Tuesday, April 1, 2014

ഹെര്‍ക്കുലിസ് വിമാനങ്ങളില്‍ വ്യാജ ഉപകരണം

ന്യൂഡല്‍ഹി: ഇന്ത്യ ഈയിടെ അമേരിക്കയില്‍നിന്ന് വാങ്ങിയ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങളിലെ ഡിസ്പ്ലേ സംവിധാനങ്ങളില്‍ കൃത്രിമ ഇലക്ട്രോണിക്സ് സാമഗ്രികള്‍. പറക്കലിനിടെ വിവരശേഖരം നഷ്ടപ്പെടുകയോ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുന്ന ഡിസ്പ്ലേ യൂണിറ്റുകളാണ് ഈ വിമാനങ്ങളിലുള്ളതെന്ന് അമേരിക്കയും കനഡയും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ വ്യോമസേന ഇക്കാര്യം 2012ല്‍ തന്നെ കണ്ടെത്തിയിരുന്നെങ്കിലും വിവരം ഇന്ത്യയെ അറിയിച്ചിരുന്നോ എന്ന് വ്യക്തമല്ല.

ആറ് സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങള്‍ 6000 കോടി രൂപയ്ക്ക് വാങ്ങാന്‍ 2010ലാണ് ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഇതിലൊന്നാണ് കഴിഞ്ഞദിവസം ഗ്വാളിയറില്‍ തകര്‍ന്ന് അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയത്. ഇത്തരം ആറ് വിമാനംകൂടി വാങ്ങാന്‍ തിരക്കിട്ട് നീക്കം നടക്കുകയാണ്. എ കെ ആന്റണിയുടെ കാലത്തെ മറ്റൊരു പ്രതിരോധ ഇടപാടുകൂടി ഇതോടെ വിവാദത്തിലേക്ക് നീങ്ങുകയാണ്. അമേരിക്കന്‍ സൈനികവ്യവസായ ശൃംഖലയിലെ പ്രമുഖ സ്വകാര്യകമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങളുടെ നിര്‍മാതാക്കള്‍. ഇവരുടെ സി-130 ജെ, സി-27 ജെ വിമാനങ്ങളില്‍ ചൈനയിലെ ഷെഹ്സെനില്‍ പ്രവര്‍ത്തിക്കുന്ന ഹോങ്ഡാര്‍ക്ക് ഇലക്ട്രോണിക് ട്രേഡ് കമ്പനിയില്‍ നിര്‍മിച്ച വ്യാജ ഇലക്ട്രോണിക് ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്. ഹോംഡാര്‍ക്കില്‍നിന്ന് അമേരിക്കന്‍ വിപണനകമ്പനിയായ ഗ്ലോബല്‍ ഐസിവഴിയാണ് ലോക്ഹീഡ് ഇത്തരം കൃത്രിമ സാമഗ്രികള്‍ വാങ്ങുന്നത്. ആഭ്യന്തര പരിശോധനയ്ക്കിടെ സി-130 ജെ, സി-27 ജെ വിമാനങ്ങളിലെ ഡിസ്പ്ലേ സംവിധാനങ്ങളില്‍ ഗുരുതര പിഴവുകള്‍ കണ്ടതോടെയാണ് അമേരിക്കന്‍ വ്യോമസേന 2010ല്‍ അന്വേഷണം ആരംഭിച്ചത്. 27 ശതമാനംവരെ പിഴവാണ് പ്രകടമായത്. തുടര്‍ന്ന് ചിപ്പുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയച്ചു. തീരെ ഗുണനിലവാരമില്ലാത്ത ഇലക്ട്രോണിക് സാമഗ്രികളാണ് ഉപയോഗിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ അമേരിക്കന്‍ വ്യോമസേന ഹോംഡാര്‍ക്ക് കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തി. അമേരിക്കന്‍ സെനറ്റിന്റെ പ്രതിരോധസമിതി നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്റെ പ്രതിരോധ സംഭരണ നടപടികളില്‍ ഒട്ടേറെ അപാകതയും കണ്ടെത്തി. തുടര്‍ന്ന് അമേരിക്കന്‍ വ്യോമസേന ലോക്ഹീഡ് മാര്‍ട്ടിന് ശക്തമായ താക്കീത് നല്‍കുകയും വ്യാജ ഇലക്ട്രോണിക് സംവിധാനങ്ങള്‍ മാറ്റിത്തരണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ലോക്ഹീഡ് ഉടന്‍തന്നെ ഇക്കാര്യം ചെയ്തുകൊടുക്കുകയുംചെയ്തു. എല്ലാ വിമാനങ്ങളിലും ഇത്തരം വ്യാജ ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും കുഴപ്പം കണ്ടെത്തിയ സംവിധാനങ്ങളിലെ പിഴവുകള്‍ പരിഹരിച്ചെന്നുമാണ് ലോക്ഹീഡ് മാര്‍ട്ടിന്റെ നിലപാട്. എന്നാല്‍, 84,000 വ്യാജ ഇലക്ട്രോണിക് സാമഗ്രികള്‍ ഹോങ് ഡാര്‍ക്കില്‍നിന്ന് അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നാണ് സെനറ്റിന്റെ അന്വേഷണത്തില്‍ തെളിഞ്ഞത്. മറ്റു രാജ്യങ്ങള്‍ക്ക് വിറ്റ വിമാനങ്ങളില്‍ ഇത്തരം വ്യാജ ഉപകരണങ്ങള്‍ കൂടുതലായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

15 രാജ്യങ്ങള്‍ക്കായി 250 സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങള്‍ ലോക്ഹീഡ് നല്‍കിയിട്ടുണ്ട്. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ചരക്ക്കടത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി സജ്ജീകരിച്ച വിമാനമാണ് സൂപ്പര്‍ ഹെര്‍ക്കുലിസ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പരിശീലനപറക്കലിനിടെയാണ് ഗ്വാളിയറില്‍ വിമാനം തകര്‍ന്നത്്. ഇപ്പോള്‍ ദുരന്തമുണ്ടായ സാഹചര്യത്തില്‍ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ കബളിപ്പിക്കപ്പെട്ടതാണോ,അതോ വിവരം ലഭിച്ചിട്ടും മറച്ചുപിടിച്ച് വിമാനങ്ങള്‍ വാങ്ങുകയാണോ എന്നത് പരിശോധിക്കേണ്ടിവരും. അമേരിക്കയിലെ ബോയിങ് കമ്പനി നിര്‍മിച്ച പി8എ- പൊസൈഡന്‍ വിമാനങ്ങളിലും ഹോങ്ഡാര്‍ക്ക് കമ്പനിയുടെ വ്യാജ ഇലക്ട്രോണിക് സാമഗ്രികള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് സെനറ്റ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സാജന്‍ എവുജിന്‍

No comments:

Post a Comment