Tuesday, April 1, 2014

പരാമര്‍ശങ്ങളിലെ രണ്ടുവരിക്ക് മാത്രം സ്റ്റേ

കൊച്ചി: ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനെതിരായ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള വിധിയില്‍ വിധിയിലെ രണ്ട് വാചകങ്ങള്‍ മാത്രം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്റെ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.

വിധിയിലെ രണ്ട് വാചകങ്ങള്‍മാത്രം താല്‍ക്കാലികമായി സ്റ്റേ ചെയ്യാനാണ് ജ. കെ എം ജോസഫ്, ജ. എ ജയശങ്കരന്‍നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവനുസരിച്ച് നടപടികള്‍ തുടരാനും ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

കേസിന്റെ വിധിയിലെ എഴുപതാം ഖണ്ഡിക മൊത്തവും മറ്റ് പല പരാമര്‍ശങ്ങളും നീക്കണമെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടിപറയണമെന്ന പരാമര്‍ശവും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുള്ള ക്രിമിനല്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് സമഗ്രവും സ്വതന്ത്ര്യവുമായ അന്വേഷണം വേണമെന്നുമുള്ള പരാമര്‍ശവും മാത്രമാണ് കോടതി സ്റ്റേ ചെയ്തത്.

വിധിയില്‍ ഉടനീളം മുഖ്യമന്ത്രിക്കെതിരെയുള്ള മറ്റ് പരാമര്‍ശങ്ങളെല്ലാം നിലനില്‍ക്കുന്ന സ്ഥിതിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവോടെ ഉണ്ടായിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് ജുഡീഷ്യല്‍ മര്യാദ ലംഘിച്ചുവെന്നും അതിരുകടന്നുവെന്നുമടക്കമുള്ള കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരായ വിധിന്യായത്തിലെ പരാമര്‍ശങ്ങള്‍ അനാവശ്യവും നിര്‍ദയവും ആയിരുന്നുവെന്നും വിധിന്യായത്തിലെ 70-ാം ഖണ്ഡികയിലെ പരാമര്‍ശങ്ങളും കണ്ടെത്തലുകളും നീക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

"ഭൂമി തട്ടിപ്പുകാരുടെ ഗ്യാങ് ലീഡര്‍" എന്ന് സലിം രാജിനെയും "സരിത" കേസില്‍ ഉള്‍പ്പെട്ട് സസ്പെന്‍ഷനിലായ പേഴ്സണല്‍ സ്റ്റാഫ് അംഗം എന്ന് ജോപ്പനെയും പരാമര്‍ശിച്ച ഖണ്ഡികയാണിത്. നീക്കംചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്ന പരാമര്‍ശങ്ങളില്‍ സലിംരാജിനെതിരെ കോടതി നടത്തിയ "ഭൂമി തട്ടിപ്പുകാരുടെ ഗ്യാങ് ലീഡര്‍" എന്ന പരാമര്‍ശവും. ഉള്‍പ്പെട്ടിരുന്നു. "സരിത" കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പേഴ്സണല്‍ സ്റ്റാഫ് അംഗം സസ്പെന്‍ഷനിലാണെന്നും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ സംഭവങ്ങള്‍ വേറെയും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നതടക്കം കണ്ടെത്തലുകളും 70-ാം ഖണ്ഡികയിലുണ്ട്.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായി സത്യസന്ധരും വ്യക്തിത്വമുള്ളവരുമായവരെ നിയമിക്കുന്നതില്‍ വീഴ്ചവന്നിട്ടുണ്ട്. ജനോപകാരപ്രദമായ മാതൃകാസ്ഥാപനമാകണം മുഖ്യമന്ത്രിയുടെ ഓഫീസ്. പരാമര്‍ശങ്ങള്‍ മാറ്റിക്കിട്ടാന്‍ തിങ്കളാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് സര്‍ക്കാരിനുവേണ്ടി ഹര്‍ജിയില്‍ ആഭ്യന്തരസെക്രട്ടറി ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജി തിങ്കളാഴ്ചതന്നെ പരിഗണിക്കണമെന്ന നിലയിലാണ് സര്‍ക്കാര്‍ നീങ്ങിയതെങ്കിലും സാങ്കേതിക പിഴവുമൂലം ഫയല്‍ ചെയ്യാന്‍ വൈകി. ഇതുമൂലം ഹര്‍ജി ചൊവ്വാഴ്ചപരിഗണിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി "രണ്ടുവരി നീക്കിയ'' ക്രിമിനല്‍ താവളം

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ഉള്‍പ്പെട്ട ഗുരുതരമായ ക്രിമിനല്‍ നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ജ. ഹാരൂണ്‍ അല്‍ റഷീദ് കഴിഞ്ഞ ദിവസം സലിംരാജിനെതിരായ പരാതികളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് എങ്ങനെ ക്രിമിനലുകളുടെ കേന്ദ്രമായി എന്നു വിവരിക്കുന്ന വിധിയിലെ എഴുപതാം ഖണ്ഡികയിലെ രണ്ടുവരിയാണ് കോടതി തല്‍ ക്കാലം സ്റ്റേ ചെയ്തത്.

