികള്‍ വഴി അന്വേഷണത്തിനുള്ള കളമൊരുക്കി. കെപിസിസി എക്സിക്യൂട്ടീവ് അംഗമായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി അസഫലിയെക്കൊണ്ട് റിപ്പോര്‍ട്ട് തട്ടിക്കൂട്ടി ഉണ്ടാക്കി മന്ത്രിസഭാ യോഗത്തിനുള്ള ഫയലാക്കി. രമയുടെ രണ്ടുദിന നിരാഹാരത്തിനൊടുവില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കാനായിരുന്നു പരിപാടി. അതിനും നിയമപിന്‍ബലമുണ്ടാകില്ലെന്ന് ഡിജിപി പറഞ്ഞിരുന്നു. ഒടുവില്‍ സിബിഐ അന്വേഷണം തത്വത്തില്‍ അംഗീകരിച്ചുവെന്ന് പറഞ്ഞ് തടിതപ്പി.

രമ നല്‍കിയ ഒരു പഴയ പരാതിയുടെ പേരില്‍ എടച്ചേരി പൊലീസില്‍ പുതിയ കേസ് രജിസ്റ്റര്‍ചെയ്തു. ഇത് അന്വേഷിക്കാന്‍ വിശ്വസ്ത സംഘത്തെ നിയോഗിച്ചു. സിബിഐ അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് ഇവരില്‍നിന്ന് ഒരാഴ്ചയ്ക്കുള്ളില്‍ എഴുതിവാങ്ങി. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആവശ്യമാണ് സിബിഐ തള്ളിയത്. സാമാന്യമായ നിയമധാരണയോ ജനാധിപത്യ മര്യാദയോ ഉള്ള ആരും ചെയ്യാത്ത പ്രവൃത്തിയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തതെന്ന് സിബിഐതന്നെ ഇപ്പോള്‍ വ്യക്തമാക്കി. അതേസമയം, കേസ് സിബിഐതന്നെ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

deshabhimani

No comments:

Post a Comment