Tuesday, April 1, 2014

മുന്‍ നിലപാടുകള്‍ മാറ്റിയത് വീരേന്ദ്രകുമാര്‍ വിശദീകരിക്കണം: പിണറായി

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം പി വീരേന്ദ്രകുമാര്‍ മത്സരിക്കുന്നത് സ്വന്തം ഭൂതകാലത്തോടാണെന്നും അദ്ദേഹം മുമ്പ് ഉയര്‍ത്തിപ്പിടിച്ച നിലപാടുതന്നെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ശത്രുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്ന അദ്ദേഹമിപ്പോള്‍ കര്‍ഷകരെ രാജ്യത്തുനിന്ന് ഓടിക്കുന്നവരോടൊപ്പമാണ്. ആഗോളഭീമന്മാരായ മോണ്‍സാന്റോയെ ശക്തമായി എതിര്‍ത്ത അദ്ദേഹം അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ മിണ്ടുന്നില്ല. അദ്ദേഹം എഴുതിയ "ഗാട്ടും കാണാച്ചരടുകളും" എന്ന പുസ്തകത്തില്‍ ബഹുരാഷ്ട്രകുത്തകകള്‍ സര്‍ക്കാരുകളായി മാറുന്നു. സര്‍ക്കാരുകള്‍ വെറും ഏജന്‍സിയായും മാറുന്നുവെന്നും കാണാച്ചരടുകള്‍ കുറെക്കൂടി വ്യക്തമാവുകയാണെന്നും പറയുന്നു. നേരത്തേപറഞ്ഞതൊക്കെ സംഭവിക്കുമ്പോള്‍ അതിനൊപ്പം വീരേന്ദ്രകുമാറും ചേരുന്ന കാഴ്ചയാണ് കണ്ടത്. കര്‍ഷകരുടെയും സാധാരണക്കാരുടെയും ശത്രുപക്ഷരാഷ്ട്രീയക്കാരനായി അദ്ദേഹം മാറി. പ്ലാച്ചിമടയില്‍ കമ്പനിയുടെ ജലചൂഷണത്തിനെതിരെ എല്‍ഡിഎഫ് ഭരണകാലത്ത് സമരം നടത്തിയയാള്‍ എല്‍ഡിഎഫ് വിട്ടശേഷം പ്ലാച്ചിമടയിലെ പാവങ്ങള്‍ക്ക് 216 കോടി രൂപ നഷ്ടപരിഹാരം ലഭിക്കുന്ന ബില്‍ നിയമമാക്കാന്‍ എന്താണ് ചെയ്തത്. എല്‍ഡിഎഫിന്റെ ഭരണകാലത്ത് നിയമസഭ പാസാക്കി അംഗീകാരത്തിന് അയച്ച ബില്‍ രാഷ്ട്രപതിയുടെ മുന്നിലെത്തിക്കാന്‍ സര്‍ക്കാരിലോ യുഡിഎഫിലോ സമ്മര്‍ദം ചെലുത്താന്‍ സാധിക്കുമായിരുന്നില്ലേ. കൊക്കകോളകമ്പനിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാടുമാറ്റം ജനങ്ങളോട് വിശദീകരിക്കണ്ടതല്ലേ. വയനാട് കൃഷ്ണഗിരിയിലെ 14.45 ഏക്കര്‍ ഭൂമി ആരുടേതാണെന്ന് പറയേണ്ടതുണ്ടോ. അത് പാട്ടഭൂമിയോ കാണഭൂമിയോ അല്ല. പട്ടികവര്‍ഗത്തിന് നല്‍കാനുള്ളതാണെന്ന് ഉത്തരവുണ്ട്. ആദിവാസികള്‍ുവേണ്ടി നോട്ടിഫൈ ചെയ്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിയമസഭയില്‍ പറഞ്ഞത്. ഹൈക്കോടതിയില്‍നിന്ന് നിശിതമായ വിമര്‍ശവുമുണ്ടായി.