ആ രണ്ടുവരി നീക്കിയപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസ് അടിമുടി ക്രിമിനല്‍ താവളമാണെന്ന വിധിയിലെ പരാമര്‍ശം ബാക്കിയാകുന്നു. അതേപ്പറ്റി ഇനി കേസ് പരിഗണിച്ച് തീര്‍പ്പാക്കുന്നതുവരെ മുഖ്യമന്ത്രി "ജനങ്ങളോട് മറുപടി പറയേണ്ടെ"ന്നും അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും മാത്രം.

വിധിയിലെ എഴുപതാം ഖണ്ഡികയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ:

പരാതിക്കാരുടെ പരാതികളില്‍ പറയുന്നതുപോലെയുള്ള ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളിലേക്കാണ് റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിരല്‍ചൂണ്ടുന്നത്. പരാതിക്കാരുടെ ഉടമസ്ഥതയിലുള്ള ഭൂമി തട്ടിയെടുക്കാന്‍ എതിര്‍കക്ഷികള്‍ റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, കള്ളതണ്ടപ്പേരുള്ളതടക്കമുള്ള വ്യാജരേഖകള്‍ നിര്‍മിക്കുകയും രേഖകള്‍ തിരുത്തുകയും ചെയ്തതായി ഗുരുതരമായ ആരോപണങ്ങളുണ്ട്. തിരുവനന്തപുരം കൊച്ചി നഗരസഭകളിലായി രണ്ട് ജില്ലകളിലായി സ്ഥിതിചെയ്യുന്നതാണ് ഭൂമി. രണ്ടുകേസിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗണ്‍മാനാ (ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള)യ, ഭൂമാഫിയയുടെ ഗ്യാങ്ലീഡറായി വിശേഷിപ്പിക്കപ്പെടുന്ന സലിം രാജിനെതിരെയാണ് ആരോപണങ്ങള്‍ ഉയരുന്നത്. സലിംരാജും സഹായികളും ഭൂഉടമകളുമായി പലതവണ കൂടിക്കാഴ്ച നടത്തി ഭൂമി വിട്ടുനല്‍കാന്‍ സമ്മര്‍ദം ചെലുത്തിയതായി രേഖകളില്‍ നിന്ന് വ്യക്തമാണ്. പറയുന്നതനുസരിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കടകംപള്ളി കേസില്‍ ഗണ്‍മാന്‍ ഭീഷണിപ്പെടുത്തിയതായും പരാതികളുണ്ട്. എന്നുമാത്രമല്ല രണ്ടിടപാടിലും ഉള്‍പ്പെട്ടിരിക്കുന്നത് ഒരേ സംഘമാണ്. അവരുടെ പ്രവര്‍ത്തനരീതിയും ഒന്നുതന്നെയാണ്. 2013ല്‍ ഒരു തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ സലിംരാജിനെതിരെ ചേവായൂര്‍ പൊലീസ് (കോഴിക്കോട്) ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ചൂണ്ടിക്കാണിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ മറ്റ് പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ "സരിതാകേസ്" എന്നറിയപ്പെടുന്ന ഒരു വഞ്ചനാകേസില്‍ ഉള്‍പ്പെട്ടതായും പരാതിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമാനമായ കാരണങ്ങള്‍ക്ക് മറ്റൊരു പേഴ്സണല്‍ സ്റ്റാഫ് സസ്പെന്‍ഷനിലുമാണ്. ഈ സംഭവങ്ങളെല്ലാം കേരളത്തിലെ ജനങ്ങളില്‍ ഞെട്ടലും അത്ഭുതവും ഉണ്ടാക്കിയവയാണ്. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന ക്രിമിനല്‍ ചെയ്തികള്‍ പലതവണ ഈ കോടതിയുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. സ്വാഭാവമികവും ആര്‍ജവവുമുള്ളവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിക്കുന്ന കാര്യത്തില്‍ ഭരണത്തിന്റെ ഉന്നതതലത്തിലിരിക്കുന്നവര്‍ ജാഗ്രതയും ഉത്തരവാദിത്വവും കാട്ടിയിട്ടില്ലെന്നാണ് മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ കാണിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേരളത്തിലെ ജനങ്ങളെ സേവിക്കുന്ന ഒരു മാതൃകാസ്ഥാപനമാകേണ്ടതാണ്. ജനങ്ങളോട് മുഖ്യമന്ത്രി ഉത്തരം പറയേണ്ടവിധത്തില്‍ ഗൗരവമുള്ള ചോദ്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി ഈ സംഭവങ്ങള്‍ ഉയര്‍ത്തുന്നത.് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരുടെ സാന്നിധ്യമുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാലും ഈ കേസുകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലും ഈ കുറ്റകൃത്യങ്ങളിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ടതിനെപ്പറ്റി സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണ്.

deshabhimani

No comments:

Post a Comment