ഇതുസംബന്ധിച്ച് കക്ഷിചേരാന്‍ ആദിവാസികളെ വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത് എന്തിനായിരുന്നു. ആദിവാസികളുടെ മൗലികാവകാശത്തെപ്പോലും നിഷേധിച്ച കാപട്യം ആദിവാസികള്‍ തിരിച്ചറിയുന്നുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കഴിയുമെങ്കില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്തന്നെ നടപ്പാക്കണമെന്നും വാദിച്ച വീരേന്ദ്രകുമാര്‍ നിലപാടില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് പറയണം. കേരളത്തിലെ 25 ലക്ഷം കുടുംബങ്ങളുടെ വീടും കുടിയും നഷ്ടമാവുന്ന കാര്യത്തില്‍ സ്വന്തം നിലപാട് അദ്ദേഹം വ്യക്തമാക്കണം. പരിസ്ഥിതിലോലപ്രദേശത്ത് സ്ഥിതിചെയ്യുന്ന പാലക്കാട്ടെ മലബാര്‍ സിമന്റ്സ് പൂട്ടേണ്ടിവരില്ലേ. അതുവഴി നിരവധിപേരുടെ ജീവിതം വഴിമുട്ടില്ലേ. ഇതുസംബന്ധിച്ച് എന്താണ് പറയാനുള്ളത്. അദ്ദേഹം നയിക്കുന്ന മാധ്യമസ്ഥാപനത്തെ മൂലധനമാക്കി രാഷ്ട്രീയത്തില്‍ ഇടപെടുന്ന നേതാവാണ് വീരേന്ദ്രകുമാര്‍. ഏത് ജനാധിപത്യവിശ്വാസിക്കും യോജിക്കാത്ത ഫാസിസ്റ്റ് മുറയാണ് മാധ്യമസ്ഥാപനത്തില്‍ നടപ്പാക്കുന്നതെന്ന് അനുഭവിച്ചറിഞ്ഞവര്‍ പുറത്തുവന്നു പറയുകയാണ്. അതിന്റെ തെളിവാണ് സ്ഥാപനത്തില്‍നിന്ന് രാജിവച്ച മാധ്യമപ്രവര്‍ത്തകന്‍ ശ്രീജിത്ത്. എഴുത്തില്‍മാത്രമാണ് സോഷ്യലിസം. പ്രവൃത്തിയില്‍ മറ്റൊന്നാണ്. മാധ്യമരംഗത്തെ ശതകോടീശ്വരഭീമന്മാരുമായി ചേര്‍ന്നാണ് വീരേന്ദ്രകുമാര്‍ മാധ്യമപ്രവര്‍ത്തകരെ എതിര്‍ക്കുന്നത്.

നോട്ടീസ് നല്‍കാതെപോലും പിരിച്ചുവിടുന്നു. അതിവിദൂരസ്ഥലത്തേക്ക്, മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളിലേക്കും മലങ്കാടുകളിലേക്കും മാധ്യമപ്രവര്‍ത്തകരെ മാറ്റി. പൂര്‍ണഗര്‍ഭിണിയായ ലേഖികയെ പ്രാഥമികസൗകര്യമില്ലാത്ത സ്ഥലത്തേക്കുപോലും മാറ്റാന്‍ ശ്രമിച്ചു. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഏകസംഘടനയായ കെയുഡബ്ല്യുജെയുടെ ആഹ്വാനപ്രകരം ശമ്പളവര്‍ധന ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചതിനല്ലേ ഈ നടപടി. തൊഴിലാളിയെ തൊഴിലാളിയായി കാണണം. അല്ലാതെ അടിമകളായി കാണരുത്. അധികാരം തലയ്ക്കുപിടിച്ച മുതലാളിയായി തൊഴിലാളിയോട് ഇടപെടുന്നയാള്‍ വിജയിച്ചു വന്നാല്‍ ജനങ്ങളോടുള്ള സമീപനം എന്തായിരിക്കും. മോഡിയെ പ്രധാനമന്ത്രിയായി അവതരിപ്പിക്കാനുള്ള വീരേന്ദ്രകുമാറിന്റെ നീക്കം ബിജപിയെ പ്രീണിപ്പിച്ച് വോട്ട് നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. യുഡിഎഫിനെ പിന്തുണയ്ക്കുന്ന പത്രത്തില്‍ ഇതു സംബന്ധിച്ച് വാര്‍ത്തവന്നിട്ടുപോലും ഒരുനേതാവും പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്- പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment